Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും മയങ്ങും മുറി ഒരുക്കാം

ഉറക്കം നന്നാകണമെങ്കിൽ കട്ടിൽ മാത്രമല്ല കിടക്കയും നന്നാകണം പഴയ മുറി റീ സെറ്റ് ചെയ്തും മനോഹരമാക്കാം

കിടപ്പുമുറി സുന്ദരമാക്കാൻ ചില ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. സ്വപ്നം കണ്ടുറങ്ങാവുന്ന മുറി ഒരുക്കാനുളള വഴികൾ അറിയാം.

പകലൊടുങ്ങിയാൽ അലച്ചിലും ക്ഷീണവും കൽക്കണ്ടം പോലെ അലിയിച്ചു കളയുന്ന നിലാവ് ഇറങ്ങി വരുന്ന ഒരു മുറി. എല്ലാവർക്കും അവരുടെ കിടപ്പുമുറി പ്രിയപ്പെട്ടതാകും. റൂമിന്റെ വലുപ്പമല്ല, ഉപയോഗക്ഷമതയാണ് പ്രധാനം. വലിയ മുറിയാണെങ്കിലും സ്ഥലം ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ പിന്നെ, പറഞ്ഞിട്ട് കാര്യമില്ല. പുതിയ മുറി പ്ലാൻ ചെയ്യുമ്പോൾ മാത്രമല്ല, പഴയ മുറി റീ സെറ്റ് ചെയ്തും മനോഹരമാക്കാം അതിനായി ചില വഴികളിതാ.

സ്വപ്നം കൊണ്ടൊരു കളിവീട്

∙പുതിയ വീട് ‍ഡിസൈൻ ചെയ്യുന്ന സമയത്ത് തന്നെ കട്ടിലിന്റെ വലുപ്പവും ഉയരവും തീരുമാനിക്കണം. പിന്നീടുളള പൊട്ടിപ്പൊളിക്കലുകൾ ഇതിലൂടെ ഒഴിവാക്കാം. ഒന്നര അടിയാണ് സാധാരണ കട്ടിലിന്റെ ഉയരം കണക്കാക്കുന്നത്. കട്ടിലിന്റെ ഉയരവും സൈഡ് ടേബിളിന്റെ ഉയരവും യോജിക്കണം.

∙ജനാലകളില്ലാത്ത ഭിത്തിയിൽ ചേർന്ന് കട്ടിലിന്റെ ഹെ‍ഡ് ബോർഡ് വരുന്നതാണ് ഉചിതം. കിടന്നു കൊണ്ട് വായിക്കുകയോ ടിവി കാണുകയോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ ഹെഡ്ബോർഡിൽ സോഫ്റ്റ് കുഷ്യൻ സെറ്റ് ചെയ്യാം.

∙ബെ‌ഡ് റൂമിൽ ടിവി വയ്ക്കുന്നുണ്ടെങ്കിൽ അത് കട്ടിലിന്റെ എതിർഭാഗത്തുളള ഭിത്തിയിൽ ചേർത്താകണം. ആ ഭിത്തിയിലും വാതിലോ ജനലോ ഉണ്ടെങ്കിൽ കണ്ണിലേക്ക് വെളിച്ചം വീഴുന്നത് ബുദ്ധിമുട്ടാകും.

∙കട്ടിലിന്റെ ഇരുവശങ്ങളിലുമുളള ഭിത്തികളിൽ ജനലുകളുണ്ടെങ്കിൽ ക്രോസ് വെന്റിലേഷൻ സാധ്യമായി മുറിയിൽ സ്വാഭാവിക വായു പ്രവാഹമുണ്ടാകും. ഈ ജനാലയ്ക്കു പുറത്ത് മുല്ല, പിച്ചി പോലുളള ഏതെങ്കിലും ചെടി പടർത്തിയാൽ മുറിയിൽ സുഗന്ധവും ഫ്രഷ്നെസും നിറയും.

