ADVERTISEMENT

കോവിഡ് ഒന്നൊതുങ്ങി വന്നപ്പോഴേക്കും നിരവധി യാത്രാ പ്രേമികള്‍ ആദ്യം പോയ സ്ഥലമായിരുന്നു ഗോവ. അടച്ചിട്ട മുറികളില്‍ നിന്നു കാറ്റും വെളിച്ചവും വെള്ളവും കണ്‍ നിറയെ കാഴ്ചകളുമുള്ള ഗോവയിലേക്ക് സന്തോഷത്തോടെ ആര്‍ത്തുല്ലസിച്ച് പോകാന്‍ വരട്ടെ, കോവിഡ് വീണ്ടും ഇരട്ടി ശക്തിയോടെ തിരിച്ചെത്തുന്ന ഈ സാഹചര്യത്തില്‍ ഗോവ മറ്റുള്ള സ്ഥലങ്ങളെ പോലെ തന്നെ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്.

അവിശ്വസനീയമായ വേഗത്തിലാണ് ഗോവയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ഈ ഏപ്രില്‍ പതിനാറുമുതൽ പുതിയ കേസുകളുടെ എണ്ണം കൂടുകയാണ്. പുതിയ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനാണ് ആലോചന, നിലവില്‍ ഇല്ല. എന്നാല്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കാനുമാണ് ഭരണകൂടം നൽകുന്ന നിർദേശം. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയി ഇതിനോടകം തന്നെ സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ഈ വരുന്ന ഏപ്രിൽ 23 ന് അഞ്ച് മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, യോഗങ്ങളുടെ വലുപ്പം പരിമിതപ്പെടുത്തണമെന്ന് മന്ത്രി രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനം തടയാൻ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഒരുവശത്ത് കൈക്കൊള്ളുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. മഹാരാഷ്ട്ര പോലെയുള്ള അയല്‍സംസ്ഥാനങ്ങളിലെ ലോക്ഡൗണും രാത്രി കർഫ്യൂകളും മൂലം ഇതിനോടകം തന്നെ സന്ദർശകരുടെ വരവ് കുറഞ്ഞതു കൊണ്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതെന്ന് ഔദ്യോഗിക വിശദീകരണം.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ കാരണം വിമാനയാത്രികരുടെ എണ്ണത്തില്‍ 70 ശതമാനവും റോഡിലൂടെ വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. ടൂറിസ്റ്റുകള്‍ പൊതുവേ നാട്ടുകാരുമായി സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍, ടൂറിസം മേഖലയില്‍ നിലവില്‍ കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. പുറത്തുനിന്നുള്ളവരെക്കാൾ, ഗോവന്‍ നിവാസികളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അവര്‍ എവിടെയും അനാവശ്യമായി ഒത്തുകൂടുന്നില്ല എന്ന് ഉറപ്പാക്കും.

സഞ്ചാരികള്‍ക്കായി, പരമാവധി എട്ട് മണിക്കൂർ സമയത്തിനുള്ളില്‍ ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് റിപ്പോർട്ടുകൾ നൽകുന്ന മൊബൈൽ ടെസ്റ്റിങ് വാനുകൾ അടുത്തയാഴ്ച അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗോവ.

English Summary: Goa Travel Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com