ADVERTISEMENT

ബീച്ചുകൾ, പുരാതന സംസ്കൃതിയുടെ അവശിഷ്ടങ്ങൾ, ആകർഷകമായ വനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾക്കു പ്രശസ്തമാണ് മനോഹര ദ്വീപുരാജ്യമായ ശ്രീലങ്ക. ഇൗ കാഴ്ചകൾക്കപ്പുറം മനോഹരമായ മറ്റൊന്നുകൂടി ശ്രീലങ്കയിലുണ്ട്– ഹിൽ സ്റ്റേഷനുകൾ. അതിശയകരമായ കാഴ്ചകൾക്കൊപ്പം, ട്രെക്കിങ്, ക്യാംപിങ് എന്നിവയ്ക്കും അനുയോജ്യമായ സ്ഥലമാണ് ‌അവ. ശ്രീലങ്കയിെല ഏറ്റവും മനോഹരമായ ചില ഹിൽസ്റ്റേഷനുകളെപ്പറ്റി അറിയാം.

നുവാര ഏലിയ

തേയില ഉൽപാദനത്തിന് പേരുകേട്ട ഹിൽ സ്റ്റേഷനാണ് നുവാര ഏലിയ. വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും പൂന്തോട്ടങ്ങളും തടാകങ്ങളും അടക്കമുള്ള നിരവധി ആകർഷണങ്ങളുള്ള നുവാര ഏലിയ പ്രകൃതിസൗന്ദര്യത്തിന്റെ പ്രതീകമാണ്. തണുത്ത കാലാവസ്ഥയും കൊളോണിയൽ ശൈലിയിലുള്ള കെട്ടിടങ്ങളുമാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. ഇവിടെ എത്തിയാൽ ശ്രീലങ്കയുടെ ഐക്കണിക് ലാൻഡ്‌സ്കേപ്പിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ലോകത്തേക്കു പ്രവേശിച്ചതായി തോന്നും. നുവാര ഏലിയയെ ലിറ്റിൽ ഇംഗ്ലണ്ട് എന്നും വിളിക്കുന്നതിൽ അതിശയിക്കാനില്ല എന്നത് ഇവിടെയെത്തിയാൽ ആർക്കും ബോധ്യമാകും. 

srilanka-ella1

സന്ദർശിക്കാൻ മികച്ച സമയം: ഫെബ്രുവരി മുതൽ ഏപ്രിൽ വരെ.

എല്ല

വവ പ്രവിശ്യയിലെ ബദുല്ല ജില്ലയിലുള്ള മനോഹര പട്ടണമാണ് എല്ല. ശ്രീലങ്കയുടെ അഭിമാനമായ എല്ല, താഴ്‌‌വരകൾ, തേയിലത്തോട്ടങ്ങൾ, കഫേകൾ എന്നിവയടക്കം സഞ്ചാരികൾക്കു മനോഹരമായ അനുഭവങ്ങൾ പകരുന്നു. ഒൻപത് കമാനങ്ങളുള്ള റെയിൽ‌വേ പാലത്തിനു പേരുകേട്ട ഈ നഗരം ശ്രീലങ്കയിലെ കൊളോണിയൽ കാലഘട്ടത്തിലെ നിർമാണത്തിന്റെ ഉത്തമ ഉദാഹരണമാണ്. റെയിൽ‌വേ ട്രാക്കിലൂടെ പാലത്തിലേക്കുള്ള ട്രെക്ക് വളരെ ജനപ്രിയമാണ്. നിരവധി കഫേകളും നടപ്പാതകളും ഗെസ്റ്റ് ഹൗസുകളും ഈ കുന്നുകളിൽ ഉണ്ട്. 

കിതുൽഗാല

രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ചെറിയ പട്ടണമാണ് വനപ്രദേശത്തുള്ള കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കിതുൽഗാല. വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിനായി ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമെന്ന നിലയിൽ പ്രസിദ്ധമായ കിതുൽഗല സന്ദർശനം പ്രകൃതിയുടെയും സന്തോഷത്തിന്റെയും സമന്വയമാണ്. ശ്രീലങ്കയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിനു പുറമേ മറ്റു സാഹസിക കായിക വിനോദങ്ങൾക്കും കിത്തുൽഗാലയിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്.

srilaanka-Kitulgala

ചരിത്രാതീതകാലത്തെ ബാലങ്കോഡ മനുഷ്യന്റെ (ഹോമോസാപിയൻസ് ബാലങ്കോഡെൻസിസ്) 12,000 വർഷം പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയ ബെലിലീന ഗുഹകൾ മുതൽ അടുത്തുള്ള മനോഹരമായ ആബർഡീൻ വെള്ളച്ചാട്ടം വരെ കിതുൽഗലയിലെ പ്രകൃതി ആകർഷണങ്ങൾ ഏറ്റവും വൈവിധ്യപൂർണ്ണമാണ്. 

ആദംസ് പീക്ക്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നായ, ശ്രീലങ്കയിലെ 7,359 അടി ഉയരമുള്ള പർവതമാണ് ആദംസ് പീക്ക്. മിക്കവാറും എല്ലാ പ്രധാന മതങ്ങളിലെയും ആളുകൾ പതിവായി ഇവിടം സന്ദർശിക്കാറുണ്ട്. പിരമിഡ് പോലുള്ള പർവതത്തിന്റെ കൊടുമുടിയിൽ കാൽപാദത്തിന്റെ ആകൃതിയിലുള്ള  ശ്രീപദ എന്ന പ്രതിഷ്ഠയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. 

ദിയതാലവ, ഹപ്പുതാലെ

ശ്രീലങ്കൻ ആർമി, നേവി, എയർഫോഴ്സ് പരിശീലന അക്കാദമികളുടെ ആസ്ഥാനമായ ദിയതാലവ മികച്ച ലാൻഡ്സ്കേപ്പ് കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. ബദുല്ല ജില്ലയിലെ ബന്ദരവേലയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ദിയതാലവയിലേക്കുള്ള ട്രെയിൻ യാത്ര ഇവിടത്തെ മികച്ച അനുഭവങ്ങളിലൊന്നാണ്.

ദോവ റോക്ക് ടെംപിൾ, രാവണ എല്ല, ലിപ്റ്റൺസ് സീറ്റ്, സെന്റ് കാതറിൻസ് സീറ്റ്, പിൽക്കിന്റൺ പോയിന്റ്, അഡിഷാം മൊണാസ്ട്രി, ഡെമോദാര റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഇവിടെ എത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

 

English Summary: Best 5 Hill Stations in Sri Lanka 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com