∙മുറിക്കുളളിൽ ഭംഗിക്കൊപ്പം സുഗന്ധവും നിറയ്ക്കാൻ പോട്ട് പൂരികൾ വയ്ക്കാം. ഇടയ്ക്കിടെ ഫ്രാഗ്രന്റ് ഓയിൽ ഇറ്റിച്ചു കൊടുത്താൽ മതി.

മഞ്ഞിൻ പുതപ്പണിയാം

∙ഉറക്കം നന്നാകണമെങ്കിൽ കട്ടിൽ മാത്രമല്ല കിടക്കയും നന്നാകണം. ഓരോ മുറിയുടെയും സ്വഭാവമനുസരിച്ച് കിടക്ക തിരഞ്ഞടുക്കുന്നതാണ് നല്ലത്.

∙കട്ടിലിന്റെ ഉയരം നോക്കി മെത്ത വാങ്ങണം. ഉയരം കൂടിയ കട്ടിലിൽ കനമുളള മെത്തയിട്ടാൽ പിന്നെയും ഉയരം കൂടും.

ബെഡ്റൂം ഉറക്കം നന്നാകണമെങ്കിൽ കട്ടിൽ മാത്രമല്ല കിടക്കയും നന്നാകണം

∙സോഫ്റ്റായ മെത്തയല്ല, മറിച്ച് നടുവിനും പുറംഭാഗത്തിനും നല്ല സപ്പോർട്ട് തരുന്ന മെത്തയാണ് വാങ്ങേണ്ടത്. പഞ്ഞി, കയർ, സ്പ്രിങ് മാട്രസ് എന്നിങ്ങനെ പലതരം മെത്തകളുണ്ട്.

∙പഴകിയ മെത്ത മാറാൻ മടിക്കരുത്. ഗുണനിലവാരമുളള മെത്ത 8–10 വർഷം വരെ ഉപയോഗിക്കാം.

ലൈറ്റിങ് വ്യത്യസ്തമാക്കാം

∙ ടിവി കാണാനും വായിക്കാനും കുട്ടികൾക്കും പഠിക്കാനുമെല്ലാം ബെഡ്റൂമിൽ സൗകര്യങ്ങളൊരുക്കാം. ഓരോ മൂഡിനും അനുസരിച്ച് വ്യത്യസ്ത മൂഡ് ലൈറ്റിങ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്.

∙ടിവി കാണുന്ന സമയത്തോ റിലാക്സിങ് മൂഡിലോ ഡിമ്മേഴ്സ് ഉപയോഗിച്ച് ലൈറ്റിന്റെ തീവ്രത കുറയ്ക്കാം. ഇതിനായി പ്രത്യേക ലൈറ്റ് പിടിപ്പിക്കുകയോ ഉളള ലൈറ്റിനു തന്നെ റെഗുലേറ്റർ ഫിറ്റ് ചെയ്യുകയോ ചെയ്യാം.

∙ഫാൻസ് സീലിങ് ഉണ്ടെങ്കിൽ ലൈറ്റിന്റെ അറേഞ്ച്മെന്റ് വ്യത്യസ്തമാക്കാം. എയർ കണ്ടീഷനിങ്ങിന്റെ വോള്യം കുറയാനും ഫാൻസ് സീലിങ് സഹായിക്കും.

∙കുട്ടികളുടെ റൂമിൽ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കാത്ത ലൈറ്റിങ് ആകണം. വായിക്കാനുളള ടേബിളിൽ പുസ്തകത്തിലേക്ക് നിഴലുകളില്ലാത്ത ലൈറ്റ് വീഴണം.

ലൈറ്റിങ് വ്യത്യസ്തമാക്കാം ഓരോ മൂഡിനും അനുസരിച്ച് വ്യത്യസ്ത മൂഡ് ലൈറ്റിങ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്.

∙കിടന്നുകൊണ്ട് വായിക്കുന്ന ശീലമുണ്ടെങ്കിൽ ഹെഡ് ബോർഡിന്റെ ഇരുവശത്തും റീഡിങ് ലാംപ് ഘടിപ്പിക്കാം.

കിനാവു കാണുന്ന നിറങ്ങൾ

∙മുറിയുടെ മൂഡ് തീരുമാനിക്കുന്നതിൽ നിറങ്ങൾക്കും പങ്കുണ്ട്. ചുവരുകൾ, സീലിങ്, ഫ്ലോറിങ് എന്നിവയുടെ നിറം പരസ്പരം ചേരണം. എങ്കിലേ മുറിക്ക് ഭംഗി കൂടൂ.

∙നീല–പച്ച കോമ്പിനേഷൻ നിറങ്ങൾക്ക് പ്രാമുഖ്യം നൽകുകയോ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യുകയോ ആകാം. കട്ടിലിന്റെ ഹെഡ്ബോർഡ് വരുന്ന ഭിത്തി വാൾപേപ്പർ ഉപയോഗിച്ച് ഹൈലൈറ്റ് ചെയാതാൽ മുറിയുടെ ആകെ ഫീൽ മാറും.

∙പ്രായമായവർക്കുളള മുറിയിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്ന തരത്തിൽ പെയിന്റ് ചെയ്യുന്നതാണ് നല്ലത്. വെളിച്ചം പ്രതിഫലിപ്പിക്കുന്ന വെളള, ഓഫ് വൈറ്റ് നിറങ്ങളാണ് ഉചിതം.

ബെഡ്റൂം മുറിയുടെ മൂഡ് തീരുമാനിക്കുന്നതിൽ നിറങ്ങൾക്കും പങ്കുണ്ട്

∙കുട്ടികളുടെ മുറിയിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയോ മറ്റോ ചിത്രങ്ങളും വരയ്ക്കാം. ഈ മുറിയിൽ പല നിറങ്ങളിലുളള പെയിന്റിൽ കൈ മുക്കി പതിപ്പിച്ച് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യാം. കാൻവാസിലോ കർട്ടനിലോ ഇങ്ങനെ ചെയ്താലും മതി. കുട്ടിയെ കൊണ്ടു തന്നെ ഇത് ചെയ്യിച്ചാൽ മുറിയോടുളള ഇഷ്ടം കൂടും.

∙ഡ്രസിങ് ടേബിളിന് മുന്നിലെ കണ്ണാടി പ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലായാൽ മുറിയിൽ കൂടുതൽ സ്ഥല സൗകര്യമുളളതായി തോന്നും.

∙വെളിച്ചം കുറവാണെന്ന് തോന്നുന്ന മുറിയിൽ ഒരു സൂത്രപ്പണി നടത്താം. വെളിച്ചം നേരിട്ടു പതിക്കുന്ന ഭിത്തിയിൽ വെളുത്ത പെയിന്റടിക്കാം. അതല്ലെങ്കിൽ ഗ്ലോസി ഫിനിഷുളള വെളള, ഓഫ് വൈറ്റ് വാൾ പേപ്പർ ഒട്ടിക്കാം. ഈ ഭിത്തിയിൽ നിന്ന് പ്രകാശം പ്രതിഫലിച്ച് മുറി നിറയെ വെളിച്ചം കിട്ടും.

സന്തോഷം നിറയ്ക്കാം

∙ചെറിയ റൂമാണെങ്കിൽ കട്ടിലിന്റെ ഉളളിലായി സ്റ്റോറേജ് സ്പെയ്സ് നൽകാം. ഇത് പൂർണമായി പുറത്തേക്ക് തുറക്കാനുളള സ്ഥലം ഇല്ലെങ്കിൽ കട്ടിലിന്റെ മുകൾഭാഗം തുറക്കാവുന്ന തരത്തിൽ സെറ്റ് ചെയ്താലും മതി.

∙മുറിക്ക് വലുപ്പം കുറവാണെങ്കിൽ ഭിത്തി അലമാരയ്ക്ക് സ്ളൈഡിങ് ഡോർ നൽകാം.

∙ഭിത്തിക്കുളളിലായി സെറ്റ് ചെയ്യുന്ന സ്റ്റോറേജ് സ്പെയ്സ് മറുഭാഗത്തെ മുറിക്ക് അഭംഗിയാകാതെ നോക്കണം. തളളി നിൽക്കുന്ന ഭിത്തിയിൽ വശങ്ങളിലേക്ക് എലിവേഷൻ കൊടുത്ത് ലൈറ്റിങ് ചെയ്താൽ ആ മുറിയുടെ മൂഡ് മാറ്റാം.

∙ഡ്രസിങ് ടേബിളിന് പല അറകൾ നൽകാം. ചീപ്പ്, സ്ലൈഡ്, പിൻ, പൊട്ട്, മാല തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കാം.

∙കുട്ടികളുടെ മുഷിഞ്ഞ തുണികൾ ഇടാൻ മുറിയിൽ അടപ്പുളള തരം ഫണ്ണി ബാസ്കറ്റുകൾ വയ്ക്കാം.

വർക്ക് സ്പെയ്സ്

∙ഓഫിസ് ജോലികൾ ചെയ്തു തീർക്കാൻ മുറിയിലൊരു വർക്ക് സ്പെയ്സ് സെറ്റ് ചെയ്യുന്നവർ കുറവല്ല. ഒരു മൂലയിലായി വർക്കിങ് േടബിൾ ഇടുന്നതാണ് നല്ലത്. മുന്നിലല്ലാതെ ഒരു വശത്ത് ജനാല വരുന്നതാണ് നല്ലത്.

∙വർക്ക് സ്പെയ്സിൽ കംപ്യൂട്ടർ വയ്ക്കണമെങ്കിൽ നേരത്തേ തന്നെ പ്ലഗ് പോയിന്റ്, ലൈറ്റ് പോയിന്റ് എന്നിവ പ്ലാൻ ചെയ്യണം.

ഫാൻ സീലിങ് ഉണ്ടെങ്കിൽ ലൈറ്റിന്റെ അറേഞ്ച്മെന്റ് വ്യത്യസ്തമാക്കാം ഫാൻ സീലിങ് ഉണ്ടെങ്കിൽ ലൈറ്റിന്റെ അറേഞ്ച്മെന്റ് വ്യത്യസ്തമാക്കാം

∙ വർക്കിങ് ടേബിളിന് മുകളിലായി ചെറിയൊരു ഷെൽഫ് സെറ്റ് ചെയ്താൽ പ്രിയപ്പെട്ട കുറച്ചു പുസ്തകങ്ങൾ വയ്ക്കാം. രാത്രി വായിക്കുന്ന ശീലമുളളവർക്ക് ഇത് പ്രയോജനപ്പെടും.

∙മുറിയിൽ ചെറിയൊരു ഗ്യാലറി സെറ്റ് ചെയ്യാം. ഇവിടെ ആർട് പീസുകൾ, കുടുംബചിത്രങ്ങൾ ഇവ വയ്ക്കാം.

സോഫ്റ്റ് ഫർണിഷിങ്

∙മുറിയുടെ നിറം, കട്ടിലിന്റെ ഹെഡ്ബോർഡിന്റെ നിറം എന്നിവ അനുസരിച്ചാകണം കർട്ടൻ തിരഞ്ഞെടുക്കാൻ.

∙റൂമിന്റെ മൊത്തത്തിലുളള ഫീലിന് യോജിച്ച നിറത്തിലുളള കർട്ടൻ തന്നെ തിരഞ്ഞടുക്കണം. കുട്ടികളുടെ കുറുമ്പിന് വാം നിറങ്ങളും ദമ്പതിമാരുടെ സ്വകാര്യതയ്ക്ക് റൊമാന്റിക് നിറങ്ങളും വേണമെന്ന് പറയേണ്ടതില്ലല്ലോ.

