Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'' അവനില്ലാതെ എല്ലാം എങ്ങനെ ശരിയാകും'' ; ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഭാര്യ ഒരുക്കിയ ഡോക്യുമെൻറ്‌റി കണ്ണുനിറയാതെ കാണാനാവില്ല

wife അ‍ഞ്ജലി പിന്റോ

ചിലരുടെ അസാന്നിധ്യം ഓരോ നിമിഷവും മനസ്സിനെ മഥിക്കും. അവരോടൊപ്പം ചിലവഴിച്ച ഭൂതകാലത്തിന്റെ ഓർമകൾ വല്ലാതെ വേട്ടയാടും. ആ അസാന്നിധ്യം പ്രാണനോളം പ്രണയിച്ച ഭർത്താവിന്റെ ആണെങ്കിലോ... ഒരിക്കലും തിരിച്ചു വരാനാകാത്ത ദൂരത്തേക്ക് പ്രാണന്റെ നല്ലപാതി പോയ്മറയുമ്പോൾ ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ട് നിസ്സാഹരാകും ചില ഭാര്യമാർ. സ്വന്തം കൺമുന്നിൽവെച്ച് ഭർത്താവിന്റെ പ്രാണൻ തട്ടിപ്പറിച്ചെടുത്ത് മരണം ക്രൂരമായ തമാശകാട്ടിയപ്പോൾ അഞ്ജലി പിന്റോ എന്ന ഭാര്യ തകർന്നില്ല.

നെരിപ്പോടുപൊലെ നീറുന്ന മനസ്സിന്റെ കടിഞ്ഞാൺ നിയന്ത്രണത്തിലാക്കി അവൾ ഒരു ഡോക്യുമെന്ററ‌റിയൊരുക്കി. ഭർത്താവ് ജേക്കബുമായി കഴിഞ്ഞ സുന്ദരമായ നാലുവർഷങ്ങളിലെ ചിത്രങ്ങളായിരുന്നു ആ ഡോക്യുമെന്റററിയിൽ. താൻ അനുഭവിക്കുന്ന വേദനകളെ അവൾ ആ ഡോക്യുമെന്ററ‌റിയിലേക്കു പറിച്ചു നട്ടു. പിടയുന്ന ഹൃദയത്തോടെ ഭർത്താവിന്റെ മരണനിമിഷങ്ങളെ ആ ഭാര്യ ഓർത്തെടുക്കുന്നതിങ്ങനെ. '' അതൊരു പുതുവത്സര രാവായിരുന്നു. അന്നദ്ദേഹം എന്നോടൊപ്പം വീട്ടിലുണ്ടായിരുന്നു. എറോട്ടിക് ഡിസെക്ഷൻ എന്ന രോഗമൂലമാണ് അദ്ദേഹം മരിച്ചത്. മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹം മുടി എന്റെ മുഖത്തേക്കു ചീകിയിട്ടു. നെറ്റിയിൽ ഒരു ഉമ്മ തന്നു. പിന്നെ ഒരു നിമിഷം പോലും വൈകാതെ മരണത്തിനു മുന്നിൽ കീഴടങ്ങി.

ഇപ്പോൾ ഞാൻ ഓർക്കാനാഗ്രഹിക്കുന്നത് അദ്ദേഹത്തോടൊപ്പമുള്ള സുന്ദരനിമിഷങ്ങളാണ്. വിവാഹദിവസം ഞങ്ങൾ ഒരുമിച്ചു നൃത്തം ചെയ്തു. ഞങ്ങളുടെ സ്വപ്നത്തിലേതുപോലെ ചടങ്ങുകളെല്ലാം ഭംഗിയാക്കിയവരോട് മനസ്സുനിറഞ്ഞ് നന്ദി പറഞ്ഞു. വിവാഹത്തിനു മുമ്പ് അൽപം പോലും ആത്മവിശ്വാസമില്ലാതിരുന്ന എന്നെ എന്റെ കഴിവുകൾ ബോധ്യപ്പെടുത്തി ആത്മവിശ്വാസം പകർന്നു നൽകിയതെല്ലാം അദ്ദേഹമായിരുന്നു. തിരിച്ചു ഞാൻ അദ്ദേഹത്തേയും ആത്മാർത്ഥതയോടെ സ്നേഹിച്ചു. ഒരു ഭർത്താവ് ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്നതെല്ലാം സന്തോഷപൂർവം ഞാൻ നൽകി. നിയന്ത്രണങ്ങളോ കെട്ടുപാടുകളോ ഉപാധികളോ വയ്ക്കാതെ അദ്ദേഹത്തെ സ്വതന്ത്രനാക്കി സ്വപ്നങ്ങളുടെ പിറകേ സഞ്ചരിക്കാൻ വിട്ടു.

ഇന്ന് അദ്ദേഹം നഷ്ടപ്പെട്ട ശൂന്യതയിൽ നിൽക്കുമ്പോഴും എനിക്ക് നിങ്ങളോടു പറയാനുള്ളത് ഒന്നുമാത്രം. നമ്മൾ ഈ ഭൂമിയിൽ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരാൾ നഷ്ടപ്പെട്ടുപോയാൽ മറ്റുള്ളവരെ സമാധാനിപ്പിക്കാനായി നിങ്ങൾ ആ സങ്കടം ഉള്ളിലൊതുക്കരുത്. കാരണം നിങ്ങൾക്കറിയാം പ്രിയപ്പെട്ട ആളിന്റെ ശൂന്യതയുണ്ടാക്കുന്ന മറ്റാർക്കും നികത്താൻ കഴിയില്ല എന്ന്... അതകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണശേഷവും ഞാൻ ഈ കാര്യം തുറന്നു പറയുന്നത്... നീ ഇല്ലാതെ എല്ലാം എങ്ങനെ ശരിയാകും?''...