ADVERTISEMENT

ശ്രീലങ്കയില്‍ പുണ്യനഗരമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് അനുരാധപുര. പ്രാദേശികമായി 'രാജാരത' (രാജാക്കന്മാരുടെ നാട്) എന്നറിയപ്പെടുന്ന ഈ നഗരം ഒരു യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയാണ്. ബിസി 377 കാലഘട്ടത്തില്‍, ശ്രീലങ്കയില്‍ ആദ്യമായി ഉയര്‍ന്നുവന്ന സാമ്രാജ്യം ഇവിടെയായിരുന്നു നിലകൊണ്ടിരുന്നത്. 

ശ്രീലങ്കയില്‍ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ശ്രീലങ്കയുടെ ബുദ്ധ സംസ്കാരത്തിന്‍റെ നിരവധി അടയാളങ്ങള്‍ ഇവിടെയെങ്ങും കാണാം. ഇവിടത്തെ പുരാതന ബുദ്ധക്ഷേത്രങ്ങളും ഭീമൻ താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള സ്തൂപങ്ങളുമെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് എന്നതില്‍ സംശയമില്ല.

എന്നാല്‍, ഇവിടെ ഇവയേക്കാള്‍ കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. മൂന്ന് ബുദ്ധക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട, 40 ഏക്കർ പുരാതന നഗര പാർക്കായ റാൻമാസു യുയാന (ഗോൾഡൻ ഫിഷ് പാർക്ക്) പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള തുറന്ന വാതിലാണ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത് ഇവിടം ഒരു പൂന്തോട്ടമായിരുന്നു. ക്രിസ്ത്യൻ കാലഘട്ടത്തിനു മുന്‍പുള്ള ശ്രീലങ്കൻ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഉദാഹരണങ്ങള്‍ ഇവിടെ കാണാം. 

പാർക്കിൽ നിരവധി കുളങ്ങളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ട്. ഐതിഹ്യമനുസരിച്ച്, അനന്തപുറത്തെ രാജാവിന്‍റെ മകനായിരുന്ന സാലിയ രാജകുമാരൻ പ്രണയിനിയായ അശോകമാലയെ കണ്ടുമുട്ടിയത് ഈ പൂന്തോട്ടത്തിൽ വെച്ചാണെന്ന് കരുതപ്പെടുന്നു. ഇവിടം സംരക്ഷിത പ്രദേശമാണ്. 

Anuradhapura-Sri-Lanka2
Beautiful view of the pond at Ranmasu Uyana (By Cito4ekk/shutterstock)

പാര്‍ക്കിനുള്ളില്‍ 1.8 മീറ്റര്‍ വ്യാസമുള്ള ഒരു പാറഭാഗമുണ്ട്. 'സക്വാല ചക്ര' എന്നാണ് ഇതിനു പേര്. സിംഹള ഭാഷയില്‍ 'പ്രപഞ്ച ചക്രം' എന്നാണിതിനര്‍ത്ഥം. ഇതിനു മുകളിലായി പുരാതനമായ രീതിയില്‍ എന്തൊക്കെയോ കൊത്തി വരച്ചിരിക്കുന്നതും കാണാം. പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഇന്നുവരെ അറിയാത്തതും കാണാത്തതുമായ അന്യഗ്രഹജീവികളുമായി സംവദിക്കാന്‍ ഉപയോഗിച്ചിരുന്ന 'സ്റ്റാര്‍ഗേറ്റ്' ആണ് ഇതെന്നാണ് വിശ്വാസം. എന്നാല്‍ മൂന്നാം നൂറ്റാണ്ടുമുതല്‍ക്കുള്ള ചരിത്രമുറങ്ങുന്ന ഈ സ്ഥലത്ത് വസിച്ചിരുന്ന ആദിമ മനുഷ്യരുടെ ഭാവനയില്‍ വിരിഞ്ഞ, പ്രപഞ്ച ഭൂപടമായിരിക്കാം ഇതെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 

അനുരാധപുരയിലെ ഈ സ്റ്റാർഗേറ്റില്‍ ഈജിപ്തിലെ അബു ഗുറാബിലും പെറുവിലെ ലാ പ്യൂർട്ട ഡി ഹായു മാർക്കയിലും കണ്ടെത്തിയതിന് സമാനമായ ആകൃതികളും ചിഹ്നങ്ങളും ഉണ്ടെന്ന് സൈദ്ധാന്തികർ അഭിപ്രായപ്പെടുന്നു. അടുത്തുള്ള മറ്റൊരു പുണ്യനഗരമായ പൊളോണറുവയിലെ 'ഏലിയൻ പർവ്വതം' എന്നറിയപ്പെടുന്ന ഡാനിഗാല പർവതത്തോടും ഇതിനു ബന്ധമുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു. സവിശേഷമായ വൃത്താകൃതിയും പൂർണ്ണമായും പരന്ന ടോപ്പുമുള്ള ഈ പ്രദേശം, അന്യഗ്രഹജീവികളുടെ പേടകം ലാൻഡിംഗിനായി ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ട് എന്ന രീതിയിലായിരുന്നു കഥകള്‍. 

ക്രി.മു. 250 മുതൽ ശ്രീലങ്കക്കാർക്ക് ആകാശത്തിലെയും ബഹിരാകാശത്തിലെയും വസ്തുക്കളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ശ്രീലങ്കയിൽ നിന്ന് കണ്ടെടുത്ത ആദ്യകാല ബ്രാഹ്മി ലിഖിതങ്ങളിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതും നിർദ്ദിഷ്ട നക്ഷത്രങ്ങളെയും ആശയങ്ങളെയും സൂചിപ്പിക്കുന്നതുമായ നിരവധി വിവരങ്ങളുണ്ട്. ശ്രീലങ്കയുടെ തെക്കൻ തീരത്തെ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ള സൈറ്റായ കിരിന്ദയില്‍ നിന്നും ലഭിച്ച ഒരു ലിഖിതത്തിൽ 'അനന്ത പ്രപഞ്ചം' എന്നർഥമുള്ള 'അപരിമിത ലോക ദതുയ' എന്ന വാചകം അടങ്ങിയിരിക്കുന്നു. അന്ന് ജീവിച്ചിരുന്ന ആളുകള്‍ക്ക് പ്രപഞ്ച സ്വഭാവത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സക്വാല ചക്ര എന്നത് പ്രപഞ്ചത്തിന്‍റെ ഭൂപടമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല 

റാൻമാസു യുയാനയും അനുരാധപുരയിലെ മറ്റ് പാർക്കുകളും സ്തൂപങ്ങളുമെല്ലാം ബിസി 250 വരെ പഴക്കമുള്ള ചരിത്രത്തിലും ലിഖിതങ്ങളിലും പരാമർശിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായ രേഖകളിലൊന്നും സക്വാല ചക്രത്തെക്കുറിച്ച് ഒന്നും പറഞ്ഞതായി കാണാനാവില്ല. കൃത്യമായ ഒരു നിഗമനത്തില്‍ ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, മനുഷ്യന് അന്യഗ്രഹ ജീവികളുമായി സംവദിക്കാന്‍ ഉപയോഗിക്കാനാവുന്ന ഒരു മാന്ത്രിക വാതില്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കാനാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടം; പ്രപഞ്ചത്തിനെന്ന പോലെ ഭാവനയ്ക്കും അറ്റമില്ലല്ലോ. 

English Summary: The Stargate at Ranmasu Uyana - Sri Lanka Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com