Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേക്ക് ഓഫ് കണ്ടിറങ്ങുമ്പോൾ ഓർമ്മിക്കേണ്ടത്

take-off-1 ജീവനല്ല പ്രശ്നം, ജീവൻ രക്ഷപെട്ട് തിരികെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ ദിവസം എന്റെ കുഞ്ഞു രക്ഷപെട്ടല്ലോ എന്ന ആശ്വാസം കൊള്ളുന്ന അപ്പനും അമ്മയും അടുത്ത ദിവസം മുതൽ നിരത്താൻ തുടങ്ങുന്ന പട്ടിണിയുടെയും പരിവട്ടത്തിന്റെയും കണക്കുകളാണ്, അതു മാത്രമാണ് പ്രശ്നം.

ഭാഷയറിയാത്ത പരിചയക്കാരില്ലാത്ത അന്യരാജ്യത്ത് പുറംലോകമറിയാതെ ഒരു വലിയ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുക. നീണ്ട ഒരു മാസത്തെ നരകയാതനകൾക്കൊടുവിൽ സ്വന്തം രാജ്യത്തേക്ക് തിരികെ വരാൻ അവസരമൊരുങ്ങുക.

രണ്ടര വർഷങ്ങൾക്കു മുൻപ് ഇത്തരം നാൽപ്പതോളം സ്ത്രീകൾ ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അവരുടെ മുഖങ്ങളിൽ ആശ്വാസത്തിന്റെ നേർത്ത പുഞ്ചിരിക്കൊപ്പം ആശങ്കളുടെ കടലുമുണ്ടായിരുന്നു. അതെ കടൽ വീണ്ടും ഓർമ്മിപ്പിക്കുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത "ടെയ്ക്ക് ഓഫ്" എന്ന ചിത്രം.

സിനിമയിലെപ്പോഴോ ഒരു സ്ത്രീ പറഞ്ഞ വാചകം മുറിവേൽപ്പിക്കുന്നുണ്ട്, ജീവനല്ല പ്രശ്നം, ജീവൻ രക്ഷപെട്ട് തിരികെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ ദിവസം എന്റെ കുഞ്ഞു രക്ഷപെട്ടല്ലോ എന്ന ആശ്വാസം കൊള്ളുന്ന അപ്പനും അമ്മയും അടുത്ത ദിവസം മുതൽ നിരത്താൻ തുടങ്ങുന്ന പട്ടിണിയുടെയും പരിവട്ടത്തിന്റെയും കണക്കുകളാണ്, അതു മാത്രമാണ് പ്രശ്നം. ടെയ്ക്ക് ഓഫ് എന്ന സിനിമയുടെ പശ്ചാത്തലത്തിലെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് നഴ്‌സുമാരുടെ ജീവിതം ചർച്ചയാക്കേണ്ടതുണ്ട്.

സമീറ (പാർവ്വതി) ശക്തമായ പെൺ സാന്നിധ്യം

ടെയ്ക്ക് ഓഫ് എന്ന സിനിമയിലെ താരം കുഞ്ചാക്കോ ബോബനോ ഫഹദ് ഫാസിലോ പാർവ്വതിയോ ഒന്നുമായിരുന്നില്ല മറിച്ച് അതിലെ തിരക്കഥയാണ്. വ്യക്തമായ ആശയത്തെ ജീവിച്ചു പ്രതിഫലി പ്പിക്കുക എന്ന കടമ മാത്രമേ അഭിനേതാക്കൾക്കുണ്ടായിരുന്നുള്ളൂ. രാജേഷ് പിള്ളയുടെ ഓർമ്മ ചിത്രം എന്ന നിലയിലും ടെയ്ക്ക് ഓഫ് ചർച്ച ചെയ്യപ്പെടുമ്പോൾ അതിൽ മാനുഷികത ഇല്ലാതെയും വയ്യല്ലോ.

