Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം നമിക്കുന്നു ഈ അമ്മയെ

namitha-with-daughter നമിതയും മകളും. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയിട്ടും കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മകളുടെ ജീവിതം തിരിച്ചുപിടിച്ച ഒരു അമ്മയും താൻ മുതിർന്നു കഴിഞ്ഞാൽ അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മകളുടെയും കഥയാണ് ഇപ്പോൾ വെർച്വൽ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്.

നമിത നയ്യാർ എന്ന എൻ ആർ ഐ യുവതിയുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ച നമിത സ്വന്തം കഥപറയുന്നതിങ്ങനെ '' മകൾക്കു 3 വയസ്സുള്ളപ്പോഴാണ് ഭർത്താവുമായി വേർപിരിയുന്നത്. എന്തു ത്യാഗം സഹിച്ചും മകളെ നന്നായി വളർത്തണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സു നിറയെ. എന്നാൽ ജീവിതത്തിൽ ദൈവം ഇനിയുമേറെ പരീക്ഷണങ്ങൾ കാത്തുവെച്ചിട്ടുണ്ടെന്ന് അധികം വൈകാതെ എനിക്കു മനസ്സിലായി. 

മകളുടെ എട്ടാം വയസ്സിൽ അവളുടെ ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങി. അവളെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ ആദ്യം സംശയിച്ചത് അവൾക്കു മഞ്ഞപ്പിത്തമായിരിക്കുമെന്നാണ്. എന്നാൽ പിന്നീടു നടത്തിയ പരിശോധനയിൽ അവൾക്ക് വിൽ‌സൺസ് ഡിസീസ് എന്ന അപൂർവ രോഗമാണെന്നു കണ്ടെത്തി. കരൾ മാറ്റിവെച്ചാൽ മാത്രമേ കുഞ്ഞ് ജീവിതത്തിലേക്കു തിരികെ വരൂവെന്ന് ഡോക്ടർമാർ പറഞ്ഞു. കരൾമാറ്റ ശസ്ത്രക്രിയയെക്കുറിച്ചു തന്നെ ജീവിതത്തിൽ ആദ്യമായി കേൾക്കുകയായിരുന്നു ഞാൻ. രക്തബന്ധത്തിലുള്ളവരുടെ കരളാണ് മാറ്റിവെയ്ക്കുന്നതെങ്കിൽ കുഞ്ഞിന്റെ ശരീരം വേഗം അതിനോട് പൊരുത്തപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതുകൊണ്ട് ഞാൻ ആദ്യം സമീപിച്ചത് എന്റെ ഭർത്താവിനെയാണ്. അദ്ദേഹത്തിന് ഫാറ്റിലിവർ ആയതിനാൽ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

പിന്നെ എന്റെ മുന്നിലുള്ള ഏക പോംവഴി ഞാൻ തന്നെ കരൾ നൽകുക എന്നതായിരുന്നു. രക്തഗ്രൂപ് നിർണയിക്കാനായി സൂചി ശരീരത്തിൽ കടത്തുമ്പോൾ വരെ ബോധരഹിതയായി വീഴുന്ന എനിക്ക് ശസ്ത്രക്രിയ വലിയൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റംവരെ പോകാനും എനിക്കു മടിയില്ലായിരുന്നു. ശസ്ത്രക്രിയക്കു ശേഷം എന്റെ മകൾ പതുക്കെ ജീവിതത്തിലേക്കു മടങ്ങി വന്നു. അതുവരെ ഒരു റേഡിയോ സ്റ്റേഷനിൽ ജോലിചെയ്ത ഞാൻ മകൾ ആരോഗ്യം വീണ്ടെടുത്ത ശേഷം വിദേശത്തേു ജോലി ലഭിച്ചു പോയി. അധികം വൈകാതെ മകളെയും കൂടെക്കൂട്ടാനായി. ആദ്യം ദുബായിയിലും അവിടെ നിന്ന് മാഞ്ചസ്റ്ററിലേക്കും ഞങ്ങൾ പോയി. ഇപ്പോൾ യാത്രകളും ഫൊട്ടൊഗ്രഫിയുമൊക്കെയായി ഞങ്ങൾ ജീവിതം ആഘോഷിക്കുകയാണ്.

ജീവിതത്തോട് ഒറ്റയ്ക്കു പോരാടുന്ന അമ്മയായി ജീവിച്ചു തുടങ്ങിയപ്പോൾത്തന്നെ ജീവിതം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കു മനസ്സിലായതാണ്. ഓരോരോ ദുരന്തങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ മാത്രം ഇത്തരം മോശം കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് ഞാൻ വിലപിച്ചിരുന്നു. എന്നാൽ കൈപ്പേറിയ അനുഭവങ്ങൾ ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിച്ചു. ഇപ്പോൾ മകളെ ഒരു നല്ല വ്യക്തിയായി വളർത്തണമെന്നു മാത്രമാണ് എന്റെ ചിന്ത. അവൾക്കിപ്പോൾ 14 വയസ്സുണ്ട്. അവൾക്കു 17 വയസ്സുള്ളപ്പോൾ എന്റെ വിവാഹം നടത്തണമെന്നാണ് അവളുടെ ആഗ്രഹം''.- നമിത കുറിപ്പവസാനിപ്പിക്കുന്നതിങ്ങനെയാണ്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.