Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടി വിദ്യാർഥിനിയുടെ ആത്മഹത്യയെക്കുറിച്ച് ആ അച്ഛൻ ചങ്കുപൊട്ടിപ്പറഞ്ഞത്

manjula മഞ്ജുള.

മകളെ ഐഐടിയിൽ പഠിക്കാൻ വിട്ടത് എന്റെ തെറ്റാണ്. പഠനത്തിനുവേണ്ടി ചെലവാക്കിയ ലക്ഷങ്ങൾ സ്ത്രീധനമായി കൊടുത്തിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു. ഡൽഹിയിൽ എയിംസിലെ പോസ്റ്റ്മോർട്ടം നടക്കുന്ന മുറിക്കുപുറത്തുനിന്നു വിലപിക്കുന്നത് ഒരച്ഛൻ. ഇക്കഴിഞ്ഞദിവസം ഐഐടി ക്യാംപസിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഗവേഷക വിദ്യാർഥിനി മഞ്ജുള ദേവകിന്റെ പിതാവ്.

അമേരിക്കൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെ ഉന്നത പഠനമെന്ന മോഹവുമായാണ് മഞ്ജുള ഇന്ത്യയിൽ എത്തുന്നതും പ്രശസ്തമായ ഡൽഹി ഐഐടിയിൽ ഗവേഷണത്തിനു ചേരുന്നതും. ജലസ്രോതസ്സുകളെക്കുറിച്ചുള്ള ഗവേഷണം അവസാനഘട്ടത്തോടടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചൊവ്വാഴ്ച മഞ്ജുളയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഫോൺ സന്ദേശത്തെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ക്യാംപസിലെ നളന്ദ അപാർട്മെന്റിലെ മുറി തുറന്നു അകത്തു കയറിയപ്പോഴേക്കും മഞ്ജുളയുടെ ശരീരം നിർജീവമായിരുന്നു.

പ്രാഥമിക പരിശോധയിൽ ആത്മഹത്യയെന്നാണു പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞും ക്യാംപസിൽ സന്തോഷവതിയായി കാണപ്പെട്ടിരുന്നു മഞ്ജുളയെ. ഞായറാഴ്ച അമ്മയെ വിളിച്ചു സംസാരിക്കുമ്പോഴും നേരിയ വിഷാദം പോലും വാക്കുകളിൽ ഇല്ലായിരുന്നു. കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല തങ്ങളുടെ പ്രിയപ്പെട്ട കുട്ടി ജീവൻ വെടിഞ്ഞുവെന്ന്.

മകളുടെ ശരീരത്തിനു കാത്തുനിൽക്കുമ്പോൾ കണ്ണീരടക്കാൻ കഴിയാതെ അച്ഛനും അമ്മയും പൊട്ടിക്കരയുന്നു. അവരുടെ വാക്കുകളിൽ ജീവിതത്തിന്റെ ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ച സമർഥയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ദുരന്തമുണ്ട്.ആത്മഹത്യയാണെങ്കിൽതന്നെ അതിലേക്കു നയിച്ച ദുരൂഹസാഹചര്യങ്ങളിലേക്കുള്ള സൂചനയും.

മഞ്ജുളയുടെ മാതാപിതാക്കളുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ സാധാരണ മരണമോ ആത്മഹത്യയോ അല്ല മഞ്ജുളയുടേത്. ഉന്നത പഠന ഗവേഷണ രംഗത്തെ താങ്ങാനാകാത്ത സമ്മർദവുമല്ല. കൂടുതൽ സ്ത്രീധനത്തിനുവേണ്ടിയുള്ള ഭർത്താവിന്റെ നിരന്തര ആവശ്യവും അതിനെത്തുടർന്നുള്ള പീഢനങ്ങളുമാണ് യഥാർഥ കാരണം. പ്രഥമിക പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മഞ്ജുള വിവാഹിതയായിരുന്നു. ഭർത്താവ് റിതേഷിനെതിരെ തെളിവുകൾ നിരത്തുന്നു മാതാപിതാക്കൾ. 25 ലക്ഷത്തോളം സ്ത്രീധനം റിതേഷ് മഞ്ജുളയോട് ആവശ്യപ്പെട്ടിരുന്നത്രേ.

നാലുവർഷം മുമ്പ് 2013 ൽ മഞ്ജുളയുടെയും റിതേഷിന്റെയും വിവാഹം ഉറപ്പിച്ചെങ്കിലും കഴിഞ്ഞ ഒരു വർഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നു പറയപ്പെടുന്നു. പഠനത്തിൽ സമർഥയായ മഞ്ജുളയെ നേരത്തെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ആലോചിച്ചിരുന്നില്ല. റിതേഷിന്റെയും മഞ്ജുളയുടെയും ജാതകങ്ങളുടെ ചേർച്ചയാണ് മകളുടെ വിവാഹത്തിലേക്കു നയിച്ചതെന്നു പറയുന്നു ഭോപാലിൽ  പോളിടെക്നിക് കോളജിൽ ജോലിചെയ്യുന്ന മാതാവ്സീമ.

Representative Image മകളെ ഐഐടിയിൽ പഠിക്കാൻ വിട്ടത് എന്റെ തെറ്റാണ്. പഠനത്തിനുവേണ്ടി ചെലവാക്കിയ ലക്ഷങ്ങൾ സ്ത്രീധനമായി കൊടുത്തിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു.

പഠനം ഉപേക്ഷിച്ചു തന്നോടൊപ്പം ബിസിനസ് ചെയ്യാൻ റിതേഷ് മഞ്ജുളയെ നിർബന്ധിക്കാറുണ്ടായിരുന്നത്രേ. ഡൽഹിയിലും മുംബൈയിലും ബിസിനസ് നടത്തി പരാജയപ്പെട്ടതിനുശേഷം റിതേഷ് മഞ്ജുളയോടൊപ്പം ക്യാംപസിലെ അപാർട്മെന്റിൽ താമസിച്ചിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ 25 ലക്ഷം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ട് റിതേഷ് ബുദ്ധിമുട്ടിച്ചതായും സീമ പറയുന്നു.

റിതേഷിന്റെ ശല്യം കൂടിയപ്പോൾ വിവാഹമോചനത്തെക്കുറിച്ച് താൻ മകളോടു സൂചിപ്പിച്ചു. പക്ഷേ കുടുംബത്തിന്റെ അഭിമാനത്തെക്കരുതി വിവാഹബന്ധം തുടരാനായിരുന്നു മഞ്ജുളയുടെ തീരുമാനം. അതിങ്ങനെ ഒരു അന്ത്യത്തിൽ എത്തുമെന്നു താൻ പ്രതീക്ഷിച്ചില്ലെന്നും കരച്ചിലിനിടെ സീമ പറയുന്നു. 

സിവിൽ എൻജിനീയറിങ്ങിൽ എംടെക് ബിരുദധാരിയായ മഞ്ജുള 2011 ലാണു ഡൽഹി ഐഐടിയിൽ ഗവേഷക വിദ്യാർഥിനിയാകുന്നത്. വിവാഹം കഴിഞ്ഞ് അധികകാലമാകുന്നതിനു മുമ്പുള്ള മരണമായതിനാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണം തുടങ്ങിയതായും ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു.

ഉന്നതപഠന രംഗത്തെ സമ്മർദമാണു ആത്മഹത്യയുടെ കാരണമെന്ന വാദത്തെ തള്ളിക്കളയുന്നു പേരു വെളിപ്പെടുത്താത്ത മഞ്ജുളയുടെ സഹപ്രവർത്തക. മഞ്ജുളയുടെ ഗവേഷണ പുരോഗതിയിൽ അവളുടെ ഗൈഡ് സംതൃപ്തനായിരുന്നു. ഇക്കാലയവളിൽ നാലുപേപ്പറുകൾ അവർ വിജയകരമായി സമർപ്പിച്ചിട്ടുമുണ്ട്. പഠനത്തിലും ഗവേഷണത്തിലുമെല്ലാം സമ്മർദങ്ങളുണ്ട്. പക്ഷേ, മഞ്ജുള മിടുക്കിയായ വിദ്യാർഥിനിയായിരുന്നു. ആത്മഹത്യയുടെ കാരണം പഠനവുമായി ബന്ധപ്പെട്ട കാരണങ്ങളല്ല:അവർ തീർത്തുപറയുന്നു.