∙നിറം മാത്രമല്ല, പ്രിന്റും പാറ്റേണും ഇതിനെ സ്വാധീനിക്കും. കൂൾ നിറത്തിനൊപ്പം വലുപ്പം കൂടിയ പ്രിന്റുകൾ യോജിക്കില്ല. കുട്ടികളുടെ മുറിയിൽ ഫണ്ണി, കാർട്ടൂൺ പ്രിന്റുകളാണ് വേണ്ടത്.

∙ബെഡ്ഷീറ്റിനും കർട്ടനും യോജിക്കുന്ന നിറത്തിലുളള ചവിട്ടി കട്ടിലിനു കീഴിലിടാൻ മറക്കേണ്ട.

∙മുറിയിലേക്ക് കടക്കുന്ന വെളിച്ചം ക്രമീകരിക്കാൻ കർട്ടനോ ബ്ലൈൻഡോ ഉപയോഗിക്കാം. മുറിക്കുളളിൽ പ്രസന്നമായ അന്തരീക്ഷം ഒരുക്കാൻ ഇത് സഹായിക്കും.

പ്രായമായവരുടെ മുറി

പ്രാർഥനയും സ്വസ്ഥതയും ആഗ്രഹിക്കുന്നവരാണ് മുതിർന്നവർ. അവിടേക്ക് കൊച്ചുമക്കളുടെ കളിചിരികൾ കൂടി കടന്നു ചെല്ലണമെന്നു മാത്രം. പ്രായമായവരുടെ മുറി ഒരുക്കുമ്പോഴും ചില കാര്യങ്ങൾ ഓർത്തിരിക്കണം.

‌∙തുറക്കാൻ എളുപ്പമുളള വാതിലുകളാണ് മുതിർന്നവരുടെ മുറിയിൽ വേണ്ടത്. ബലം പ്രയോഗിച്ച് തുറക്കേണ്ട വാതിലുകൾ അടിയന്തിര ഘട്ടങ്ങളിൽ ചിലപ്പോൾ തടസ്സമായേക്കാം.

∙വാതിലിന് വീതി കൂടുതലായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ വീൽ ചെയർ കൂടി കടത്താവുന്ന തരത്തിലാകണം ഇതിന്റെ നിർമാണം. കട്ടിള തറയിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിലായാൽ തട്ടി വീഴാനുളള സാധ്യതയുണ്ട്.

∙കട്ടിലിന് അൽപം ഉയരം കൂടുതൽ വേണം. ഇരിക്കാനും എഴുന്നേൽക്കാനും എളുപ്പത്തിനാണിത്.

∙ഈ മുറിയിൽ അധികം ഫർണിച്ചറുകൾ വേണ്ട. കട്ടിൽ കൂടാതെ ഒരു കസേര കൂടി മതി.

∙ബാത്ത്റൂമിലേക്ക് പോകുന്ന വഴിയിൽ സെൻസർ വഴി പ്രവർത്തിക്കുന്ന ഫുട്ട് ലൈറ്റുകൾ പിടിപ്പിക്കാം. ആൾ കടന്നു വരുമ്പോൾ തെളിയുന്ന ഇവ രാത്രി മുഴുവൻ ലൈറ്റ് കത്തിച്ചിടുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കും.

∙തെന്നിവീഴാത്ത മാറ്റ് ഫിനിഷിങ്ങുളള ഫ്ലോറിങാണ് മുറിക്ക് നൽകേണ്ടത്. മുട്ടുവേദനയോ കാലുവേദനയോ ഉളളവരുടെ മുറിക്ക് വുഡൻ ഫ്ലോറിങ് നൽകാം.

∙അടിയന്തിര ഘട്ടങ്ങളിൽ മറ്റുളളവരെ വിളിച്ചുണർത്താൻ അലാറം നൽകാൻ മറക്കരുത്.

