ധ്രുവപ്രദേശത്തെ കാഴ്ചകള്‍ തേടുന്ന മലയാളി

polar-region1
SHARE

35 ഡിഗ്രിക്കു മുകളിൽ ചൂടുള്ള കേരളത്തിൽ നിന്നും ആർട്ടിക്കിലെ മൈനസ് എഴുപതു ഡിഗ്രിവരെ തണുപ്പിൽ ഗവേഷണം നടത്തുക. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ലോകമാധ്യമങ്ങളിൽ ചർച്ചയാകുക. സ്വപ്നസമാനമാണ് മുപ്പതുകാരനായ തിരുവനന്തപുരം സ്വദേശി വിഷ്ണു നന്ദന്റെ സാഹസിക പര്യടനം.

ധ്രുവജീവിതം

ചുറ്റും തണുത്തുറയുകയാണ്. ഒരിടത്ത് തന്നെ അൽപനേരം നിന്നാൽ ഞാനും െഎസ് പാളിയാകും. ജീവന്റെ തുടിപ്പായി അങ്ങിങ്ങ് ധ്രുവക്കരടികളും നീർനായ്ക്കളും. മഞ്ഞുപാളികളിലൂടെ മൂന്നും നാലും മാസം നടന്നായിരുന്നു ഗവേഷണം. കഴിഞ്ഞ നാലുവർഷത്തിനിടെ പത്തുതവണ  ആർട്ടിക്കിൽ പോയ വിഷ്ണുനന്ദന്റ വാക്കുകളാണിത്. കാനഡ, നോർവീജിയൻ, റഷ്യൻ, സൈബീരിയൻ, ഫിൻലന്റ് തുടങ്ങിയ രാജ്യങ്ങളുടെ ഭാഗമായ ആർട്ടിക്കുകളിൽ ഗവേഷണം നടത്തി. സൈബീരിയയോടു ചേർന്നാണ് ഏറ്റവുമധികം തണുപ്പുള്ള മേഖല. മൈനസ് എഴുപതു ഡിഗ്രിവരെ പോയിട്ടുണ്ട്.

വലിയ തയാറെടുപ്പുകളോടെയായിരുന്നു ഓരോ യാത്രയും. തണുപ്പിനെ നേരിടാൻ പ്രത്യേക ഭക്ഷണ ക്രമമുണ്ട്. ശരീരത്തിന് ചൂടുനൽകുന്ന ഉരുളക്കിഴങ്ങ്, ടർക്കി, ചിക്കൻ എന്നിവയായിരിക്കും പ്രധാനമായും കരുതുക. സാധാരണക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത വർണ വിസ്മയങ്ങളും ധ്രുവപ്രദേശം ഒരുക്കിവെക്കാറുണ്ട്. കണ്ണെത്താദൂരത്തോളമുള്ള വെള്ള മാത്രമല്ല. ശൈത്യകാലത്ത് ആകാശം പലനിറങ്ങളിൽ തിളങ്ങും. നോർതാൻ ലൈറ്റ്സ് എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്ന പേര്.

polar-region-vishnu-nandan

നാലുവർഷമായി ആർട്ടിക്കിൽ നടക്കുന്ന കാനഡയിലെ കാൽഗറി സർവകലാശാലയുടെ ഗവേഷണത്തിൽ  ഇന്ത്യക്കാരനായി വിഷ്ണു മാത്രമേയുള്ളു. സംഘത്തിന്റെ നേതൃത്വവും വിഷ്ണുവിന് തന്നെ. മറ്റുള്ളവർ കാനഡ, ഫ്രാൻസ്, അമേരിക്ക, ജർമ്മിനി എന്നിവിടങ്ങളിൽ നിന്നുള്ളവർ. മൂന്നോ നാലോ പേരുള്ള സംഘമായിരിക്കും ഓരോ തവണത്തേയും സാഹസികയാത്രയ്ക്ക്

ഗവേഷണവും ഫലവും

ആർട്ടിക്കിലേയും അന്റാർട്ടിക്കിലേയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനം ഉപഗ്രഹങ്ങൾ വഴിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐസിന്റെ കനം കണക്കാക്കിയാണ് ഗവേഷകർ നിഗമനങ്ങളിലേക്ക് എത്തിയിരുന്നത്. 2050ഓടെ ആർട്ടിക്കിലേയും അന്റാർട്ടിക്കിലേയും ഐസ് പാളികൾ ഉരുകി ഇല്ലാതാവുമെന്നാണ് ഇതുവരെയുള്ള ഗവേഷണഫലങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ വിഷ്ണു നന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഇതു തിരുത്തിയെഴുതി. 



