ADVERTISEMENT

ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി, വിനോദ സഞ്ചാരികള്‍ക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തായ്‌ലന്‍ഡ് ഒരുങ്ങുന്നു. വിദേശ സന്ദർശകർക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റീന്‍ കഴിഞ്ഞ്, മൂന്ന് ദിവസത്തിന് ശേഷം ഹോട്ടൽ മുറികളിൽ നിന്ന് പുറത്തുപോകാൻ അനുവാദം നല്‍കും. ഇൗ നിർദ്ദേശം സെന്‍റര്‍ ഫോർ കോവിഡ് -19 സിറ്റ്വേഷന്‍ അഡ്മിനിസ്ട്രേഷൻ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ബാങ്കോക്കിൽ നിന്നുമുള്ള പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇങ്ങനെയുള്ള സഞ്ചാരികള്‍ക്ക് ഹോട്ടല്‍ പരിസരത്ത് തന്നെ നില്‍ക്കേണ്ടി വരും.

ടൂറിസം, കായിക മന്ത്രി ഫിഫാത് രത്‌ചകിത്പ്രകരൺ അധ്യക്ഷനായ യോഗത്തിലായിരുന്നു ക്വാറന്റീന്‍ ഇളവുകള്‍ ചർച്ച ചെയ്തത്. തായ്‌ലന്‍ഡിലെ ഫുക്കറ്റ്, ക്രാബി എന്നിവയടക്കമുള്ള അഞ്ച് മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരിക്കും ആദ്യം തന്നെ ഇത് നടപ്പാക്കുക. വാക്സിനേഷൻ എടുത്ത സന്ദർശകർക്ക്, ക്വാറന്റീന്‍ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശവും കോവിഡ് പാനൽ ചർച്ച ചെയ്യും. വാക്സിനേഷൻ സ്വീകരിച്ച സന്ദര്‍ശകരെ ജൂലൈ 1 മുതൽ നിർബന്ധിത ക്വാറന്റീനില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രാദേശിക ടൂറിസം സംഘടനകള്‍ ഇതിനോടകം തന്നെ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

അറിയാം

ഇന്നുവരെ തായ്‍‍ലൻഡിൽ ഏകദേശം കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ്‌ കണക്ക്. നിലവിലെ സാഹചര്യം അനുസരിച്ച്, ഇവിടേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ എല്ലാം തന്നെ പതിനാലു ദിവസത്തെ ക്വാറന്റീനില്‍ പോകേണ്ടതുണ്ട്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് ടൂറിസം ആവശ്യങ്ങൾക്കായി എത്തുമ്പോള്‍ വീസ നേടേണ്ടതില്ല. ഓരോ സന്ദർശനത്തിലും 45 ദിവസത്തിൽ കൂടാത്ത കാലയളവിൽ രാജ്യത്തിനകത്ത് തുടരാൻ അനുവാദമുണ്ട്. ഇങ്ങനെ യാത്രക്കാർക്ക് 45 ദിവസം വരെ താമസിക്കാം. യാത്രക്കാര്‍ എല്ലാവരും 100,000 ഡോളർ വരെയുള്ള കോവിഡ് -19 ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പോളിസിയുടെ തെളിവും യാത്ര പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധന റിപ്പോര്‍ട്ടും നല്‍കണം.

തെക്കുകിഴക്കൻ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള തായ്‌ലാന്റിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും ടൂറിസത്തില്‍ നിന്നാണ് വരുന്നത്. ഇവിടത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, ബുദ്ധവിഹാരങ്ങൾ, ചരിത്രസ്മാരകങ്ങൾ, ബീച്ചുകള്‍ തുടങ്ങിയവയെല്ലാം കാണാന്‍ പ്രതിവർഷം ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നു. യു.എസ്, മലേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരും കുറവല്ല. തലസ്ഥാന നഗരമായ ബാങ്കോക്കും നിശാപാര്‍ട്ടികളുടെ പറുദീസയായ പട്ടായയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

English Summary: Covid-19: Thailand plans to ease curbs for tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com