ADVERTISEMENT

കൊറോണ മൂലം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെങ്കിലും വര്‍ഷംതോറും നടത്തുന്ന മഞ്ഞുകാല മഹോത്സവത്തിന് ഇക്കുറിയും പതിവുതെറ്റാതെ തിരിതെളിച്ച് ചൈന. 37-ാമത് 'ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവലി'ന്‍റെ ആഘോഷത്തിമര്‍പ്പിലാണ് ചൈനയിപ്പോള്‍. വടക്കുകിഴക്കൻ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് പരിപാടി നടക്കുന്നത്. 1985 മുതൽ വര്‍ഷംതോറും ഡിസംബർ, ജനുവരി മാസങ്ങളില്‍ അരങ്ങേറുന്ന ഈ ഉത്സവം, ചൈനയിൽ നിന്നും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. കൊറോണ വൈറസ് നിയന്ത്രിക്കുന്നതില്‍ ചൈന വിജയിച്ചതിന്‍റെ അടയാളമായാണ് ഇക്കുറി ആഘോഷങ്ങളെ വിലയിരുത്തുന്നത്.

Harbin-Snow-and-Ice-Festival1
By Tharawit Disyawongs/shutterstock

എല്ലാവര്‍ഷവും ക്രിസ്മസ് സമയം മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള സമയത്താണ് ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഈ സമയത്ത് ഇരുപതു മില്ല്യനിലധികം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു എന്നാണു കണക്ക്. ഏകദേശം ആറു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കാഴ്ചകളാണ് ഈ സമയത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുകാല ഉത്സവങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു.

Harbin-Snow-and-Ice-Festival2
By aphotostory/shutterstock

ഐസ് ആന്‍ഡ്‌ സ്നോ വേള്‍ഡ്, സണ്‍ ഐലന്‍ഡ്‌ സ്നോ സ്കള്‍പ്ച്ചര്‍ ആര്‍ട്ട് എക്സ്പോ, ഷാവോലിന്‍ പാര്‍ക്ക് ഐസ് ലാന്റേണ്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ മൂന്നു പ്രദര്‍ശന കേന്ദ്രങ്ങളാണ് ഇക്കുറി ഇവിടെ ഒരുക്കിയിട്ടുള്ളത്. കൊട്ടാരങ്ങള്‍ പോലെയുള്ള മഞ്ഞു കെട്ടിടങ്ങളാണ് ഐസ് ആന്‍ഡ്‌ സ്നോ വേള്‍ഡിലുള്ളത്. ലോകപ്രശസ്തമായ നിര്‍മിതികളുടെ അനുകരണങ്ങളാണ് ഇവ. ഡിസ്നി വേള്‍ഡിന്‍റെ മഞ്ഞില്‍ നിര്‍മ്മിച്ച മാതൃക ഉദാഹരണം. രാത്രിയാകുമ്പോള്‍ അതിമനോഹരമായ ദീപാലങ്കാരങ്ങള്‍ കൊണ്ട് ഈ കൊട്ടാരങ്ങള്‍ തിളങ്ങുന്ന കാഴ്ച അതീവ സുന്ദരമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാർ നിർമ്മിച്ച ഭീമൻ മഞ്ഞു ശിൽപങ്ങളാണ് സണ്‍ ഐലന്‍ഡ്‌ സ്നോ സ്കള്‍പ്ച്ചര്‍ ആര്‍ട്ട് എക്സ്പോയിലുള്ളത്. കുട്ടികള്‍ക്ക് വേണ്ടി, വ്യത്യസ്ത ആകൃതികളിലുള്ള ആയിരത്തിലധികം ഐസ് ലാന്റേണുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേദിയാണ് ഷാവോലിന്‍ പാര്‍ക്ക്. ഓരോ വേദിയിലും ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്,

ഉത്സവത്തില്‍ പങ്കുചേരാന്‍ എത്തുന്നവരുടെ യാത്രകള്‍ എളുപ്പമാക്കാനായി ചൈന രാജ്യത്തുടനീളം യാത്രാ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. എന്നാല്‍ അടുത്തുള്ള നഗരങ്ങളായ ഷെൻയാങ്ങിലും ഡാലിയനിലും വീണ്ടും കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടത് മൂലം വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരിപാടി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതിനാല്‍  സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും അവസരമുണ്ട്. എന്നാല്‍ സ്റ്റേജ് പരിപാടികളും പ്രകടനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Harbin-Snow-and-Ice-Festival3
By Pises Tungittipokai/shutterstock

English Summary: Harbin International Ice and Snow Sculpture Festival in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com