ADVERTISEMENT

പാമ്പുകളോട് പലര്‍ക്കും പലതാണ് വികാരം; ചിലര്‍ക്ക് ഇഷ്ടം, ചിലര്‍ക്ക് വെറുപ്പ്. ചെറിയൊരു അരണ വഴിയേ പോയാല്‍ പോലും 'അയ്യോ പാമ്പേ...' എന്ന് അലറി വിളിച്ചു കൊണ്ടു കണ്ടം വഴി റോക്കറ്റിനെ വെല്ലുന്ന വേഗത്തില്‍ ഓടിപ്പോകുന്നവരും ധാരാളമുണ്ട്! എന്നാല്‍ പാമ്പിനെക്കൊണ്ട് ഇതുവരെ ആരും ചിന്തിക്കാത്ത ഒരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് ഈജിപ്തിലെ ഒരു സ്പാ. ഇവിടെ വരുന്നവര്‍ക്ക് സ്പെഷലായി നല്‍കുന്ന സേവനങ്ങളില്‍ ഒന്നാണ് പാമ്പിനെ ദേഹത്ത് ഇഴയാന്‍ വിടുന്ന പ്രത്യേക തരം മസാജ്!

ഈജിപ്തിലെ കെയ്റോയിലാണ് ഈ സ്പാ. വിഷമില്ലാത്ത പാമ്പുകളെ ദേഹത്ത് വച്ച് ഒപ്പം വിവിധ തരത്തിലുള്ള ഓയിലും ഉപയോഗിച്ചാണ് മസാജ്. അര മണിക്കൂര്‍ വീതമുള്ള സെഷനുകള്‍ ശരീരവേദനയുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുമെന്ന് സ്പായുടെ ഉടമ സഫ്വാദ് സെഡ്കി പറയുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും  ഇവിടേക്ക് നിരവധി ആളുകളാണ് പാമ്പ് മസാജ് ചെയ്യാൻ എത്തുന്നത്.

പാമ്പ് മസാജിന് ശാരീരികമായി മാത്രമല്ല, മാനസികമായുമുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് സെഡ്കി പറയുന്നു. “രക്തചംക്രമണവും മാനസിക ഉത്തേജനവും മെച്ചപ്പെടുത്തുക എന്നതാണ് ശാരീരികമായി ലഭിക്കുന്ന ഗുണം. ആത്മവിശ്വാസം വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമെല്ലാം ആളുകളെ സഹായിക്കുന്ന ഹാപ്പി ഹോർമോണായ എൻ‌ഡോർഫിനുകൾ പുറത്തു വിടാന്‍ തലച്ചോറിനെ സഹായിക്കുന്നു എന്നതാണ് ഇതുകൊണ്ട് മാനസികമായി ലഭിക്കുന്ന ഗുണം." റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സെഡ്കി വിശദീകരിക്കുന്നു.

എന്തിനാണ് പാമ്പുകളെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് എന്നാണു പലര്‍ക്കും ആദ്യം തന്നെ മനസ്സിലേക്ക് വരുന്ന സംശയം. എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ച് വീണ്ടും പാമ്പ് മസാജിനായി എത്തുന്നവരാണ് കൂടുതല്‍ പേരുമെന്ന് സെഡ്കി.

ഏഷ്യയിൽ വളരെക്കാലമായി പാമ്പു മസാജുകൾ പ്രചാരത്തിലുണ്ട്. ഇപ്പോഴാകട്ടെ, ബ്രസീൽ, റഷ്യ, ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇത് ട്രെന്‍ഡാവുകയാണ്.

മസാജിനായി ആദ്യം ആളിനെ കമിഴ്ത്തിക്കിടത്തി എണ്ണ തേച്ചു പിടിപ്പിക്കും. എന്നിട്ട് പാമ്പുകളെ ആ ഭാഗത്ത് ഇഴയാന്‍ വിടും. ചെറിയ പാമ്പിനെ മുതല്‍ പെരുമ്പാമ്പുകളെ വരെ ഇങ്ങനെ ദേഹത്തിടും. ആദ്യം മസാജിങ് സൗജന്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു മസാജ് സെഷന് 100 ഈജിപ്ഷ്യന്‍ പൗണ്ട് അഥവാ ഏകദേശം 466 ഇന്ത്യന്‍ രൂപയോളം ഫീസായി ഈടാക്കുന്നുണ്ട്.

എന്നാൽ പാമ്പുകളെ ഈ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെ മൃഗസ്നേഹികൾ ശബ്ദമുയര്‍ത്തുന്നുണ്ട്. സ്പാകളില്‍ 'തൊഴിലാളി'കളായി ഉപയോഗിക്കപ്പെടുന്ന പാമ്പുകള്‍ കാലക്രമേണ ചത്തുപോകാനിടയുണ്ടെന്നാണ് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍സ് എന്ന സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് ജേസന്‍ ബേക്കര്‍ ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഉഷ്ണരക്തമുള്ള നായ, എലി മുതലായവയെല്ലാം പ്രകടിപ്പിക്കുന്നതുപോലെ വ്യക്തമായി അസ്വസ്ഥത പ്രകടിപ്പിക്കാന്‍ പാമ്പുകളെപ്പോലെയുള്ള ശീതരക്ത ജീവികള്‍ക്കാവില്ല. ഇത്തരം പ്രവൃത്തികള്‍ അവയ്ക്ക് സമ്മര്‍ദമുണ്ടാക്കുകയും അപകടത്തിലേക്ക് നയിക്കാന്‍ കാരണമാവുകയും ചെയ്യുമെന്ന് ബേക്കര്‍ പറഞ്ഞു.

English Summary: Snake Massage in Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com