നൂറുചായ, നറുരുചി

chennI--tea-stall
SHARE

ചെന്നൈ ഡിവിഷൻ റെയിൽവേ മാനേജർ ഓഫിസിനു സമീപത്തെ ദിയ സ്നാക്സിലെത്തിയാൽ സ്റ്റൈൽ മന്നൻ രജനിയുടെ ആ മാസ് ഡയലോഗ് ഓർമ വരും -‘നാൻ ഒരു തടവൈ സൊന്നാ നൂറു തടവൈ സൊന്ന മാതിരി’. ഈ പെട്ടിക്കടയിലെ ഒരു ചായ ഗ്ലാസിൽ നിറയുന്നതു നൂറു രുചികൾ, ഗുണങ്ങൾ. നൂറു ചായക്കൂട്ടുകൾ വിളമ്പുന്ന ദിയ സ്റ്റോറിന്റെ ഉടമ പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണടി സ്വദേശി ആർ. രാജീവാണ്.

പുതിയതലമുറ മറന്നുപോയ ഒറ്റ മൂലികളെ ചായ ഗ്ലാസ് വഴി തിരികെ കൊണ്ടുവരാനാണു രാജീവിന്റെ ശ്രമം. ഇവിടെനിന്നു ചായ കുടിച്ചാൽ, നെയ്യപ്പം തിന്നാലെന്ന പോലെ രണ്ടാണു ഗുണം-ദാഹമകറ്റാം, അസുഖവും മാറ്റാം. ഒറ്റമൂലികളുടെ ഔഷധഗുണം പ്രചരിപ്പിക്കുന്നതിനുള്ള രാജീവിന്റെ ശ്രമം ചായക്കോപ്പയിലൊതുങ്ങുന്നില്ല. വീടുകളിൽ തോട്ടം വച്ചുപിടിപ്പിക്കാൻ താൽപര്യമുള്ളവർക്കു ഔഷധച്ചെടികൾ സൗജന്യമായി നൽകുന്നതും ഈ ലക്ഷ്യംവച്ചു തന്നെ. 

വേരുകൾ മുത്തശ്ശി വൈദ്യത്തിൽ 

chennai--tea--three



രാജീവ് ജനിച്ചു വളർന്ന മണ്ണടി ഉൾനാടൻ ഗ്രാമമാണ്. കൊച്ചുമക്കൾക്കു ജലദോഷവും പനിയും വന്നാൽ ആദ്യം വീടിനു സമീപത്തെ പറമ്പിലേക്കിറങ്ങുന്ന മുത്തശ്ശിമാരുടെ ദേശം. തുളസിയും ചെമ്പരത്തിയുമൊക്കെ അവിടെ മരുന്നുകളാണ്. എല്ലാ രോഗത്തിനും അവിടെ ഒറ്റമൂലികളുണ്ട്. ചെറുപ്പത്തിൽ മുത്തശ്ശിക്കൊപ്പം ഇത്തരം മരുന്നുകൾ തേടി പറമ്പിൽ ഒരുപാട് അലഞ്ഞിട്ടുണ്ട് രാജീവ്. ഔഷധക്കൂട്ടുകളുടെ ചായ ഒരുക്കാനുള്ള ആശയത്തിന് ആ ഓർമകളും പാഠങ്ങളുമാണു ഊർജം നൽകിയതെന്നു രാജീവ് പറയുന്നു. 

കുറിപ്പടി നൽകിയതു ഡോക്ടർമാർ 

പ്രീഡിഗ്രി പഠനം കഴിഞ്ഞ് ചെന്നൈയിലേക്കു വണ്ടി കയറിയതാണു രാജീവ്. അച്ഛനു നാട്ടിൽ ചായക്കടയായിരുന്നു. ചെയ്തു പരിചയമുള്ള ജോലിയെന്ന നിലയിൽ ഇവിടെ ചായക്കട തുടങ്ങി. മദ്രാസ് മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുൻവശത്തായിരുന്നു കട. ആയിരത്തിലധികം യുവ ഡോക്ടർമാർ താമസിക്കുന്ന സ്ഥലം. മറ്റുള്ളവരുടെയെല്ലാം രോഗങ്ങൾക്കു മരുന്നിന്റെ കുറിപ്പടിയെഴുതുന്ന ഡോക്ടർമാർ ചെറിയ അസുഖങ്ങൾക്കെല്ലാം ചായക്കടതേടി വരും. രോഗവും അതിനുള്ള മരുന്നും അവർ തന്നെ നിർദേശിക്കും.

