ADVERTISEMENT

ലോകത്ത് പലയിടങ്ങളിലും വര്‍ണ്ണാഭമായ തടാകങ്ങളും കടലുകളും നദികളുമെല്ലാം ധാരാളമുണ്ട്. കണ്ണിനു കുളിരേകുന്ന ആ കാഴ്ച കാണാനായി സഞ്ചാരികള്‍ ധാരാളം എത്തുന്നത് പതിവാണ്. ഇന്തോനേഷ്യയിലെ കേലിമുട്ടു പര്‍വതത്തിനു മുകളില്‍ അവയെക്കാള്‍ അദ്ഭുതം പകരുന്ന കാഴ്ചയുണ്ട് - നിറം മാറുന്ന മൂന്ന് തടാകങ്ങള്‍!

ഇന്തോനേഷ്യയിലെ സെൻട്രൽ ഫ്ലോറസ് ദ്വീപിലെ മോണി എന്ന ചെറിയ പട്ടണത്തിനടുത്തുള്ള ഒരു അഗ്നിപർവതമാണ് കേലിമുട്ടു. ഇന്തോനേഷ്യയിലെ കിഴക്കൻ നുസ തെൻഗര പ്രവിശ്യയിലെ എൻഡെ റീജൻസിയുടെ തലസ്ഥാനത്തു നിന്നും 50 കി.മീ കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം 1,639 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തിന്‍റെ ഏറ്റവും മുകളിലാണ് ഈ തടാകങ്ങള്‍ ഉള്ളത്. ഇവിടം ഒരു ദേശീയോദ്യാനത്തിന്‍റെ ഭാഗം കൂടിയാണ്.

Mount-Kelimutu1
By Marcelo Johan Ogata/shutterstock

കേലിമുട്ടു പ്രദേശം ദേശീയോദ്യാനമായി വികസിപ്പിക്കാന്‍ ആരംഭിച്ച കാലത്ത്, വിഭവങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രാദേശിക സമൂഹങ്ങളുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അടുത്തുള്ള ഗ്രാമീണ സമൂഹങ്ങളുമായി മികച്ച ബന്ധം വളർത്തിയെടുക്കുകയും ആശയക്കുഴപ്പങ്ങള്‍ ദുരീകരിക്കുകയും ചെയ്തു. ഈ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഏറെ സഹായകമായി. നിരവധി സഞ്ചാരികള്‍ ഈ തടാകം കാണാന്‍ വര്‍ഷംതോറും ഇവിടേക്ക് എത്തുന്നു.

നിറം മാറുന്ന തടാകങ്ങള്‍

മൂന്നു തടാകങ്ങള്‍ക്കും വ്യത്യസ്തമായ നിറമാണ് ഉള്ളത്. നീല നിറമുള്ള ടിവു അത ബുപു ഏറ്റവും പടിഞ്ഞാറു ഭാഗത്താണ്.  ടിവു കൊ ഫൈ ഫൈ നുവ മൂരി, ടിവു ആറ്റ പോളോ എന്നിവയാണ് മറ്റ് രണ്ട് തടാകങ്ങൾ. സാധാരണയായി പച്ച, ചുവപ്പ് നിറങ്ങളിലാണ് യഥാക്രമം ഇവ കാണപ്പെടുന്നത്. ഓരോ തടാകങ്ങളും ഒന്നിനൊന്നു സ്വതന്ത്രമായാണ് നിലകൊള്ളുന്നത് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഒരു തടാകത്തിന്‍റെ നിറം മാറുമ്പോള്‍ മറ്റു രണ്ടെണ്ണത്തിന്‍റെ നിറങ്ങളും അതേ സമയം തന്നെ മാറണം എന്നില്ല.

കാരണം ഇതാണ്

തടാകങ്ങളിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഇവയുടെ നിറം മാറുന്നത്. ഓരോ തടാകത്തിലെയും ജലത്തിലെ ഓക്സിഡേഷൻ-റിഡക്ഷൻ നിലയിലെ വ്യത്യാസങ്ങളും ഇരുമ്പ്, മാംഗനീസ് പോലുള്ള വിവിധ മൂലകങ്ങളുടെ സാന്നിദ്ധ്യവും നിറംമാറ്റത്തിന്‍റെ കാരണങ്ങളാണ്. അഗ്നിപർവ്വതത്തിനുള്ളില്‍ നിന്നും വമിക്കുന്ന വാതകങ്ങളും മഴയുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 2016 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ തടാകങ്ങളുടെ നിറം ആറ് തവണ മാറി.

crater-lakes1
By Christopher Mazmanian/shutterstock

യാത്ര ഇങ്ങനെ

മൗമെറെ, എൻഡെ എന്നിവയാണ് കേലിമുട്ടുവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ. ബാലിയിൽ നിന്ന് എൻഡെയിലേക്ക് പതിവായി ഫ്ലൈറ്റുകൾ ഉണ്ട്. എൻഡെയിൽ നിന്ന് മോണിയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 3 മണിക്കൂർ എടുക്കും, മോണിയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കേലിമുട്ടുവിലേക്ക് ഡ്രൈവ് ചെയ്തെത്താന്‍ 45 മിനിറ്റ് വേണം. സാധാരണയായി കേലിമുട്ടുവിലെ മനോഹരമായ സൂര്യോദയം കണ്ടാസ്വദിക്കാനായി വിനോദസഞ്ചാരികൾ രാത്രി ഇവിടെ തങ്ങാറുണ്ട്.

English Summary: Tri-colored Crater Lakes of Mt. Kelimutu, Indonesia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com