ADVERTISEMENT

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തര വിമാനങ്ങള്‍ക്കുള്ളില്‍ ഭക്ഷണങ്ങളും പാനീയങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് തായ്‌ലന്‍ഡ്. വിമാനത്തിനുള്ളിലെ മാസികകളും പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. 

കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ കോവിഡ് അണുബാധകള്‍ 7,841 എണ്ണവും 67 മരണവുമാണ് തായ്‌ലന്‍ഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  കോവിഡ് ബാധിച്ച് വെള്ളിയാഴ്ച രണ്ടു പേര്‍ കൂടി മരണപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് പുതിയ കേസുകളിൽ ഭൂരിഭാഗവും പ്രാദേശികമായി പടര്‍ന്നതാണ്, രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ ആറു പേര്‍ മാത്രമാണ് വിദേശത്തു നിന്നും എത്തിച്ചേര്‍ന്നവര്‍. അതുകൊണ്ടുതന്നെ രാജ്യത്തിനുള്ളില്‍ ഇനിയും രോഗം പടരാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണ്‌ എന്ന തിരിച്ചറിവിന്‍റെ ഭാഗമായാണ് പുതിയ നീക്കം. 

പുതിയ നിയമമനുസരിച്ച്, വിതരണം ചെയ്യുന്നതോ യാത്രക്കാര്‍ സ്വന്തമായി കൊണ്ടുവരുന്നതോ ആയ യാതൊരുവിധ ഭക്ഷണ പാനീയങ്ങളും വിമാനത്തിനുള്ളില്‍ അനുവദനീയമല്ല. പുസ്തകങ്ങളും മാസികകളും യാത്രക്കാര്‍ സ്വന്തമായി കൊണ്ടുവരുന്നതാണെങ്കില്‍ മാത്രം ഉപയോഗിക്കാം. ആഭ്യന്തര ഫ്ലൈറ്റുകളുടെ ഓരോ സ്റ്റോപ്പിനുശേഷവുമുള്ള ക്ലീനിംഗ് സമയം വളരെ കുറവാണ്. അതിനാൽ, പുസ്തകങ്ങള്‍ ബോർഡിൽ ഉണ്ടായിരിക്കുന്നതും മറ്റും വൈറസ് പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് ഡയറക്ടർ ജനറൽ ചുള സുക്മാനോപ് പറഞ്ഞു.

പുതിയ ചട്ടങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് അറിയിച്ചു. നേരത്തെ, 2020 ഏപ്രിൽ 26 മുതൽ ഓഗസ്റ്റ് 31 വരെയുള്ള സമയത്തും ഇൻ-ഫ്ലൈറ്റ് ഭക്ഷണ പാനീയ സേവനങ്ങൾക്ക് തായ്‌ലന്‍ഡ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ 31 മുതല്‍ക്കാണ് ഇപ്പോഴുള്ള പുതിയ നടപടികള്‍ നിലവില്‍ വന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.

ആഭ്യന്തര വിമാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍

1. ഭക്ഷണപാനീയങ്ങളുടെ ഇൻ-ഫ്ലൈറ്റ് ഉപഭോഗം താൽക്കാലികമായി നിർത്തിവയ്ക്കും. കുടിവെള്ളം പോലെയുള്ള അടിയന്തിര സാഹചര്യം  ഉണ്ടെങ്കിൽ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാം.

2. സുരക്ഷ സംബന്ധിച്ച രേഖകളോ മെറ്റീരിയലുകളോ ഒഴികെയുള്ള പത്രങ്ങൾ‌, മാസികകൾ‌ അല്ലെങ്കിൽ‌ പരസ്യ ലഘുലേഖകൾ‌ പോലുള്ളവ താൽ‌ക്കാലികമായി നിർത്തിവയ്‌ക്കും.

3. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസി പുറപ്പെടുവിക്കുന്ന നടപടികൾ, മാർഗ്ഗനിർദ്ദേശങ്ങൾ അല്ലെങ്കിൽ ചട്ടങ്ങൾ എന്നിവയെല്ലാം എയർ ഓപ്പറേറ്റർമാർ പാലിക്കുന്നതാണ്.

കൊറോണ വൈറസിന്‍റെ പുതിയ തരംഗത്തെ നിയന്ത്രിക്കാനുള്ള നടപടികൾ കർശനമാക്കിയതിനാൽ തായ് തലസ്ഥാനമായ ബാങ്കോക്ക് പുതുവത്സര അവധി കഴിഞ്ഞ് രണ്ടാഴ്ചത്തേക്ക് എല്ലാ സ്കൂളുകളും അടച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച തായ്‌ലൻഡിൽ 279 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും ബാങ്കോക്കിന് തെക്ക് സമൂത് സഖോൺ പ്രവിശ്യയിലെ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്തും കിഴക്കൻ പ്രവിശ്യയായ റയോങിലെ അനധികൃത ചൂതാട്ടകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രദേശത്തുമാണ്.

 

English Summay: Thailand bans food and drinks magazines on domestic flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com