ഇഡ്ഡലിപ്പിള്ളേച്ചന്റ ഇഡ്ഡലി കട

idly-kada-new
SHARE

മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ഇഡ്ഡലി. നല്ല പൂപോലെത്തെ ഇ‍ഡലിക്ക് മാവ് അരയ്ക്കുന്നതിലെ മാജിക് ഒന്നുവേറെ തന്നെയാണ്. മലയാളികള്‍ ഉൾപ്പടെയുള്ളവർ ഇഡ്ഡലി കോമ്പിനേഷനായി തിരഞ്ഞെടുക്കുന്നത് സാമ്പാറും തേങ്ങാചമ്മന്തിയുമാണ്. ഇതിൽ നിന്നും വേറിട്ട രൂചിക്കൂട്ടാണ് ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിൽ. ഇഡ്ഡലിപ്പിള്ളേച്ചനോ? കണ്ണു തുറിക്കണ്ട. സ്വാദൂറും ഇഡ്ഡലി ഉണ്ടാക്കി അവസാനം ഉടമസ്ഥന് നാട്ടുകാർ ഇഡ്ഡലിപ്പിള്ളേച്ചൻ എന്നു പേരു നൽകി. നാവിൽ അലിഞ്ഞുചേരുന്ന രുചിക്കായി പോകാം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി റവന്യൂ ടവറിനു സമീപമുള്ള ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലേക്ക്. ചങ്ങനാശ്ശേരിക്കാർക്ക് ഉൾപ്പടെ ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലെ വിഭവങ്ങളുടെ രുചി വർണിക്കാൻ നൂറുനാവാണ്.

അരച്ചെടുത്ത ഇഡ്ഡലി മാവ് തീരുന്നോടം വരെ ഇഡലി വിളമ്പുക എന്നതാണ്  ഇവിടുത്തെ രീതി. മിക്ക ഹോട്ടലുകളിലും ഇഡ്ഡലി ഒാഡർ ചെയ്യുമ്പോൾ കറിയായി ഒപ്പം എത്തുന്നത് സാമ്പാറും തേങ്ങാചമ്മന്തിയും, എന്നാല്‍ ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിൽ ഇഡ്ഡലിക്ക് ഒപ്പം നല്ല ഒന്നാന്തരം താറാവു മുട്ട റോസ്റ്റും തേങ്ങാചമ്മന്തിയും കടലക്കറിയുമാണ് ഒപ്പം ഉഴുന്നുവടയും ഉണ്ടാവും. മുട്ട റോസ്റ്റ് ഇതിനൊപ്പം ഓർഡർ ചെയ്യാവുന്നതാണ്. താറാവ് മുട്ട മാത്രമാണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുത്ത സവാളയിൽ ചേർക്കുന്ന കുരുമുളകിന്റ എരിവും മസാലകൂട്ടുകളുടെ മണവും മൂക്കിലേക്ക് തുളച്ചുകയറും. ഇഡ്ഡലി–  മുട്ട റോസ്റ്റ് കോമ്പിനേഷൻ സൂപ്പർ എന്നാണ് ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലെ ഇഡ്ഡലിയുടെയും മുട്ട റോസ്റ്റിന്റയും രുചി അറിഞ്ഞവർ പറയുന്നത്. വാചകത്തിലെ പ്രശംസയല്ല, മറിച്ച്  നാവിനെ രുചി ലഹരിയിലെത്തിച്ച വിഭവങ്ങളുടെ രുചി മാഹാത്മ്യം തന്നെ.

trissur-Uzhunnu-Vada
representative image

87 വർഷത്തെ സേവനപാരമ്പര്യമാണ് ഇഡ്ഡലിപ്പിള്ളേച്ചന്റ ഇഡ്ഡലി കടയ്ക്ക്. പിള്ളേച്ചന്റ കാലശേഷം മൂത്ത മകൻ ഒാമനക്കുട്ടനും ഭാര്യ ശശികലയും ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലെ പെരുമക്കും രുചിക്കും കോട്ടം വരുത്താതെ നല്ലരീതിയിൽ ഇഡ്ഡലിക്കട നടത്തിവരുന്നു. അച്ഛനിലൂടെ മക്കൾക്ക് പകർന്നു കിട്ടിയ കൈപുണ്യം നാട്ടുകാർക്ക് നന്നേ  പിടിച്ചു. അതോടെ ഇഡ്ഡലിയുടെ രുചിതേടിയെത്തുന്നവരിൽ അന്യദേശക്കാർ വരെയുണ്ട്. ശുചിത്വം, സ്വാദ്,  സേവനത്തിലെ എളിമ എന്നിവ മുഖമുദ്രകളാക്കി പ്രവര്‍ത്തിക്കുന്നതിനാൽ രുചി തേടിയെത്തുന്ന ഭക്ഷണപ്രേമികളുടെ എണ്ണത്തിലും കുറവില്ല.  ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലെ മറ്റൊരു പ്രധാന സവിശേഷത ഭക്ഷണത്തിനു ഇൗടാക്കുന്ന ന്യായമായ വിലയാണ്. ജിഎസ്ടി യുടെ വരവും ഇതുവരെ ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിലെ വിഭവങ്ങൾക്ക് ഇൗടാക്കിയിട്ടില്ല. സാധാരണക്കാർക്ക് ഉൾപ്പടെ മിതമായ നിരക്കിൽ സ്വാദൂറും ഭക്ഷണം കഴിക്കാന്‍ പറ്റിയ ഇടമാണ് ഇൗ ഇഡ്ഡലികട. വ്യത്യസ്തമായ രൂചികൾ തേടുന്നവർ തീർച്ചയായും ഇഡ്ഡലിപ്പിള്ളേച്ചന്റ കടയിൽ എത്തി വിഭവങ്ങളുടെ സ്വാദറിഞ്ഞ് മടങ്ങാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA