Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്യം രാജകുമാരന്റെ ഭാര്യ കെയ്‌റ്റിന്റെ പ്രിയ അനുജത്തി രാജകുമാരിയല്ല, എങ്കിലും വിവാഹം രാജകീയം

x-default പിപ മിഡിൽറ്റനും ജയിംസ് മാത്യൂസും വിവാഹച്ചടങ്ങിനു ശേഷം പള്ളിയിൽ നിന്നും പുറത്തേക്ക്.

ചില്ലുകൊണ്ടൊരു കൊട്ടാരം. എവിടെ നോക്കിയാലും പൂക്കൾ. എലിസബത്ത് രാജ്‌ഞി തൊട്ട് കുഞ്ഞു ഷാർലറ്റ് രാജകുമാരി വരെ അതിഥികൾ. ആ കുലീനമായ സദസ്സിനു നടുവിൽ ഒരു ലില്ലിപ്പൂവു പോലെ പിപ മിഡിൽറ്റൻ– വില്യം രാജകുമാരന്റെ ഭാര്യ കെയ്‌റ്റിന്റെ പ്രിയ അനുജത്തി.

ഇംഗിൾഫീൽഡിലെ സെന്റ് മാർക് പള്ളിയിൽ, ജയിംസ് മാത്യൂസുമായുള്ള വിവാഹത്തിനു പിപ ഒരുങ്ങിയെത്തിയപ്പോൾ, ബ്രിട്ടിഷ് സംസ്‌കാരം വിവരിക്കുന്ന ചിത്രപുസ്‌തകങ്ങളിൽനിന്നിറങ്ങി വന്ന വധുവിനെപ്പോലെ.

സിൽക് കോട്ടൺ ലേസ് ഗൗണും ഞെട്ടിൽനിന്നു തൂങ്ങിക്കിടക്കും പിയർപഴം പോലെ വജ്രക്കമ്മലും. വിവാഹച്ചടങ്ങു കഴിഞ്ഞ് വിന്റേജ് സ്‌പോർട്‌സ് കാറിൽ നവദമ്പതികളുടെ യാത്ര. പ്രഫഷനൽ റേസിങ് ഡ്രൈവറായിരുന്ന ജയിംസിനു പ്രായം 41. ഹെഡ്‌ജ് ഫണ്ട് മാനേജരാണ്. എഴുത്തും ജീവകാരുണ്യപ്രവർത്തനങ്ങളുമായി സജീവമായ പിപ മിഡിൽറ്റനു പ്രായം 33.

പള്ളിയിലെ കല്യാണത്തിനു ശേഷം മുന്നൂറോളം അതിഥികൾക്കായി വിരുന്നൊരുക്കിയത് ബക്കിൾബറിയിലെ മിഡിൽറ്റൻ കുടുംബ എസ്‌റ്റേറ്റിലായിരുന്നു. 18 ഏക്കർ വരുന്ന എസ്‌റ്റേറ്റിലെ ആഘോഷത്തിന്റെ ഭാഗമായി സൂപ്പർമറൈൻ സ്‌പിറ്റ്‌ഫൈർ പോർവിമാനത്തിന്റെ സാഹസിക പ്രകടനം. 

മേഗൻ മാർക്കിൾ വന്നാൽ എല്ലാം ഉറപ്പിക്കാം എന്ന മട്ടിലായിരുന്നു ബ്രിട്ടിഷ് മാധ്യമങ്ങൾ. അമേരിക്കൻ നടിയായ മേഗൻ, ഹാരി രാജകുമാരന്റെ പ്രണയിനിയാണെന്നാണു സംസാരം. ജ്യേഷ്‌ഠന്റെ ഭാര്യാസഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കാമുകിയുമൊത്തു ഹാരി വന്നാൽ തീർച്ചയാണല്ലോ, സംഗതി സീരിയസാണെന്ന്. എന്തായാലും മേഗൻ വന്നു. കല്യാണത്തിനല്ല, അതിനു ശേഷമുള്ള വിരുന്നു സൽക്കാരത്തിന്. മേഗനൊപ്പം നിൽക്കുമ്പോൾ ഹാരിയുടെ കണ്ണുകളിലെ ആ തിളക്കം!