പാർവ്വതി അഭിനയിച്ച കഥാപാത്രം ഒരു നഴ്സ് എന്ന നിലയിൽ നിന്നും കടന്ന് അമ്മയായും മകളായും ആത്മ സംഘർഷങ്ങളിൽ പെടുന്നു. സ്വന്തം കുഞ്ഞിനെ പോലും അടുത്ത് നിർത്താനാകാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോൾ എത്രയോ സ്ത്രീകളുടെ പ്രതിനിധിയാകുന്നു പാർവ്വതിയുടെ കഥാപാത്രമായ സമീറ. ജീവിതം നൽകുന്ന ബുദ്ധിമുട്ടുകൾ ഒരു സ്ത്രീയെ എങ്ങനെ കരുത്തയാക്കി മാറ്റുമെന്നും സമീറ പഠിപ്പിക്കുന്നുണ്ട്.

വളരെ മനോഹരമായ ഒരു ജീവിതം ജീവിക്കുമ്പോൾ തന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലെങ്കിൽ പോലും മാതാപിതാ ക്കൾക്ക് പണം അയക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്! ജോലി മതിയാക്കി വീട്ടിൽ അടച്ചിരിക്കാൻ ആവശ്യപ്പെടുന്ന ആണധികാ രത്തിന്റെ നേർപതിപ്പുകളോട് എന്നാൽ ഞാൻ ജോലി ചെയ്താൽ കിട്ടുന്ന പണം പകരം നിങ്ങൾ എന്റെ വീട്ടിലേയ്ക്ക് അയക്കാമോ എന്ന ചോദ്യം കൊണ്ടാണ് സമീറ നേരിടുന്നത്.

സൗകര്യങ്ങളിലേക്ക് സ്വന്തം കുഞ്ഞിനെ വിട്ടു നൽകി അവൾ തിരികെ പോയതും ഒരു കറവപ്പശു ആകുമെന്ന് സ്വയം മനസ്സി ലാക്കി തന്നെയായിരുന്നു. കാരണം അവൾക്കു വേണ്ടിയാണ് സ്വന്തം അപ്പൻ ബാങ്കിൽ നിന്ന് വീട് പണയം വച്ച് ലോണെടുത്തതും അത് ജപ്തി ഭീഷണിയിൽ പെട്ട് കിടക്കുന്നതും. ശക്തമായ പെൺ സാന്നിധ്യമാണ് സമീറ സിനിമയിൽ. ഭർത്താവിന് വേണ്ടിയാണെങ്കിൽ കൂടി തീവ്രവാദികളോട് പോലും ഉറച്ച ശബ്ദത്തിൽ സംസാരിയ്ക്കാൻ അവൾക്ക് കഴിയുന്നുണ്ട്.  സമീറയുടെ മുഖത്തിനു പരിചിതമായ എത്രയോ സ്ത്രീ മുഖങ്ങളുടെ രൂപമുണ്ടെന്നു തിരിച്ചറിയുന്നു.

വിദേശത്ത് പണം കൊയ്യുന്ന നഴ്സ്

ഒരു സിനിമയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണോ ഇന്നും ഒരു വിഭാഗം അനുഭവിക്കുന്ന സങ്കടങ്ങൾ ഓർക്കേണ്ടത്? അതെന്തൊരു നിവൃത്തികേടാണ്! പക്ഷെ എത്ര പറഞ്ഞാലും എഴുതിയാലും കേട്ടാലും തീരാത്ത പോലെ അതിങ്ങനെ പരന്നു കിടക്കുകയാണ് ഇവിടുത്തെ മാലാഖമാർ എന്ന് വിളിപ്പേരുള്ള നഴ്സ് വിഭാഗം അനുഭവിക്കുന്ന ദുരന്തങ്ങൾ.

