Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികനായ ഭർത്താവ് അരികിലില്ല ; ഗർഭകാലത്ത് ഭർത്താവിനെ മിസ്ചെയ്യാതിരിക്കാൻ ഭാര്യ ചെയ്തത്

maternity-photoshoot വെറോനിക്കയുടെ മെറ്റേണിറ്റി ഫൊട്ടോഷൂട്ടിൽ നിന്ന്.

രാജ്യത്തെ സേവിക്കുന്ന ഓരോ സൈനികനും തന്റെ ചെറുതും വലുതുമായ ഒരുപാടു സ്വകാര്യയിഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ടി വരും. കുടുംബത്തിലെ വിശേഷാവസരങ്ങളിലൊന്നും കുടുംബാംഗങ്ങളോടൊത്തു ചിലവഴിക്കാൻ കഴിഞ്ഞുവെന്നും വരില്ല. വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിയായേ ചിലപ്പോൾ മക്കൾ പോലും അവരെ കണക്കാക്കൂ. ഒരു ഭാര്യ ഭർത്താവിന്റെ സാമീപ്യമാഗ്രഹിക്കുന്ന ഗർഭകാലത്തുപോലും ഭാര്യയുടെ അടുത്തുണ്ടാവാൻ അവർക്കു കഴിയില്ല. മക്കൾ പിറന്ന് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ ശേഷമായിരിക്കും അവരുടെ മുഖമൊന്നു കാണാൻ പോലുമുള്ള ഭാഗ്യം സൈനികർക്കുണ്ടാവുക.

veronica വെറോനിക്ക.

ഭർത്താവിന്റെ ജോലിയോടുള്ള ബഹുമാനവും അദ്ദേഹത്തിന്റെ മനസ്സു വായിക്കാൻ കഴിവുമുള്ള ഭാര്യമാർ ഭർത്താവിന്റെ അസാന്നിധ്യമറിയാതിരിക്കാൻ അവരുടെ ചിത്രം എപ്പോഴും കൂടെക്കൊണ്ടു നടക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിലെ ഒരു യുവതിക്ക് ഗർഭകാലത്ത് ഭർത്താവ് കൂടെവേണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷെ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിന് അടുത്തെങ്ങും അവധി ലഭിക്കാനുള്ള സാധ്യതയില്ല. ഭർത്താവിനെ വല്ലാതെ മിസ് ചെയ്തപ്പോൾ അവർ അതിനൊരു പോംവഴി കണ്ടെത്തി. എങ്ങനെയും മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തണം.

ഫ്ലോറിഡയിലെ വെറോനിക്ക എന്ന യുവതി ഭർത്താവ് ബ്രാൻഡൻ ഫിലിപ്സിന്റെ സാന്നിധ്യം അത്രമാത്രം ആഗ്രഹിച്ചിരുന്നു. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനായി ഫൊട്ടോഗ്രാഫർ ജെന്നിഫർ എത്തിയപ്പോൾ വെറോനിക്ക പറഞ്ഞത് ഇത്രമാത്രം. ഈ ഫൊട്ടോഷൂട്ടിൽ എന്റെ ഭർത്താവും വേണം പക്ഷേ അദ്ദേഹം സ്ഥലത്തില്ല. ഗർഭിണിയായ വെറോനിക്കയുടെ മാനസീക വിഷമം ജെന്നിഫറിനു മനസ്സിലായി. വെറോനിക്കയുടെ അതിമനോഹരങ്ങളായചിത്രങ്ങൾ പകർത്തിയ ശേഷം ജെന്നിഫർ വെറോനിക്കയ്ക്ക് ആ ഉറപ്പു നൽകി. ചിത്രങ്ങൾ കൈയിൽ കിട്ടുമ്പോൾ അതിൽ തീർച്ചയായും വെറോനിക്കയുടെ ഭർത്താവുമുണ്ടാകും.

ശേഷം ചിത്രങ്ങൾ എഡിറ്റ് ചെയ്യാനെടുത്തപ്പോൾ വെറോനിക്കയുടെ ഭർത്താവിന്റെ ചിത്രങ്ങളും കൂട്ടിച്ചേർത്തു. വെറോനിക്കയുടെ ആഗ്രഹം പോലെ ഗർഭകാലത്ത് തന്റെ ഭർത്താവും അരികിലുണ്ടെന്ന് വെറുതെയെങ്കിലും മനസ്സിനെ വിശ്വസിപ്പിക്കാൻ ഈ ചിത്രങ്ങൾ കാണുമ്പോൾ അവൾക്ക് കഴിയട്ടെയെന്നാണ് ജെന്നിഫർ പറയുന്നത്.