ADVERTISEMENT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. ഇന്നു നമുക്ക് തൃശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറുള്ള പൈതൃക വിനോദകേന്ദ്രമായ മുസിരിൽ പോയാലോ? വേണമെങ്കിൽ നമുക്കും ഒരു ബോട്ട് യാത്രയാവാം. 

2006ൽ ആണ് കേരള സർക്കാർ മുസിരിസ് പൈതൃക പദ്ധതി ആവിഷ്കരിച്ചത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ താലൂക്കിലെയും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി. ഇതിൽ കൊടുങ്ങല്ലൂർ നഗരസഭ, നോർത്ത് പറവൂർ നഗരസഭാ പ്രദേശങ്ങൾ പെടും. എറണാകുളം ജില്ലയിലെ ചേന്ദമംഗലം, ചിറ്റാട്ടുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂർ ജില്ലയിലെ അഴീക്കോട്, മേത്തല പഞ്ചായത്തുകളുമാണ് മറ്റു ഭാഗങ്ങൾ. ചെറായ് ബീച്ചാണ് ഇവിടെ മുഖ്യ ആകർഷണം.

പെരിയാറിന്റെ (ആലുവപ്പുഴ) തീരത്ത് അറബികടലിലേക്ക് അഭിമുഖമായുണ്ടായിരുന്ന മുസിരിസ് ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യാപാര കേന്ദ്രവും സംസ്കാര കേന്ദ്രവുമായിരുന്നുവെന്ന് 2007–08 വർഷങ്ങളിൽ പുരാവസ്തുവകുപ്പ് ഇവിടെ നടത്തിയ ഉദ്ഘനനത്തിൽ തെളിഞ്ഞിരുന്നു. പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളായെല്ലാം മുസിരിസുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നതിന്റെ തെളിവ് ലഭിച്ചിരുന്നു. ചേരമാൻ മസ്ജിദ്, സെന്റ് തോമസ് തീർഥകേന്ദ്രം, കൊടുങ്ങല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഒട്ടേറെ വിശ്വാസികളും എത്തുന്നുണ്ട്.

മുസിരിസ് ചിൽഡ്രൻസ് പാർക്ക്

കോട്ടപ്പുറം ബോട്ട് ജെട്ടിക്കു സമീപം നഗരസഭ സ്ഥലത്താണു  മുസിരിസ് ചിൽഡ്രൻസ് പാർക്ക്. കുട്ടികൾക്ക് കളിയുപകരണങ്ങൾ ഇവിടെയുണ്ട്. ചരിത്രാന്വേഷികൾക്കൊപ്പം വിനോദ സഞ്ചാരികളും കുടുംബ സമേതം എത്തുന്നതിനാലാണു കുട്ടികൾക്കായി പാർക്ക് ഒരുക്കിയത്. മധ്യ കേരളത്തിലെ പ്രധാന ജലഗതാഗത മാർഗമായിരുന്ന പുഴയിലെ ഏറ്റവും തിരക്കേറിയ ഇടമായിരുന്നു ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന ബോട്ട് ജെട്ടി.  മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിന്റെ പ്രധാന കേന്ദ്രം കോട്ടപ്പുറം ആംഫി തിയറ്ററാണ്. 

മുസിരിസ് ബാക്ക് വാട്ടർ പാഡിൽ

ഫെബ്രുവരി ആദ്യം നടന്ന മുസിരിസ് ബാക്ക് വാട്ടർ പാഡിൽ 2021 വലിയ ആവേശമായിരുന്നു.  മുസിരിസ് ഹെറിറ്റേജ് പദ്ധതിയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സും ചേർന്നാണു പാഡിൽ ഒരുക്കിയത്. കോട്ടപ്പുറം ജെട്ടിയിലെ മുസിരിസ് ആംഫി തിയറ്ററിൽ നിന്നു തുടങ്ങിയ സാഹസിക യാത്ര 40 കിലോമീറ്റർ സഞ്ചരിച്ചു കൊച്ചി ബോൾഗാട്ടിയിലാണ് അവസാനിച്ചത്. 

കയാക്കിങ്, സപ്പിങ്, സെയിലിങ്, കനോയിങ് എന്നീ വാട്ടർ സ്പോർട്സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസിരിസ് പാഡിൽ. ഇന്ത്യയ്ക്കു അകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100 കായാക്കർമാർ പങ്കെടുത്തു. 20 വനിതാ കയാക്കർമാരും.

English Summary: Muziris Heritage Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com