വീട് കിളിക്കൂട്

മുതിർന്നാൽ കുട്ടികളും പ്രത്യേകം മുറി വേണം എന്ന ഡിമാൻഡ് വയ്ക്കും. കുട്ടിമുറി ഒരുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

∙കുട്ടികളുടെ കട്ടിൽ ക്രേസി കാർ, ഫണ്ണി ബെഡ് തരത്തിലൊക്കെ ഡിസൈൻ ചെയ്യാറുണ്ട്. അതിന്റെ ട്രെൻഡ് കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. കുട്ടി വലുതായാൽ അത് മിക്കപ്പോഴും ഉപയോഗിക്കാതെ വരാനാണു സാധ്യത.

∙കുട്ടികളുടെ റൂമിൽ ഒരേ വലുപ്പത്തിലുളള രണ്ടു കട്ടിലുകൾ അകത്തിയിട്ട് സെറ്റ് ചെയ്യാം. കുട്ടികൾ വലുതാകുമ്പോൾ ചേർത്തിട്ട് ഒരാളുടെ മുറിയാക്കി മാറ്റാം.

കുട്ടികൾക്കായുള്ള കിടപ്പുമുറി കുട്ടികളുടെ മുറിയിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയോ മറ്റോ ചിത്രങ്ങളും വരയ്ക്കാം

∙സ്ഥലം കുറവാണെങ്കിൽ ബങ്ക് ബെഡുകൾ നൽകാം. പിന്നീട് നിവർത്തി ചേർത്തിട്ട് ഒറ്റ ബെഡ് ആക്കാൻ പറ്റുന്ന തരത്തിൽ സെറ്റ് ചെയ്യുന്നതാകും നല്ലത്. എസി ഇല്ലെങ്കിൽ രണ്ടു തട്ടിലും കിടക്കുന്നവർക്ക് കാറ്റ് കിട്ടുന്ന തരത്തിൽ പെഡസ്റ്റൽ ഫാൻ വയ്ക്കണമെന്നു മാത്രം.

∙ചെറിയ വീടാണെങ്കിൽ കുട്ടികളുടെ സ്റ്റഡി, പ്ലേ ഏരിയയും മുറിയിൽ തന്നെ സെറ്റ് ചെയ്യാം. കുട്ടിമുറിയിൽ സ്റ്റഡി ടേബിളിന് മുകളിലായി ലൈറ്റ് പോയിന്റ് കൊടുക്കാം.

∙സ്റ്റഡി ടേബിൾ ജനലിന് അഭിമുഖമാകാതെ ഒരു വശം ചേർത്തിട്ടാൽ മുറിയിൽ സ്വാഭാവിക വെളിച്ചവും വായുവും ലഭിക്കും. ഉന്മേഷത്തോടെ പഠിക്കാൻ അത് സഹായിക്കും.

∙കുട്ടികളുടെ ടേസ്റ്റ് അനുസരിച്ച് ചെറിയൊരു കളിസ്ഥലവും മുറിയിലൊരുക്കാം. ചെസ്, ക്യാരംസ് എന്നിങ്ങനെ ഗെയിമുകൾക്കാണ് സ്ഥലം നൽകേണ്ടത്. കളിപ്പാട്ടങ്ങളും ചെരിപ്പും ഷൂസുമൊക്കെ വയ്ക്കാൻ കട്ടിലിനടിയിലായി സ്റ്റോറേജ് സ്പെയ്സ് നൽകാം.

∙കുട്ടികൾ തന്നെ വരച്ച ചിത്രം ഫ്രെയിം ചെയ്തു വച്ച് മുറിക്ക് ഭംഗി കൂട്ടാം.

വിവരങ്ങൾക്കു കടപ്പാട്
സോണിയ ലിജേഷ്, ഡിസൈനർ,
ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ.

Your Rating: