ADVERTISEMENT

ആനച്ചന്തത്തിന്റെ അതിസുന്ദര കാഴ്ചകളൊരുക്കി കോന്നി ആനത്താവളം. വരകളിലും ശിൽപങ്ങളിലും തെളിയുന്ന ആനക്കലയുടെ സൗന്ദര്യമൊരുക്കുന്ന ‘എലഫന്റ് ആർട് ഗാലറി’യും അത്യാധുനിക രീതിയിൽ നവീകരിച്ച ആന മ്യൂസിയവും സന്ദർശകർക്കായി ഒരുങ്ങി. വനംവകുപ്പിന്റെ കീഴിൽ കോന്നിയിലുള്ള ആനത്താവളം സന്ദർശിക്കാനെത്തുന്നവർക്ക് ആനകളെ കാണാമെന്നു മാത്രമല്ല അവയെക്കുറിച്ചുള്ള അറിവുകളും മനസ്സിനുള്ളിലാക്കി മടങ്ങാം. 

 

∙ കരിവീര കലാകേന്ദ്രം

 

konni-trip1

ആന കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളും പുസ്തകങ്ങളും പരിചയപ്പെടുത്തുന്ന ചുവരെഴുത്തുകളാണ് ‘എലഫന്റ് ആർട് ഗാലറി’യിലേക്ക് വരവേൽക്കുന്നത്. മുറ്റത്തു സ്ഥാപിച്ചിരിക്കുന്ന, ഉടലാകെ കലയിലും വരയിലും പൊതിഞ്ഞ ‘ബബ്‌ലു’ എന്ന ആനയുടെ ശിൽപം ‘ഈ ആന കൊള്ളാമെന്ന്’ ആരെയും പറയിപ്പിക്കും.

 

ഗാലറിക്കുള്ളിൽ നിറഞ്ഞിരിക്കുന്ന നൂറോളം ആനശിൽപങ്ങൾ കണ്ണിനേകുന്നത് കാഴചയുടെ കരിവീരപ്പെരുമ. ചകിരി, ഗ്ലാസ്, തടി, മാർബിൾ, ചെമ്പ്, സ്റ്റീൽ, ഇരുമ്പ് എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ കടഞ്ഞെടുത്തിട്ടുള്ളവയാണ് ഇവ. ആർത്തുല്ലസിച്ച് വരിവരിയായി പോകുന്ന ആനക്കൂട്ടം (ഗ്ലാസ്), ചക്രങ്ങളിൽ നീങ്ങുന്ന ആന (പിത്തള), മാർബിളിലും കളിമണ്ണിലും നിർമിച്ച നിറച്ചാർത്തണിഞ്ഞ ആനകൾ, മരത്തിലിരിക്കുന്ന പക്ഷിയുടെ പശ്ചാത്തലത്തിൽ വിശ്രമിക്കുന്ന ആന എന്നിങ്ങനെ ആരുടെയും കണ്ണിലുടക്കുന്ന ആനശിൽപങ്ങൾ നീളുന്നു. വിവിധയിടങ്ങളിൽനിന്നായി വനംവകുപ്പ് അധികൃതർ എത്തിച്ചവയാണിവ.

 

konni-trip

കോന്നിയിലും പരിസരപ്രദേശങ്ങളിലുമായി ലളിതകലാ അക്കാദമിയിലെ കലാകാരൻമാർ സംഘടിപ്പിച്ച ‘കരി’ ചിത്രരചനാ ക്യാംപിൽ വരച്ച ആനച്ചിത്രങ്ങളും ഗാലറിക്ക് മിഴിവേകുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡൽഹിയിൽ സംഘടിപ്പിച്ച പ്രദർശനത്തിലെ മുഖ്യാകർഷണമായിരുന്ന ആനശിൽപങ്ങളാണ് മറ്റൊരു പ്രത്യേകത.

 

വൈറ്റ് എലഫന്റ്, ഗ്ലോബൽ വാമിങ്, അർബൻ എലഫന്റ്, വിനായകി, കലിംഗ, റാണി തുടങ്ങിയ പേരുകളിൽ വിവിധ കാലാകാരന്മാരുടെ 14 അത്യപൂർവ ആന സൃഷ്ടികളാണ് ഇവിടെയുള്ളത്. ഇരുമ്പ്, തടി, ഫൈബർ തുടങ്ങിയ മാധ്യമങ്ങളിലാണ് ഇവ തീർത്തിരിക്കുന്നത്. ആനത്താവളവളപ്പിലെ ജലസംഭരണിക്കു മുകളിലുള്ള ‘ഐരാവത് – ദ് പ്ലേഫുൾ വൺ’ എന്ന ആടിക്കളിക്കുന്ന വെള്ളയായും സമീപത്തുള്ള, ‘ഐ വാണ്ട് മൈ വിങ്സ് ബാക്’ എന്ന ആശയത്തിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്കൊണ്ടു തീർത്ത ആനയും മികച്ച കാഴ്ചകളാകുന്നു.

 

∙ അറിവിന്റെ ആനപ്പൊക്കം‌

 

ആനയെക്കുറിച്ചുള്ള അറിവുകളുടെ കൂടാരമാണ് ആന മ്യൂസിയം. കെട്ടിടത്തിന്റെ ഭിത്തികളെ അലങ്കരിച്ച് ആനക്കഥ പറയുന്ന ചുവർചിത്രങ്ങൾ ഗംഭീര കാഴ്ചയാണ്. ആനകളുടെ ഉൽപത്തിയും പരിണാമവും, ശീലങ്ങൾ, ഭക്ഷണം, മനുഷ്യനും ആനയും തമ്മിലുള്ള പോരാട്ടം എന്നിങ്ങനെ അനേകം വിവരങ്ങൾ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും സഹായത്തോടെ ഉള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെളിച്ച ക്രമീകരണത്തിന്റെ പ്രഭയിൽ തിളങ്ങുന്ന കൊമ്പനാനയുടെ അസ്ഥികൂടം അപൂർവകാഴ്ചയാണ്. മുട്ടുചിരട്ട, പല്ല്, തലയോട്, മേൽത്താടി – കീഴ്ത്താടിയെല്ലുകൾ എന്നിവ ആനയുടലിന്റെ അടിസ്ഥാനയറിവുകൾ നൽകുന്നു.

 

തോട്ടി, കോൽ, ചങ്ങല തുടങ്ങിയയവയും മുള്ളട, ആനക്കരണ്ടി തുടങ്ങി ആനകളെ പിടികൂടാനും മെരുക്കാനും ഉപയോഗിച്ചിരുന്ന ആയുധങ്ങളും മ്യൂസിയത്തിലുണ്ട്. അത്യപൂർവമായ ആന സ്റ്റാംപുകൾ, നാണയങ്ങൾ എന്നിവയെക്കുറിച്ചും അറിയാം. ദൃശ്യങ്ങളുടെ സഹായത്തോടെ വിവരങ്ങൾ നൽകുന്ന ഓഡിയോ വിഷ്വൽ കിയോസ്കുകളാണ് മറ്റൊരു പ്രത്യേകത. പക്ഷികൾ, മൃഗങ്ങൾ, ഉഭയജീവികൾ, ഷ്ഡ്പദങ്ങൾ എന്നിവയിൽപെടുന്ന 30 ജീവികളുടെ ശബ്ദങ്ങൾ ശ്രവിക്കാം. കുട്ടികൾക്ക് ആനയെക്കുറിച്ചുള്ള ലൈവ് ക്വിസ്സിലും പങ്കെടുക്കാം.

 

∙ അഞ്ചാനപ്പെരുമയിൽ

 

കഴിഞ്ഞ ദിവസമെത്തിയ കോടനാട് നീലകണ്ഠൻ അടക്കം 5 ആനകളാണ് കോന്നി ആനത്താവളത്തിൽ ഉള്ളത്. പിടിയാനകളായ നീന, പ്രിയദർശിനി, ഈവ, കൊമ്പനാന കൃഷ്ണ എന്നിവയാണ് മറ്റുള്ളവ. ഇവരുടെ കുറുമ്പുകൾ സന്ദർശകർക്ക് ആസ്വദിക്കാം. ആനത്താവളത്തെ കുങ്കിയാന പരിശീലന കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്.

 

നിർ‌ത്തിവച്ചിരിക്കുന്ന ആനസവാരി വീണ്ടും തുടങ്ങിയേക്കും. കാട്ടിൽനിന്നു കിട്ടുന്ന ആനകളെ മെരുക്കിയെടുക്കാനുള്ള ആനക്കൊട്ടിൽ, കുട്ടികൾക്കുള്ള പാർക്ക്, കന്റീൻ സൗകര്യം എന്നിവയുമുണ്ട്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം. വിവരങ്ങൾക്ക്: 9446426775, 04682247645.

 

English Summary: Elephant Training Centre in Konni 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com