ADVERTISEMENT

കോവിഡിനു മുന്‍പ് സഞ്ചാരികളുടെ സ്വപ്ന യാത്രാ ഡെസ്റ്റിനേഷനായിരുന്നു ബാലിദ്വീപ്‌. ലോകമെങ്ങു നിന്നുമുള്ള യാത്രക്കാര്‍ ഇവിടേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയാണ് 'ദൈവത്തിന്‍റെ ദ്വീപ്' ഇപ്പോള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ഹോട്ടല്‍ നിരക്കുകളില്‍ ഉണ്ടായിട്ടുള്ള വന്‍ ഇടിവ്.

ഇപ്പോള്‍ ഒരു ദിവസത്തേക്ക് വെറും  £9 അതായത് ഇന്ത്യന്‍ രൂപ ഏകദേശം 888 മുതല്‍ മുകളിലേക്കാണ് ഹോട്ടല്‍ റൂമുകള്‍ നല്‍കുന്നത്. കോവിഡിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ, ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന ഭൂരിപക്ഷം ആളുകളുടെയും വരുമാനം ഇല്ലാതാവുകയും സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കായി ബാലിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറന്നിട്ടുണ്ട്.

രാജ്യത്തുടനീളം കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സെപ്റ്റംബറിൽ അതിർത്തികൾ വീണ്ടും തുറക്കാനുള്ള ശ്രമം ബാലിദ്വീപ്‌ ഉപേക്ഷിച്ചിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്ക് എത്താനാവാത്ത സാഹചര്യത്തില്‍ വില കുറഞ്ഞ താമസ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്തോനേഷ്യൻ സഞ്ചാരികളെ ആകര്‍ഷിക്കാം എന്ന കണക്കു കൂട്ടലിലാണ് ഹോട്ടലുകള്‍ നിരക്ക് കുത്തനെ കുറച്ചത്.

മിക്ക ഹോട്ടലുകളും പകുതിയോളം നിരക്ക് കുറച്ചിട്ടുണ്ട്. വെറും 888 രൂപ നിരക്കിലാണ് ഇപ്പോള്‍ മുറികൾ നല്‍കുന്നതെന്നും 26 രൂപ മുതല്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഉബുഡിലെ യോഗ അമേർതം റിട്രീറ്റ് ആൻഡ് റിസോർട്ട് പറയുന്നു. കൂടാതെ, പ്രതിമാസ നിരക്കിലും വാര്‍ഷിക നിരക്കിലുമെല്ലാം ഹോട്ടല്‍ റൂമുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ നിരക്കിനേക്കാള്‍ അന്‍പതു ശതമാനം മുതല്‍ കിഴിവാണ് ഇത്തരം ഓഫറുകളിലൂടെ നല്‍കുന്നത്.

ബാലിയുടെ ദേശീയവരുമാനത്തിന്‍റെ ഏറിയ പങ്കും ലഭിക്കുന്നത് ടൂറിസത്തില്‍ നിന്നാണ്.  ബാദൻ പുസാറ്റ് സ്റ്റാറ്റിസ്റ്റിക് പ്രൊവിൻസി ബാലിയുടെ വാർഷിക ടൂറിസം വികസന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2019- ൽ ബാലിയിലേക്കുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 3.6 ശതമാനം വർധിച്ച് 6.3 ദശലക്ഷമായിരുന്നു.

English Summary: Bali Hotels Selling Rooms Cheap In Desperate Bid To Attract Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com