ADVERTISEMENT

ലോകത്തിലേക്ക് കൊറോണ വൈറസ് തുറന്നു വിട്ട ചൈനീസ് പ്രവിശ്യയായ ഹ്യുബെയിലുള്ള വുഹാനിലെങ്ങും ആഘോഷമാണ്. അങ്ങനെയൊരു മഹാമാരി ഉണ്ടായിരുന്ന അടയാളം പോലുമില്ല എവിടെയും. കഴിഞ്ഞയാഴ്ച തുടങ്ങിയ വുഹാന്‍ സ്ട്രോബെറി മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്ത ആളുകളുടെ തിരക്ക് മാത്രം മതി ഇക്കാര്യം അടിവരയിട്ടുറപ്പിക്കാന്‍. ആയിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കെടുക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. മാസ്കുകള്‍ പോലും ഇല്ലാതെയാണ് ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

എല്ലാ വര്‍ഷവും മേയ് ഒന്നാം തീയതി ആഘോഷിക്കുന്ന ചൈനയുടെ തൊഴിലാളി ദിനവുമായി ബന്ധപ്പെട്ടാണ് മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഈ സമയത്ത് അഞ്ചു ദിവസം നീളുന്ന അവധിയാണ് ചൈനയില്‍. അതുകൊണ്ടുതന്നെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വന്‍ തിരക്കായിരുന്നു ഇക്കുറി അനുഭവപ്പെട്ടത്. റസ്റ്റോറന്റുകളിലും മറ്റും കുടുംബസമേതം നിരവധി ആളുകള്‍ എത്തി.

ചൈനീസ് വന്‍മതിലിനരികിലുള്ള നടപ്പാത നിറയെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞത് കാണാമായിരുന്നു. അവധിക്കാലത്തിന് മുന്നോടിയായി, കഴിഞ്ഞ വെള്ളിയാഴ്ച രാജ്യമെമ്പാടുമുള്ള ട്രെയിൻ സ്റ്റേഷനുകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ അവധിക്കാലത്ത്‌ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ടിക്കറ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം ഓണ്‍ലൈന്‍ ആയായിരുന്നു ഈ സംഗീത പരിപാടി സംഘടിപ്പിച്ചത്. കൊറോണ വൈറസിനെ വരുതിയിലാക്കാന്‍ 2020-ല്‍ രണ്ടു മാസത്തോളം വുഹാനില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ കൊല്ലം നഷ്ടപ്പെട്ട അവസരം  ഇക്കുറി ആഘോഷിക്കാന്‍ സംഗീതപ്രേമികള്‍ മറന്നില്ല. 

ഈ വർഷം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം 11,000 ആയി പരിമിതപ്പെടുത്തിയിരുന്നു. ഓരോ സ്റ്റേജിനും മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിന്നിരുന്നു. ലോകത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൈന ഇപ്പോള്‍ ഏറെക്കുറെ കോവിഡ് മുക്തമായിക്കഴിഞ്ഞു. ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയത് 103,649 കോവിഡ്  കേസുകളാണ്. ഇതില്‍ 4,858 പേർ മരിച്ചു.

ഏപ്രിൽ 30 ന് ചൈനയിൽ 16 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി രാജ്യത്തെ ആരോഗ്യ അതോറിറ്റി മാധ്യമങ്ങളെ അറിയിച്ചിരുന്നു. 

 

English Summary: Wuhan Strawberry music festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com