ADVERTISEMENT

സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, അല്‍പ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍പ്പോയി ഉദയവും അസ്തമയവുമെല്ലാം കാണുക എന്നത് എക്കാലത്തും നിലനില്‍ക്കുന്ന ഒരു അനുഭൂതിയാണ്. അപ്പോള്‍ മലഞ്ചെരിവില്‍, ചില്ലു ചുവരുകളുള്ള ഒരു മുറിക്കുള്ളില്‍ കിടന്നുകൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. അത്തരമൊരു അമൂല്യമനോഹരമായ അനുഭവമാണ് പെറുവിലെ കുസ്കോയിലെ സേക്രഡ് വാലിയില്‍ ഉള്ള നാച്ചുറ വൈവ് സ്കൈലോഡ്ജ് ഒരുക്കുന്നത്.

കുന്നിന്‍ ചെരിവില്‍, നാന്നൂറടി ഉയരത്തില്‍ നിര്‍മിച്ച 'മുറി'യാണ് ഇവിടുത്തെ ആകര്‍ഷണം. ചുറ്റും സുതാര്യമായ ചുവരുകളോട് കൂടിയ, കുമിള പോലെയുള്ള ഈ മുറിയില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള താഴ്‌‌‌‌വരയുടെ മനോഹരമായ കാഴ്ചകള്‍ കാണാം. രാത്രി സമയമാണ് ഏറ്റവും മനോഹരം. ആകാശം നിറയെ നക്ഷത്രങ്ങളുള്ള ഒരു രാത്രി ഇവിടെ താമസിച്ചാല്‍ മറ്റൊന്നിനും പകരം വയ്ക്കാനാവാത്തത്ര മനോഹരമായ ഒരു അനുഭവമായിരിക്കും അത്.

എട്ടു പേരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മൂന്ന് ലക്ഷ്വറി ഇരിപ്പിടമാണ് ആണ് നാച്ചുറ വൈവ് സ്കൈലോഡ്ജില്‍ ഉള്ളത്. വെതര്‍ റെസിസ്റ്റന്‍റ് പോളികാര്‍ബണേറ്റ്, എയ്റോസ്പേസ് അലുമിനിയം എന്നിവ ഉപയോഗിച്ചാണ് ഈ മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ മുറിക്കുള്ളിലും ഫര്‍ണിഷ് ചെയ്ത ഡൈനിങ്ങ്‌ ഏറിയ, നാലു ബെഡുകള്‍, ഒരു സ്വകാര്യ ബാത്ത്റൂം എന്നിവയുണ്ട്. 

ഒരു രാത്രിക്ക്  ഏകദേശം 20000 രൂപയാണ് വാടക നിരക്ക്. പ്രഭാതഭക്ഷണവും വൈനിനൊപ്പമുള്ള ഡിന്നറും താമസക്കാര്‍ക്ക് ഇതിനൊപ്പം ലഭിക്കും. താമസം കഴിഞ്ഞ് താഴെയെത്താനായി സിപ് ലൈന്‍ സൗകര്യമുണ്ട്. കൂടാതെ താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ മുറികളോടനുബന്ധിച്ചും സുരക്ഷാ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതിനാല്‍ ഉയരം അത്ര മുന്‍പരിചയമില്ലാത്തവര്‍ക്കും ധൈര്യമായി ഇതില്‍ താമസിക്കാം.

കുസ്കോയിലെ ഒല്ലന്റടാംബോയിൽ നിന്ന് 10 മിനിറ്റ് അകലെയായാണ് നാച്ചുറ വൈവ് സ്കൈലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്താനായി 600 അടി ഉയരത്തിലുള്ള വിയ ഫെറാറ്റ റൂട്ടിലൂടെയാണ് യാത്ര ചെയ്യേണ്ടത്. അല്‍പ്പം കൂടി സാഹസികത വേണം എന്നുണ്ടെങ്കില്‍ സിപ് ലൈന്‍ യാത്ര തിരഞ്ഞെടുക്കാം.

English Summary: Skylodge Adventure Suites Peru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com