ADVERTISEMENT

കയ്യില്‍ ഒരു ബിയര്‍ കുപ്പിയുമായി ഏതെങ്കിലുമൊരു മനോഹരമായ കടലോരത്ത് പോയിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ ഗോവയിലും മറ്റു ബീച്ചുകളിലുമൊക്കെ അങ്ങനെയുള്ള നിരവധി സഞ്ചാരികളെ കാണാം. എന്നാല്‍ യാത്ര ബിയര്‍ കമ്പനി തന്നെ സ്പോണ്‍സര്‍ ചെയ്താലോ? അത്തരമൊരു സന്തോഷവാര്‍ത്തയുമായാണ് നാച്ചുറല്‍ ലൈറ്റ് എന്ന ബിയര്‍ കമ്പനി ഇപ്പോള്‍ സഞ്ചാരികള്‍ക്കരികിലേക്ക് എത്തിയിരിക്കുന്നത്.

ഈ വരുന്ന വസന്തകാലത്ത് ഇഷ്ടമുള്ള അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം ഏതെങ്കിലും ഒരു ദ്വീപിലേക്ക് യാത്ര പോകാനുള്ള അവസരമാണ്  നാച്ചുറല്‍ ലൈറ്റ് നല്‍കുന്നത്. ആ സമയത്ത് യാത്ര സാധ്യമായില്ലെങ്കില്‍, സുരക്ഷിതമായി യാത്ര പോകാനാവുന്ന സമയത്തേക്ക് ഓഫര്‍ നീട്ടി നല്‍കും. ഇതിനായി ബിയര്‍ ആരാധകര്‍ ചെയ്യേണ്ടത് ഇത്രമാത്രം. കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന 5 അംഗങ്ങളെ ടാഗുചെയ്ത്, സോഷ്യൽ മീഡിയയിൽ #Naturdays, #Sweepstakes എന്ന ഹാഷ്‌ടാഗുകൾ ചേര്‍ത്ത് പോസ്റ്റ്‌ ചെയ്യണം.

ബ്രാൻഡ് കമ്പനി നിങ്ങളുടെ യാത്രയ്ക്കുള്ള എല്ലാ ചെലവുകളും വഹിക്കും. ഇൗ യാത്രയിൽ സ്വകാര്യ ഷെഫിൽ നിന്നും രുചികരമായ ഭക്ഷണവും ദ്വീപിനു ചുറ്റും ബോട്ട് ടൂറുകളും ഉണ്ടാകും. ഇൗ യാത്ര നിങ്ങൾക്ക് മധുരം നിറഞ്ഞ ഓർമകളായിരിക്കും സമ്മാനിക്കുക. കൂടുതൽ വിവരങ്ങൾക്കായി നാച്ചുറല്‍ ലൈറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.

കൊറോണക്കാലത്ത് ഇത്തരത്തിലുള്ള വേറെയും മത്സരങ്ങള്‍ നാച്ചുറല്‍ ലൈറ്റ് സംഘടിപ്പിച്ചിരുന്നു. 2020-ല്‍ ബിയര്‍ രുചികള്‍ വീട്ടിലിരുന്നു പരീക്ഷിക്കാന്‍ ഒരു ഭാഗ്യവാന് അവസരം നല്‍കിക്കൊണ്ടുള്ള ഒരു മത്സരവും ഇവര്‍ സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ നേച്ചര്‍ ഡേയ്സ് പൈനാപ്പിള്‍ ലെമണേഡിന്‍റെ പ്രചരണാര്‍ത്ഥമാണ് നാച്ചുറല്‍ ലൈറ്റ് പുതിയ മത്സരം ഒരുക്കുന്നത്. 'നിങ്ങളെ ദ്വീപിലേക്ക് കൊണ്ടുപോകാം' എന്ന വാഗ്ദാനവുമായാണ് ഇത് വിപണിയില്‍ എത്തുന്നത്.

കലോറി കുറവുള്ള ബിയറുകളുടെ കൂട്ടത്തില്‍പ്പെട്ട നാറ്റി ലൈറ്റ് അഥവാ നാച്ചുറൽ ലൈറ്റ് 1977 ജൂലൈ 31-നാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ലൈറ്റ് ബിയറുകളില്‍ മുന്‍നിരയിലാണ് നാച്ചുറല്‍ ലൈറ്റിന്‍റെ സ്ഥാനം.

English Summary: Beer Company is Offering a Holiday in a Deserted island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com