നല്ല തൊണ്ട വേദന, തുളസിയിലയിട്ട ഒരു ചായ, വയറിനു സുഖമില്ല, നാരങ്ങ പിഴിഞ്ഞ് ഒരു ചായ- എന്ന രീതിയിലായിരിക്കും നിർദേശം. ഡോക്ടർമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ചായ തയാറാക്കുന്നതിനായി കിട്ടാവുന്ന ചെടികളും ഔഷധക്കൂട്ടുകളും രാജീവ് കടയിൽ ശേഖരിച്ചു തുടങ്ങി. നേരത്തെ കട നിന്നിരുന്ന സ്ഥലം ദന്താശുപത്രി വികസനത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തിയപ്പോഴാണു റെയിൽവേ ഡിവിഷൻ ഓഫിസിനു സമീപത്തേക്കു മാറിയത്. 

പിന്നീട് ഒറ്റമൂലി ചികിൽസ ചായയിലൂടെ എങ്ങനെയാവാമെന്നതിനെക്കുറിച്ചുള്ള പഠനമായി. സുഹൃത്തുക്കളായ ആയുർവേദ ഡോക്ടർമാർ സഹായിച്ചു. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു. ഇതിനിടെ കടയിൽ ചായ തേടിയെത്തുന്ന ചിലർതന്നെ പുതിയ കൂട്ടുകൾ നിർദേശിച്ചു. മുത്തശ്ശിയിൽനിന്നു ചെറുപ്പത്തിൽ ലഭിച്ച പാഠങ്ങൾ കൂടിയായപ്പോൾ നൂറു തരം ചായക്കൂട്ടുകളിലേക്കു വരെയെത്തി. കടയിലെത്തുന്നവർ പറയുന്നതുപോലെ മിശ്രിത കൂട്ടുകളിലും ചായ നൽകുന്നുണ്ട്. കഴിയുന്നത്ര ചെടികൾ തന്നെയാണു ചായ തയാറാക്കാൻ ഉപയോഗിക്കുന്നത്. ചെടികൾ ലഭ്യമല്ലാത്തതിനു പൊടികൾ ഉപയോഗിക്കും.

വിദേശത്തു മാത്രം ലഭിക്കുന്ന ചില കൂട്ടുകൾ ഓൺലൈൻ വഴി വാങ്ങും. ഹണി ടീ ഒഴികെ എല്ലാത്തരം ചായയ്ക്കും 10 രൂപയാണു വില. ഹണി ടീ മാത്രം 20 രൂപ. ഗുണം ഒരുപാടുണ്ടെങ്കിലും ഒരു ചായ ഊതിക്കുടിക്കുന്ന സമയം പോലും അതു തയാറാക്കാൻ ആവശ്യമില്ല-ചൂടുവെള്ളത്തിൽ അൽപം ചായപ്പൊടിയും ആവശ്യപ്പെടുന്ന കൂട്ടും ചേർത്താൽ ചായ റെഡി. ഇതിനൊപ്പം സ്നേഹത്തിന്റെ മധുരം കൂടി ചേർത്താണു ദിയ സ്നാക്സിൽ ചായ തയാറാക്കുന്നതെന്നു രാജീവ് പറയുന്നു.

മരുന്നു മണക്കുന്ന ചായ 

chennai-tea-drink



രാജീവിന്റെ കടയിൽ നിന്ന് ചായ കുടിച്ചാൽ ഒരു കാര്യം മനസ്സിലാകും-കേട്ടറിവിനെക്കാൾ വലുതാണു ചായയെന്ന സത്യം. കാരണം, ഇവിടെ ഓരോ ചായയും ഓരോ ഔഷധം കൂടിയാണ്. കടയുടെ മുകളിൽ നൂറുതരം ചായകളുടെ പേര് ബോർഡിൽ എഴുതിവച്ചിട്ടുണ്ട്. അതിന്റെ രുചിയും ഗുണവും അറിയാൻ പക്ഷേ, രുചിച്ചു നോക്കുക തന്നെ വേണം. 

മമ്മൂട്ടി ഊലോങ് കുടിക്കാറുണ്ടോ? 

നടൻ മമ്മൂട്ടി ഊലോങ് ചായ കുടിക്കാറുണ്ടോയെന്നറിയില്ല. എന്നാൽ, അത്തരം ചായ കുടിച്ചാലുണ്ടാകുന്ന ഗുണം മമ്മൂട്ടിയിൽ കാണാനുണ്ട്. ചർമം കണ്ടാൽ പ്രായമറിയില്ല എന്ന ഗുണം. ചൈനക്കാർ വർഷങ്ങളായി ഇതുപയോഗിക്കുന്നുണ്ട്. രാജീവിന്റെ ചായക്കടയിൽ ഊലോങ് ചായയ്ക്ക് ആവശ്യക്കാരേറെയാണ്. 

ചെറുപ്പം നിലനിർത്താൻ മാത്രമല്ല, രോഗപ്രതിരോധ ശേഷി കൂട്ടാനുമുണ്ട് ചായ. നിലവേമ്പാണു ഇതിലെ കൂട്ട്. വയറുവേദയ്ക്ക് അയമോദകം ചായ, ഞരമ്പ് അസുഖങ്ങൾക്കു അശ്വഗന്ധ ചായ, പ്രമേഹ രോഗികൾക്കു ജിംനിമ ചായ, ആവാരപ്പൂ ചായ എന്നിങ്ങനെ പോകുന്നു ചായ മരുന്നുകൾ. ഒരു ചായയിലും പഞ്ചസാര ഉപയോഗിക്കുന്നില്ല. ചക്കര, പനച്ചക്കര, തേൻ എന്നിവയാണു മധുരത്തിനായി ഉപയോഗിക്കുന്നത്. നമ്മുടെ സ്വന്തം ചെമ്പരത്തി ചേർത്തും ലഭിക്കും നല്ല ചൂടൻ ചായ. ഇതു ഹൃദയസംബന്ധമായ അസുഖങ്ങൾക്കു നല്ലതാണെന്നു രാജീവ് പറയുന്നു.

ശരീരമൊന്നു ചൂടാക്കാൻ മാത്രമല്ല തണുപ്പിക്കാനും ചായ കുടിച്ചാൽ മതി. ഇതിനായി താമരച്ചായയും നന്നാറി ചായയും ഇവിടെ റെഡി. ക്ഷീണം തോന്നിയാൽ ചെറുനാരങ്ങയും ഇഞ്ചിയും ചേർത്ത ചായ ഊതിക്കുടിച്ചാൽ മതി- ക്ഷീണം പമ്പ കടക്കും. ചോക്ലേറ്റ്, ഹണി, കൂവപ്പൊടി, ചക്കരംകൊല്ലി... പേരിൽ തന്നെ രുചി ഒളിച്ചിരിക്കുന്ന ചായകൾ നൂറു കൂട്ടം.

ട്വന്റി സിക്സ് ഇൻ വൺ 

ഉൽപന്നങ്ങളുടെ ഗുണമേന്മ പറയാൻ ടു ഇൻ വൺ എന്നൊക്കെ പരസ്യവാചകങ്ങളിൽ നിറയുന്ന കാലമാണിത്. അങ്ങനെയെങ്കിൽ, രാജീവിന്റെ ചായക്കടയിൽ ലഭിക്കുന്ന പനവെല്ലം കാപ്പിയെ ഇങ്ങിനെ വിശേഷിപ്പിക്കേണ്ടി വരും-ട്വന്റി സിക്സ് ഇൻ വൺ. 26 ഔഷധക്കൂട്ടുകളാണു ഒറ്റ കാപ്പിയിൽ ചേർത്തിക്കുന്നത്. പനഞ്ചക്കര തന്നെയാണു പ്രധാന വിഭവം. പനി, ശരീര വേദന, ജലദോഷം തുടങ്ങിയ ഒട്ടേറെ അസുഖങ്ങൾക്കുള്ള ഒറ്റമൂലിയാണിത്. 

നിങ്ങൾക്കും നിർമിക്കാം, ഔഷധത്തോട്ടം 

ഒറ്റമൂലികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനു തന്നാലാവുന്നതു ചെയ്യുന്നുണ്ട് രാജീവ്. വീടുകളിൽ ഔഷധത്തോട്ടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കു സൗജന്യമായി ചെടികൾ എത്തിച്ചു നൽകുന്നു. ഔഷധത്തോട്ട നിർമാണത്തിലും സഹായിക്കുന്നു. താൽപര്യമുള്ളവർക്ക് 95001 91311 എന്ന നമ്പറിൽ ബന്ധപ്പെടാം. രാജീവ് ചായയ്ക്കൊപ്പം പ്രചരിപ്പിക്കുന്നത് ഒരു സന്ദേശം കൂടിയാണ്. ഒറ്റമൂലി പോലെ ഫലപ്രദമായ, നല്ല കടുപ്പമുള്ളൊരു സന്ദേശം. എങ്കിൽ വരൂ, ചൂടോടെ ഒരു ചായ കുടിക്കാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA