Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലും മികച്ചരീതിയിൽ എങ്ങനെയാണ് ഒരു മകൻ അമ്മയോടുള്ള കടപ്പാട് തീർക്കുക !

mom-with-son ജൂഡിയും മകനും ബിരുദദാനച്ചടങ്ങിൽ. ചിത്രത്തിന് കടപ്പാട് എഎഫ്പി

ആ അമ്മയ്ക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ശാരീരികമായി തളർന്നുപോയ മകൻ മാനസികമായിക്കൂടി തളരരുത്. സാധാരണ മനുഷ്യരെപ്പോലെ ജോലിചെയ്തു ജീവിക്കണം.അവന്റെ കണ്ണുകളിൽ നിരാശയുടെ ഇരുൾ വീഴരുത്.

ജീവിതത്തെ ശപിച്ച് ഓരോ നിമിഷവും തള്ളിനീക്കേണ്ടിവരരുത്. തളർന്നുപോയ മകന്റെ കയ്യും കാലുമായി നിന്ന് മാനസികമായി ഉത്തേജിപ്പിക്കുക. അമ്മ ജീവിതം മകനു സമർപ്പിച്ചു. മകന്റെ മുഖത്തു പുഞ്ചിരി വിരിയാൻ. മകന്റെ ആഗ്രഹം സാക്ഷാത്കരിച്ച ദിവസം അമ്മയുടെ ജീവിതത്തിലെ അവിസ്മരണീയ ദിനമായി. മകനു ലഭിച്ച ബിരുദത്തിന്റെ പേരിൽ മാത്രമല്ല സ്വയം ആദരിക്കപ്പെട്ടതിനാലും. നിസ്വാർഥതയും മാതൃത്വത്തിന്റെ ഉദാത്തതയും വിളംബരം ചെയ്യുന്ന അപൂർവ സഭവം നടന്നത് അമേരിക്കയിലെ കലിഫോർണിയയിൽ.

ഒരു പ്രാഥമിക വിദ്യാലയിൽനിന്നു വിരമിച്ച അധ്യാപികയാണ് ജൂഡി ഒ കോണർ. മകൻ ഒരു വ്യവസായ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്യുകയായിരുന്നു 2012 –ൽ പടിക്കെട്ടുകളിൽനിന്നു താഴേക്കു വീണ മകൻ പക്ഷാഘാത രോഗിയായി. ശരീരം തളർന്നു വീൽചെയറിലായി.

അപ്രതീക്ഷിതമായ ആഘാതം അയാളെ തളർത്തി. ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടു. എന്തിനു ജീവിക്കണമെന്നുപോലും ആലോചിച്ച ദിവസങ്ങൾ.എന്തുചെയ്യാനും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥ. നിരാശ ബാധിച്ച മനസ്സിനെ പിടിച്ചുനിർത്തേണ്ടിയിരുന്നു. ഒപ്പം ജീവിതത്തിൽ നഷ്ടപ്പെട്ട ദിശയും കണ്ടുപിടിക്കണം. ജൂഡി അന്ന് അകലെ ഫ്ലോറിഡയിലാണു താമസിക്കുന്നത്. മകന്റെ ദയനീയാവസ്ഥയിൽ അമ്മ താമസം മകനൊപ്പമാക്കി.

എംബിഎ ബിരുദം നേടുകയെന്നതായി മകന്റെ ലക്ഷ്യം. ജൂഡി മകനൊപ്പം നിന്നു. വെറുതെ സഹായിക്കുക മാത്രമല്ല. വീൽചെയറിൽ കോളജിൽകൊണ്ടുപോയി. എല്ലാ ദിവസവും മകനൊപ്പം ക്ലാസിൽ ഹാജരായി. മകനൊപ്പമിരുന്ന് കുറിപ്പുകളെടുത്തു. പഠിക്കാൻ സഹായിച്ചു. ഐപാഡും ലാപ്ടോപും വോയ്സ് റെകഗ്നിഷൻ സോഫ്റ്റ്‍വെയറും ഉപയോഗിച്ചായിരുന്നു പഠനം. ഒരു കുറവും വരാതെ ജൂഡി മകനെ പരിപാലിച്ചു. കുറിപ്പുകളെടുത്തു പഠിക്കാൻ സഹായിച്ചതിനൊപ്പം മകനുവേണ്ടി പരീക്ഷകളിൽ ഉത്തരമെഴുതിയതും ജൂഡി തന്നെ.

ലൊസാഞ്ചൽസ് പ്രവിശ്യയിലെ ചാപ്മാൻ സർവകലാശാലയിലായിരുന്നു പഠനം. ഒടുവിൽ ബിരുദം സമ്മാനിക്കുന്ന ദിവസമെത്തി. മകൻ അംഗീകരിക്കപ്പെടുന്ന നിമിഷത്തിനു സാക്ഷിയാകാൻ ജൂഡിയും എത്തി. ബിരുദദാനച്ചടങ്ങിൽ അനൗൻസറുടെ പ്രഖ്യാപനം കേട്ടപ്പോൾ ഏറ്റവും കൂടുതൽ അത്ഭുതപ്പെട്ടതു ജൂഡി. സർവകലാശാലയിലെ അധ്യാപകരും ഭരണകർത്താക്കളും ഒരുമിച്ച് അപൂർവമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. മകനൊപ്പം അവന്റെ നിഴലായി നിന്നു പ്രചോദിപ്പിച്ച അമ്മ ജൂഡിക്കും എംബിഎ സമ്മാനിക്കുക. ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ചു സർവകലാശാല ഭരണാധികാരികളോടു സൂചിപ്പിച്ചതു മകൻ തന്നെ. ഇതിലും മികച്ചരീതിയിൽ എങ്ങനെയാണ് ഒരു മകൻ അമ്മയോടുള്ള കടപ്പാട് തീർക്കുക !

തനിക്കും ബിരുദം സമ്മാനിക്കാനുള്ള പ്രഖ്യാപനം കേട്ടപ്പോൾ ഒരു നിമിഷം അത്ഭുതപ്പെട്ടെങ്കിലും നിറഞ്ഞ ചിരിയോടെ ജൂഡി സർവകലാശാല വളപ്പിൽക്കൂടിയവരെ നോക്കി ചിരിച്ചു. എല്ലാവർക്കുമായി ഒരു ചുംബനം സമ്മാനിച്ചു.

മകനോടൊപ്പം സ്കൂളിൽ ഇരുന്ന ഓരോ നിമിഷവും താൻ പൂർണമായി ആസ്വദിച്ചതായി ജൂഡി പറഞ്ഞു.അധ്യാപികയായി വിരമിച്ച അവർ പഠനം എന്നും ഇഷ്ടപ്പെട്ടു. പഠിച്ചുകൊണ്ടിരിക്കു ന്നതിൽ ആനന്ദം കണ്ടെത്തി. ആ സമർപ്പണത്തിനും ത്യാഗത്തിനും ഉചിതമായ പ്രതിഫലമായി മകനൊപ്പം ലഭിച്ച എംബിഎ ബിരുദം.