ഒരു കാലത്ത് മലയാളി പെൺകുട്ടികൾ ഏറ്റവുമധികം ജോലിയെ കുറിച്ചും ഉയർന്ന പഠനത്തിന് കുറിച്ചും ചിന്തിക്കുമ്പോൾ നാവിൽ വന്നിരുന്നത് നഴ്‌സിംഗ് പഠനം എന്ന് തന്നെയായിരുന്നു. ബി എഡ് പഠനം കഴിഞ്ഞു സമാധാനമായി നാട്ടിലെ സ്‌കൂളിൽ ഇത്തിരി ശമ്പളത്തിൽ ജോലി ചെയ്യുന്നതിന്റെ നിസ്സാരത ഓർത്തിട്ടോ എന്തോ മാതാപിതാക്കളും പെൺ മക്കളെ നിർബന്ധിച്ചു പ്ലസ്ടുവിനു ശേഷം എന്ത് എന്ന ചോദ്യത്തിന് "അവൾ നഴ്‌സിംഗിന് പോകാൻ തീരുമാനിച്ചു" എന്ന ഉത്തരം അഭിമാനത്തോടെ അവരും പറഞ്ഞു നടന്നു.

take-off-2 വളരെ മനോഹരമായ ഒരു ജീവിതം ജീവിക്കുമ്പോൾ തന്നെ ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലെങ്കിൽ പോലും മാതാപിതാക്കൾക്ക് പണം അയക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്!

അപ്പോഴും നോട്ടം വിദേശം തന്നെയായിരുന്നു. ഇന്ത്യൻ നഴ്‌സുമാർക്ക് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അനന്തമായ തൊഴിൽ സാധ്യതകളും വർധിച്ച ശമ്പളവും മാതാപിതാക്കളു ടെയും തീരുമാനങ്ങൾക്ക് ആക്കം കൂട്ടി. അതിനു വേണ്ടി താൽക്കാലി കമായി സ്വന്തം വീടും കുടുംബവും വിറ്റും വിസയ്ക്കുള്ള പണം കണ്ടെത്തി പെൺകുട്ടിയെ അകലെ ഗൾഫിലേക്കയക്കുമ്പോൾ സുരക്ഷിതമായൊരു ഭാവി തന്നെയാണ് ഏതൊരു മനസ്സുകളിലും ഉണ്ടായിരുന്നതും.

സ്വപ്‌നങ്ങൾ അത്ര തീവ്രമായി ആരെയും ചതിച്ചില്ല. നല്ല ശമ്പളം , സമയം... സ്റ്റാറ്റസ്... വിദേശത്തെത്തിയ നഴ്‌സുമാർ മികച്ച രീതിയിൽ ജീവിതം കെട്ടിപ്പടുത്തു. കുടുംബം നന്നാക്കി, സഹോദരങ്ങളെ നല്ല രീതിയിൽ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ചു അയക്കുകയും ചെയ്തു, ഇതിനിടയിൽ പലരും സ്വന്തം ജീവിതം മറന്നു പോവുക യോ എപ്പോഴോ ഓർത്തപ്പോൾ വീട്ടുകാർ പറഞ്ഞ ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടുകയോ അയാളെയും കൊണ്ട് വിദേശത്തേ യ്ക്ക് പറക്കുകയും ഒക്കെ ചെയ്തു.

അതോടെ ഈ ജോലിയിലേക്ക് വൻ തള്ളിക്കയറ്റം തന്നെ ഉണ്ടായി. ശോഭനകരമായ നഴ്‌സുമാരുടെ ആദ്യ വിദേശ കാലത്തിന്റെ ഒടുവിലെപ്പോഴോ ആണ് പല വിദേശ രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ നിതാഖാത് പോലെയുള്ള നിയമങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്.

അവിടെയും ഒരുപരിധി വരെ മറ്റാരു പിടിച്ചു നിന്നില്ലെങ്കിലും ഇന്ത്യൻ മാലാഖ സമൂഹം പിടിച്ചു നിന്നു കാരണം ടെയ്ക്ക് ഓഫിൽ വിദേശിയായ ഡോക്ടർ പറയുന്നത് പോലെ ഇന്ത്യയിൽ നിന്നു വന്ന ഒരു നഴ്‌സിന്റെ മാനുഷികതയോളം കൃത്യതയോളം മറ്റുള്ളവരുടെ നിലവാരത്തിൽ നിന്നു കിട്ടില്ല. അതുകൊണ്ടു തന്നെയാകണം വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ നഴ്സ് സമൂഹം ആദരിക്കപ്പെടുന്നതും. പക്ഷെ അവരുടെ നാട്ടിലെ അവസ്ഥയോ എന്ന് ചോദിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുക.

സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്ന മാലാഖമാർ

ഇത്രയധികം പെൺകുട്ടികൾ മാലാഖാമാരായി തുടരുമ്പോഴും സ്വന്തം നാട്ടിൽ അവർ അവഗണിക്കപ്പെട്ടു പോകുന്നുണ്ട്. പലരും ലക്ഷങ്ങൾ വായ്പ്പയെടുത്തും കുടുംബം വിറ്റും വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ എവിടെയെങ്കിലും ജോലിയ്ക്കു പ്രവേശി ക്കുമ്പോൾ കിട്ടുന്ന ശമ്പളം എത്രയോ നിസ്സാരമാണെന്നും അതുകൊണ്ടു വായ്പയുടെ പലിശ പോലും അടയ്ക്കാൻ തികയി ല്ലെന്നും അറിയുന്നത് കൊണ്ടാണ് വിദേശ രാജ്യങ്ങൾ ഇവരുടെ അവസാന സങ്കേതങ്ങളാകുന്നത്.

പെട്ടെന്നു ജോലി കിട്ടും എന്നുള്ളതു കൊണ്ടു തന്നെയാണ് ഒരു കാലത്ത് ഈ പ്രൊഫഷനിലേക്ക് ഇത്രയധികം പെൺകുട്ടികളുടെ കുത്തൊഴുക്ക് ഉണ്ടായതും. കേരളത്തിൽ കൊള്ളയടിച്ചും രോഗികളുടെ കയ്യിലെ കാശ് സമ്പാദിക്കുന്ന ആശുപത്രികൾ പോലും അവരുടെ മാലാഖാമാർക്ക് നൽകുന്ന ശമ്പളം വളരെ തുച്ഛമാണ്.

വർഷങ്ങളായി പ്രമുഖ ആശുപത്രികൾക്ക് മുന്നിൽ നഴ്‌സുമാർ ഉപവാസ സമരം വരെ നടത്തുന്ന കാഴ്ചകൾ അത്ര നിസ്സാരമല്ല. ഒരു കുടുംബത്തിന്റെ അത്താണിയായി വീട് പണയപ്പെട്ടു പോകാതിരിക്കാൻ അവർക്ക് അത്രയൊന്നും പോരാ എന്ന് പറയുമ്പോഴും വൈറ്റ് കോളർ പൊസിഷനിൽ ഇരിക്കുന്ന ഡോക്ടർ വിഭാഗത്തേക്കാൾ ആത്മാർത്ഥമായ സന്നദ്ധ സേവനം ചെയ്യുന്ന നഴ്സുമാർക്കാണ് വിലയിടേണ്ടത് എന്ന് എന്നാണു നമ്മൾ പഠിക്കുക?

പൊരുതുക അല്ലെങ്കിൽ മരിക്കുക

ടേക്ക് ഓഫ് എന്ന സിനിമ പറയുന്നതും അവരുടെ കഥയാണ്. അതിജീവിയ്ക്കാൻ യുദ്ധ മുഖത്തേക്ക് പോലും പോകാൻ തയ്യാറെടുക്കുന്ന മനുഷ്യർ നിസഹായതയുടെ പ്രതീകങ്ങളാണ്. ജീവിതത്തിൽ ഇനി മറ്റൊന്നും ചെയ്യാനില്ല, പൊരുതുക അല്ലെങ്കിൽ മരിക്കുക എന്ന ഓപ്‌ഷനുകൾ മാത്രമേ അവർക്കു മുന്നിലുള്ളൂ.

യുദ്ധമുഖത്തിൽ ഐ എസ് പോലെയുള്ള ഭീകര സംഘടനയുടെ ബന്ദികളായി ഒരു മാസത്തോളം ഭയന്നും മരണത്തെ മുന്നിൽ കണ്ടും കഴിഞ്ഞിരുന്നവർ ജോലി ചെയ്ത ശമ്പളം പോലും നിഷേധിക്കപ്പെട്ട നാട്ടിലെത്തുമ്പോൾ കേരളം സർക്കാരും പല പ്രമുഖരും പല വാഗ്ദാനങ്ങളും നടത്തിയിരുന്നു. അന്ന് ആവർത്തിക്കപ്പെട്ടു ഒരു ചോദ്യമുണ്ടായിരുന്നു, യുദ്ധമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ അവിടേയ്ക്കു പോയി. എന്തുകൊണ്ട് യുദ്ധം തുടങ്ങുന്നത് മുൻപ് തിരികെ വരാൻ ശ്രമിച്ചില്ല.

അവസരങ്ങൾ അവർക്കു മുന്നിൽ തുറന്നിടുന്നത് പ്രതീക്ഷകൾ മാത്രമായിരുന്നു. എന്തു വില കൊടുത്തും കുടുംബം സംരക്ഷിക്കണം എന്ന അവസ്ഥയാണ് യുദ്ധം നടക്കുന്ന ഒരിടത്തേക്ക് പോകാൻ അവരെ പ്രേരിപ്പിച്ചതും. തിരികെയെത്തുമ്പോൾ മുഖം കറുപ്പിക്കുന്ന മാതാപിതാക്കളും ബാങ്കുകാരുടെ നോട്ടീസും അവരെ പൊള്ളിച്ചു കൊണ്ടേയിരുന്നിരുന്നു.

take-off-3 ജീവിതത്തിൽ ഇനി മറ്റൊന്നും ചെയ്യാനില്ല, പൊരുതുക അല്ലെങ്കിൽ മരിക്കുക എന്ന ഓപ്‌ഷനുകൾ മാത്രമേ അവർക്കു മുന്നിലുള്ളൂ

ടേക്ക് ഓഫ് എന്ന സിനിമ കണ്ടവസാനിക്കുമ്പോൾ മനസ്സിൽ നഴ്‌സുമാരെ ഇറാഖിൽ നിന്നും രക്ഷപ്പെടുത്തിയ ഫഹദ് ഫാസിലോ , ഗർഭിണിയായിട്ടും ധൈര്യത്തോടെ നഴ്സുമാർക്കൊപ്പം നിന്നു  ഭർത്താവിനെ തിരഞ്ഞിറങ്ങിയ പാർവ്വതിയുടെ മുഖമോ ഒന്നുമായിരിക്കില്ല, പകരം രണ്ടര വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ വന്നിറങ്ങിയ നാൽപ്പതോളം മാലാഖമാരുടെ മുഖങ്ങളാകും. അവരെന്തു ചെയ്യുകയാകും ഇപ്പോൾ എന്താ ചിന്തയാകും ഓരോ നിമിഷവും.

ഇറാഖിലെ യുദ്ധ മുഖത്ത് നിന്നും നഴ്‌സുമാർ തിരികെയെത്തുമ്പോൾ അവർക്കു ലഭിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടുവോ? കറുത്ത മുഖങ്ങളുമായി അവരെ നിത്യവും അപമാനിക്കുന്ന മുഖങ്ങളും വാക്കുകളും വീട്ടിൽ അവരുടെ ഉറക്കം കെടുത്തുന്നുണ്ടാകുമോ? പകലും രാത്രിയും കഷ്ടപ്പെട്ടിട്ടും അപമാനവും ജോലിക്കൊത്ത പ്രതിഫലവും ലഭിക്കാത്ത ആശുപത്രി കെട്ടിടവും അവരെ കരയിപ്പിക്കുന്നുണ്ടാവുമോ?

ഇനിയൊരു അവസരം കിട്ടിയാലും യുദ്ധമുഖത്തേയ്ക്ക് പോകാൻ അവർ ഇനിയും തയ്യാറാകും. കാരണം അവർ മാലാഖാമാരാണ്, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും ജീവൻ നിവേദിക്കുകയും ചെയ്യുന്നവരാണ്. അവർക്ക് അങ്ങനേ ആാൻ കഴിയൂ.