Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെന്തൊരു പരാജയമാണു ബഹൻ ; മെലാനിയയ്ക്കും ഇവാങ്കയ്ക്കും നേരെ പരിഹാസം ചൊരിഞ്ഞ് സമൂഹമാധ്യമങ്ങൾ

മെലാനിയ, ഇവാങ്ക മെലാനിയ, ഇവാങ്ക.

രാജ്യാന്തര ബന്ധങ്ങളിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്ന യാത്രയിലാണു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സൗദി അറേബ്യൻ സന്ദർശനത്തിനുശേഷം മധ്യപൂർവദേശത്തെ സുരക്ഷയും സമാധാനവും ലക്ഷ്യമാക്കി ഇസ്രയേലിലൂടെ നീളുന്ന യാത്ര. ലോകമാധ്യമങ്ങളിൽ ട്രംപിന്റെ സന്ദർശനം വലിയ തലക്കെട്ടുകൾ സൃഷ്ടിക്കുമ്പോഴും ഭാര്യ മെലനിയയും മകൾ ഇവാങ്കയും നവസാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇരയാകുന്നു. സൗദി സന്ദർശനത്തിനിടെ ഇരുവരും നടത്തിയ ചില പ്രസ്താവനകളാണ് എതിർപ്പും വിമർശനവും ഒപ്പം പരിഹാസവും ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ശിരോവസ്ത്രം ധരിക്കാതെയും ദേഹം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കാതെയും പൊതുവേദിയിൽ എത്തിയതിനു പിന്നാലെ സൗദിയിലെ സ്ത്രീകൾ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള പ്രസ്താവനകളാണ് പ്രസിഡന്റിന്റെ ഭാര്യയേയും മകളേയും കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്. സാമൂഹിക ജീവിതത്തിൽ ഒട്ടേറെ വിലക്കുകൾ നേരിടുന്ന സൗദി സ്ത്രീകൾ സ്ത്രീശാക്തീകരണ രംഗത്ത് മികച്ച പുരോഗതി കൈവരിച്ചതായി പ്രസിഡന്റിന്റെ ഉപദേശക കൂടിയായ ഇവാങ്ക ഞായറാഴ്ച പ്രസ്താവന ഇറക്കി.

വനിതാ സ്പോർട് അതോറിറ്റി ഡപ്യൂട്ടി പ്രസിഡന്റും രാജകുമാരിയുമായ റീമ ബിൻത് ബൻതറിന്റെ നേതൃത്വത്തിലുള്ള വനിതാ സംഘവുമായുള്ള റൗണ്ട് ടേബിൾ യോഗത്തിലാണു ഇവാങ്ക വിവാദ പ്രസ്താവന നടത്തിയത്. ഇക്കഴിഞ്ഞവർഷങ്ങളിൽ സൗദിയുടെ പുരോഗതി പ്രോത്സാഹജനകമാണ്.ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രത്യേകിച്ചും വനിതകൾക്കും സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കുന്നതിൽ മുന്നോട്ട് ഏറെ പോകാനുണ്ട് :ഇവാങ്ക പറഞ്ഞു.

കർശന നിയമങ്ങൾക്കുള്ളിലാണു സൗദിയിൽ സ്ത്രീകളുടെ ജീവിതം.സ്ത്രീകൾക്കു ഡ്രൈവ് ചെയ്യാൻ അനുമതിയില്ലാത്ത ഒരേയൊരു രാജ്യം. പുറത്തിറങ്ങുമ്പോൾ ദേഹം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചിരിക്കണം. പുരുഷൻമാരുടെ സംരക്ഷണയും അനിവാര്യം. സ്ത്രീകൾക്കെതിരെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തുവച്ചാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഇവാങ്ക പറഞ്ഞത് എന്നതാണു ശ്രദ്ധേയം. 

മെലാനിയയും ഒട്ടും കുറച്ചില്ല. ഒരു സർവീസ് സെന്ററിലെ സ്ത്രീകളെ പരിചയപ്പെടുന്നതിനിടെ ഇവാങ്കയുടെ അതേ സ്വരത്തിൽ മെലാനിയയും സൗദി സ്ത്രീകളെക്കുറിച്ചു പറഞ്ഞു. ട്വിറ്ററിൽ ചിത്രങ്ങൾപോസ്റ്റ് ചെയ്തുകൊണ്ട് അമേരിക്കയുടെ പ്രഥമവനിത എഴുതി: ഈ വനിതകളെ കാണാനും സംസാരിക്കാനും സാധിച്ചതിൽ സന്തോഷം.സ്ത്രീ ശാക്തീകരണത്തിലേക്ക് ഇവർ അതിവേഗം മുന്നേറുന്നു.

ഇവാങ്കയുടെയും മെലനിയയുടെയും പ്രസ്താവനകൾ പുറത്തുവന്നതോടെ പരിഹാസങ്ങളാൽ ട്വിറ്റർ നിറഞ്ഞു. ഇരുവർക്കും സൗദിയിലെ സ്ത്രീകളുടെ യഥാർഥ അവസ്ഥ  അറിയില്ലെന്നു പലരും പറഞ്ഞു.ഒപ്പം സൗദി സ്ത്രീകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും അടിമത്തവും നിസ്സാരമാക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും വിമർശനം ഉയർന്നു.

ശരിയാണ് ഇവാങ്ക, ഒരു പുരുഷന്റെ സംരക്ഷണില്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ലാത്തയിടത്തുവച്ചുതന്നെ ശാക്തീകരണത്തിലെ നേട്ടത്തെക്കുറിച്ചു പറയണം: ഇവാങ്കയെ പരിഹസിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ്. കടപനാട്യത്തിന് ഒരു പുതിയ പേര് – മെലാനിയ.സ്ത്രീശ്കാതീകരണത്തിന്റെ ഉദാത്ത മാതൃകയാണ് സൗദി...മെലനിയയെ പരിഹസിക്കുന്ന ട്വീറ്റ്.