ഐസ്പാളികളുടെ നാശത്തിന് 2050 വരെ കാത്തിരിക്കേണ്ടതില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തൽ. 2030ഓടുകൂടിത്തന്നെ അതു സംഭവിക്കും. ഉപഗ്രഹങ്ങൾ വഴിയുള്ള കണ്ടെത്തൽ തെറ്റായിരുന്നുവെന്നും വിഷ്ണുവും കൂട്ടരും സ്ഥാപിച്ചു. സമുദ്രത്തിലെ ഐസിൽ ഉപ്പുകൂടി ചേർന്നുള്ള കണക്കായിരുന്നു ഉപഗ്രങ്ങൾ നൽകിയിരുന്നത്. ഐസ്പാളികളുടെ കനം അഞ്ചുമീറ്റർ എന്ന് ഉപഗ്രഹം പറയുമ്പോൾ, ശരിക്കും മൂന്നു മീറ്റർ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.  ഐസ് വേഗത്തിൽ ഉരുകുന്തോറും ആർട്ടിക് സമുദ്രം സൂര്യന്റെ ചൂടുകാരണം വീണ്ടും ചൂടാകും. മറ്റു സമുദ്രങ്ങളേയും ഇത് ബാധിക്കും. ലോകത്തുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു ഭാഗം മാത്രമാണിത്. പക്ഷെ, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.

polar-region-vishnu-nandan-travell

ആർട്ടിക്കിലേയും അന്റാർട്ടിക്കിലേയും സമുദ്രങ്ങൾ ചൂടാകുമ്പോൾ അത് ശരിക്കും പ്രതിഫലിക്കുക ഇന്ത്യൻ , അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലാണ്. അവിടങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കും. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കേരളത്തിൽ അതിഭീകരമായചൂടാണ് രേഖപ്പെടുത്തുന്നത്. ശരാശരിയിലും മൂന്നും നാലും ഡിഗ്രി അധികം. ഇതിന്റെയെല്ലാം വേരന്വേഷിച്ചുപോയാൽ എത്തുക, ആർട്ടിക്കിലേയും അന്റാർട്ടിക്കിലേയും അതിവേഗത്തിലുള്ള മഞ്ഞുരുക്കം തന്നെയാണ്. മൺസൂണിന്റെ സമയക്രമത്തിലെ വ്യതിയാനങ്ങൾക്കും ഈ ചൂടു കാരണമാകുന്നു. 

ആർട്ടിക് സമുദ്രത്തിലേക്കുള്ള വഴി

അപ്രതീക്ഷിതമായിട്ടാണ് വിഷ്ണുനന്ദൻ ഗവേഷണമേഖലയിലേക്ക് വന്നത്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് കഴിഞ്ഞ് ഒരു ഐ.ടി കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. ചട്ടപ്പടി ജീവിതത്തിൽ നിന്നു മെച്ചമില്ലെന്നു  കണ്ടപ്പോൾ രാജിവെച്ചു. നെതർലന്റ്സിൽ ബിരുദാനന്തരബിരുദം. കാടുകളെപ്പറ്റിയായിരുന്നു ആദ്യ ഗവേഷണം. പിന്നെ മഞ്ഞുരുക്കങ്ങളെക്കുറിച്ചായി. കരയിലെ ഐസ്പാളികളെക്കുറിച്ചുള്ള പഠനം, സമുദ്രത്തിലെ ഐസ് പാളികളിലേക്ക് തിരിയുകയായിരുന്നു. 

ഗവേഷണാനന്തരം

ഗവേഷണത്തിന്റെ ഫലം ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ജിയോ ഫിസിക്കൽ യൂണിയന്റെ ജിയോ ഫിസിക്കൽ റിസേർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ്. പഠനഫലത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് റോയിട്ടേഴ്സ്, ന്യൂയോർക്ക് ടൈംസ് തുടങ്ങി നിരവധി മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകി. 2017ലെ കൽഗറി സർവകലാശാലയുടെ അക്കഡമിക് എക്സലൻസ് അവാർഡ് വിഷ്ണുനന്ദന് ലഭിച്ചു. ലോകമെമ്പാടുമുള്ള നിരവധി ഗവേഷകർ വിഷ്ണുവിന്റേയും കൂട്ടരുടേയും കണ്ടെത്തലുകൾ കൂടുതൽ മെച്ചമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.

വ്യക്തിപരം

തിരുവനന്തപുരം ജില്ലാകലക്ടറും പി.ആർ.ഡി ഡയറക്ടറും, കോളജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടറുമായിരുന്ന എം.നന്ദകുമാറിന്റെ മകനാണ് വിഷ്ണുനന്ദൻ. അമ്മ സഹകരണവകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീലത. സഹോദരി പാവർവതി നന്ദൻ കേരള ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥയാണ്. പീരുമേട് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൃഷ്ണനുണ്ണിയാണ് സഹോദരീഭർത്താവ്.

ലക്ഷ്യം

വരുന്ന ഏപ്രിൽ മുതൽ ജൂലൈ വരെ ആർട്ടിക്കിൽ അടുത്ത ഗവേഷണം നടക്കും. അതിനുശേഷം 2019 ഒക്ടോബർ മുതൽ 400 ദിവസം നീണ്ടുനിൽക്കുന്ന ഗവേഷണമാണ്. ഒരുപക്ഷെ, ആർട്ടിക്കിന്റെ ചരിത്രത്തിലെ ദൈർഘ്യമേറിയ പര്യവേഷണങ്ങളിൽ ഒന്ന്.

ഇ–മെയിൽ nandan87@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA