ADVERTISEMENT

കസാക്കിസ്ഥാനിലെ കോള്‍സേ തടാകങ്ങള്‍ക്കരികില്‍ നിന്നു ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍. മൈനസ് 14 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നിന്നും നീല ജാക്കറ്റണിഞ്ഞ് മനോഹരിയായി, മഞ്ഞില്‍ നില്‍ക്കുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. 

തെക്കുകിഴക്കൻ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ പർവതനിരകളുടെ വടക്കൻ ചരിവിലുള്ള കോള്‍സേ ദേശീയ പാർക്കിനുള്ളിലാണ് ഈ തടാകങ്ങള്‍ ഉള്ളത്. ശാന്തമായ കോണിഫറസ് വനങ്ങളാല്‍ ചുറ്റപ്പെട്ടതും ശുദ്ധമായ നീലജലം നിറഞ്ഞതുമായ മൂന്നു തടാകങ്ങളാണ് കോള്‍സേ തടാകങ്ങള്‍ എന്നറിയപ്പെടുന്നത്. റായ്ംബെക് ജില്ലയ്ക്കും അൽമാറ്റി മേഖലയിലെ തൽഗാർ ജില്ലയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ തടാകങ്ങള്‍ 1887 ലും 1911 ലും കൈൻഡി, കോൾസെ നദികളിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലമാണ് രൂപപ്പെട്ടത്.

കിർഗിസ്ഥാന്‍റെ അതിർത്തിയിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. "ടിയാൻ ഷാന്‍റെ മുത്ത്" എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മനോഹരമായ കൈൻഡി തടാകവും പാർക്കിനുള്ളിലായി കാണാം. മാത്രമല്ല, അല്‍മാറ്റി മേഖലയില്‍, ഇലി-അലാറ്റ പാര്‍ക്ക്, ടർഗൻ മലയിടുക്ക്, ചാരിൻ‌ മലയിടുക്ക്, ആൽ‌റ്റിൻ‌ എമെൽ, അസി പീഠഭൂമി, തുടങ്ങി പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിരവധി കാഴ്ചകളുണ്ട് കാണാന്‍.

പ്രകൃതിസംരക്ഷണമാണ് പാര്‍ക്കിന്‍റെ പ്രധാന ലക്ഷ്യം. ഏകദേശം 1,619 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ 72% പ്രദേശവും കസാക്കിസ്ഥാനിലെ കൃഷി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്‍റെ കർശനമായ സംരക്ഷണത്തിന്‍ കീഴിലാണ്. ഏകദേശം 13% ഭാഗമാണ് വിനോദസഞ്ചാരത്തിനായി മാറ്റിവെച്ചിട്ടുള്ളത്‌. അപൂർവമായ നിരവധി സസ്യങ്ങളെയും ജന്തുജാലങ്ങളെയും ഇവിടെ കാണാം. 

സഞ്ചാരികള്‍ക്കായി പാര്‍ക്കിനടുത്തുള്ള സതി ഗ്രാമത്തിൽ ഗസ്റ്റ് ഹൗസുകളും ക്യാമ്പ് സൈറ്റുകളുമുണ്ട്. കോൾസേ തടാകങ്ങൾ വഴി, സാരി-ബുലക് ചുരത്തിലൂടെ 25 കിലോമീറ്റർ ഹൈക്കിംഗ് നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. മൂന്ന് ദിവസം കാൽനടയായോ ഒരു ദിവസമെടുത്ത് കുതിരപ്പുറത്തോ ഈ യാത്ര പൂര്‍ത്തിയാക്കാം. പിക്നിക്കുകൾ, കുതിരസവാരി, മൗണ്ടെയ്‌ൻ ബൈക്കിംഗ് എന്നിവയാണ് ഇവിടെയുള്ള പ്രധാന ടൂറിസം പ്രവര്‍ത്തനങ്ങള്‍.

വേനല്‍ക്കാലത്താണ് സാധാരണയായി ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഓരോ ആഴ്ചാവസാനങ്ങളിലും ആയിരം സഞ്ചാരികള്‍ ഈ പ്രദേശം മാത്രം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. ഏപ്രിൽ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയം ഈ പ്രദേശത്ത് ക്യാമ്പിംഗ് നടത്താനുള്ള മികച്ച സമയമാണ്.

English Summary: Celebrity Travel,Samyuktha Menon Kazakhstan Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com