ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഫോട്ടോഗ്രാഫര്‍മാര്‍ പങ്കുവച്ച് പ്രശസ്തമാക്കിയ നിരവധി സ്ഥലങ്ങളുണ്ട്. ആരും കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നും ഒപ്പിയെടുത്ത സുന്ദരമായ കാഴ്ചകള്‍ പലതും അങ്ങനെയാണ് ലോകത്തിനു മുന്നില്‍ അനാവൃതമായത്. പ്രശസ്തമായ സ്ഥലങ്ങളിലെ അപൂര്‍വ കാഴ്ചകളും ഇങ്ങനെ പ്രസിദ്ധിയാര്‍ജ്ജിക്കാറുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് സൈബീരിയയിലെ ബൈക്കല്‍ തടാകം.

Lake-Baikal-Siberia1
Prawat Thananithaporn/Shutterstock

തെക്കൻ സൈബീരിയയില്‍ വടക്ക് പടിഞ്ഞാറ് ദിശയിൽ ഇർകുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയിൽ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ബൈക്കല്‍ തടാകം ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ തടാകമാണ്. "സൈബീരിയയുടെ നീല കണ്ണ്" എന്നാണ് തടാകത്തിനെ വിളിക്കുന്നത്. 1,637 മീറ്റർ ആഴമുള്ള ഈ തടാകത്തിലേക്ക് 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്നു.  വ്യാപ്തത്തിന്‍റെ കാര്യമെടുത്താലും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഇതു തന്നെയാണ്. 27- ഓളം ദ്വീപുകള്‍ ഈ തടാകത്തിലുണ്ട്. മാത്രമല്ല, ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന തടാകം കൂടിയാണിത്, ഏകദേശം രണ്ടര കോടി വർഷമാണ് ബൈക്കല്‍ തടാകത്തിന്‍റെ പ്രായം എന്നാണു കണക്കാക്കുന്നത്!

ബൈക്കൽ എന്ന വിസ്മയം

തടാകം മരവിച്ച സമയം മുകളിലേക്ക് ഉയർന്നു വന്ന ജല കുമിളകൾ വഴിയിൽ വച്ച് മരവിച്ചുപോയ കാഴ്ച അതിശയകരമാണ്. ഉപരിതലത്തിനടിയിൽ  വെളുത്ത വളയങ്ങൾ പോലെ പൊങ്ങി നിൽക്കുന്ന ജല കുമിളകളെ എവിടെ കാണാനാവും. നിരവധി സാഹസിക കായിക പ്രവർത്തനങ്ങളും ശൈത്യകാലത്ത് തടാകത്തിന് മുകളിൽ നടത്തപ്പെടുന്നുണ്ട്. മാരത്തൺ മുതൽ സ്കേറ്റിംഗും സ്കിയിംഗും വരെ ഐസു കട്ടയായ ബൈക്കൽ തടാകത്തിന് മുകളിൽ മത്സരങ്ങളായി നടത്തപ്പെടുമ്പോൾ പങ്കാളികളാകാൻ വർഷാവർഷം എത്തുന്നത് ആയിരങ്ങളാണ്.

Lake-Baikal-Siberia2
By Strelyuk/shutterstock

മരവിച്ചു കിടക്കുന്ന സമയങ്ങളിൽ തടാകത്തിന് അപ്പുറവും ഇപ്പുറവും ജീവിക്കുന്നവരെ ബന്ധിപ്പിക്കുന്നതിനായി സഞ്ചാരയോഗ്യമായ റോഡുകൾ വരെ സൃഷ്ടിക്കപ്പെടുന്നു. ഇതിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാം. എന്നാൽ പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മാത്രമേ കൃത്യമായ വഴികൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഐസ് ക്യാപ്റ്റൻമാർ എന്നറിയപ്പെടുന്ന പ്രാദേശിക ഡ്രൈവർമാർക്ക് മാത്രമേ സുരക്ഷിത വഴികൾ അറിയൂ. 

പരിചയസമ്പന്നരും അറിയപ്പെടുന്നവരുമായ ഐസ് ക്യാപ്റ്റൻമാർ മാത്രമാണ് ശൈത്യകാലത്ത് ബൈക്കൽ തടാകം കടന്നു പോകേണ്ട ടൂറുകളെ നയിക്കുന്നത്. ഇത്രയേറെ പ്രത്യേകതകള്‍ ഉള്ള ബൈക്കല്‍ തടാകം ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത്, തടാകപ്രദേശത്ത് അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന ഐസ് രൂപങ്ങളുടെ പേരിലാണ്. ‘ബൈക്കൽ സെൻ’ എന്നാണ് ഈ പ്രതിഭാസത്തിനു പേര്. സൂര്യപ്രകാശമുള്ള സമയങ്ങളില്‍ തടാകത്തിലുള്ള പാറകൾ ചൂടായി, അതിനു താഴെയുള്ള ഐസ് ഉരുകുന്നു. സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ, ജലം വീണ്ടും ദൃഡമാവുന്നു. ഈ സമയത്ത് ഐസ് പാളികള്‍ കൈക്കൊള്ളുന്ന വ്യത്യസ്തവും മനോഹരവുമായ രൂപങ്ങളാണ് സഞ്ചാരികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

പാറയ്ക്കടിയില്‍ തൂണ്‍ പോലെ നില്‍ക്കുന്നതും ഗ്ലാസ് ബോള്‍ പോലെ തോന്നിക്കുന്നതും കുമിളകള്‍ പോലെയുള്ളതുമെല്ലാമായ ഐസ് രൂപങ്ങള്‍ ഇങ്ങനെ ഒപ്പിയെടുത്ത കാഴ്ചകളില്‍ പെടുന്നു. 

ഭൗമോപരിതലത്തിലെ ശുദ്ധജലത്തിന്റെ 20% ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ് ഉള്ളത്. ഇവിടെ ജീവിക്കുന്ന 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകളില്‍ മൂന്നിൽ രണ്ട് ഭാഗവും ഈ പ്രദേശത്ത് മാത്രം കാണുന്ന അപൂര്‍വ്വ ഇനങ്ങളാണ്. ഇത്രയേറെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുതന്നെ 1996-ൽ ബൈക്കല്‍ തടാകം യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 

English Summary: World Largest Deepest Lake Baikal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com