Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ നിന്റെ അച്ഛനാവട്ടെ' ; ഹൃദയം നിറയ്ക്കും ഈ പ്രൊപോസൽ

permission ഗ്രാൻഡ് ട്രിബേർട്ട് പ്രണയിനിയെ വിവാഹം കഴിക്കാൻ അവളുടെ മകളുടെ അനുവാദം തേടുന്നു. ചിത്രത്തിന് കടപ്പാട് : മാൻഡി ഗില്ലിലാൻഡ് \ ഫെയ്സ്ബുക്ക്.

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുയർന്ന ആ ചോദ്യം അഞ്ചുവയസ്സുകാരിയോടു ചോദിക്കുമ്പോൾ ആ യുവാവിന്റെ മനസ്സ് ആർദ്രമായിരുന്നു. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ആ കൊച്ചുകുട്ടിയോട് അയാൾ ചോദിച്ചു. ജീവിതകാലം മുഴുവൻ നിന്നെ സ്നേഹിക്കാൻ സംരക്ഷിക്കാൻ നിന്റെ അച്ഛനായി ഞാൻ വരട്ടെ... 

ആ ചോദ്യം കേട്ട് സമീപത്തു നിന്നു പൊട്ടിക്കരയുന്ന അമ്മയുടെ കൈ പിടിച്ച് നിഷ്കളങ്കമായി ചിരിച്ച് അവൾ അയാൾക്കു മുന്നിൽ നിന്നു. ശേഷം സന്തോഷം കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു ഒടുവിൽ എനിക്കൊരു അച്ഛനെ കിട്ടിയിരിക്കുന്നു. ഇപ്പോൾ എനിക്ക് അച്ഛനും അമ്മയുമുണ്ട്. ആ കുഞ്ഞു മാലാഖയ്ക്കായിക്കൊണ്ടു വന്ന ഹൃദയചിഹ്നത്തിലുള്ള ലോക്കറ്റ് അയാൾ അവളുടെ കഴുത്തിൽ ചാർത്തി. ഇന്നു മുതൽ അവളുടെ സ്ഥാനം തന്റെ ഹൃദയത്തിലായിരിക്കുമെന്ന് അയാൾ പറയാതെ പറഞ്ഞു. ഗ്രാൻഡ് ട്രിബേർട്ട് എന്ന 29 വയസ്സുകാരനായ യുവാവാണ് തന്റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തുന്നതിനു മുമ്പ് അവളുടെ മകളോട് അനുവാദം വാങ്ങിയത്.

proposal ചിത്രത്തിന് കടപ്പാട് : മാൻഡി ഗില്ലിലാൻഡ് \ ഫെയ്സ്ബുക്ക്.

കസാൻഡ്ര റസ്ച്ചർ എന്ന പ്രണയിനിയുടെ മനസ്സുനിറച്ചു ആ പ്രൊപ്പോസൽ. ഇന്ത്യാനയിൽ വെച്ചാണ് ട്രിബേർട്ട് കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അവളുടെ സമ്മതത്തിനു മുമ്പ് അവളുടെ മകളുടെ സമ്മതമാണ് തേടേണ്ടത് എന്ന തോന്നൽ ട്രിബേർട്ടിനുണ്ടായി. അങ്ങനെയാണ് കുഞ്ഞിനോട് അവളുടെ അച്ഛനാവട്ടേയെന്നു ചോദിച്ചത്. '' വനത്തിലേക്കുള്ള തടിപ്പാലത്തിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ മൂവരും. അപ്പോഴാണ് ട്രിബേർട്ട് പൊടുന്നനെ മുട്ടുകുത്തി എന്റെ മകൾ ആൻഡ്രിയാനയ്ക്കു മുന്നിൽ നിന്നത്. എന്നിട്ട് താൻ അവളുടെ അച്ഛനാവട്ടെയെന്നു ചോദിച്ച് അനുവാദം വാങ്ങി ശേഷമാണ് എന്നെ പ്രോപ്പോസ് ചെയ്തത്'' കസാൻഡ്ര  പറയുന്നു.

ഡബിൾ എൻഗേജ്മെന്റ് എന്നു പറഞ്ഞാണ് അവരുടെ സുഹൃത്തും ഫൊട്ടോഗ്രാഫറുമായ മാൻഡി ഗില്ലിലാൻഡ് സുന്ദരനിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ''ജീവിതത്തിലെ വളരെമോശം സാഹചര്യങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഫെയ്സ്ബുക്കിലൂടെ ട്രിബേർട്ടിനെ പരിചപ്പെടുന്നത്. ആ സൗഹൃദം പ്രണയമായി വളർന്നു ഇപ്പോഴിതാ ഞങ്ങൾ ജീവിതത്തിലും ഒന്നിക്കാൻ പോകുന്നു. അവിവാഹിതനായ അതിലുപരി നല്ലൊരു മനസ്സിന്റെ ഉടമകൂടിയായ ഒരു പുരുഷനെ എനിക്കു ഭർത്താവായിക്കിട്ടുന്നതല്ല എന്നെ സന്തോഷിപ്പിക്കുന്നത്.മറിച്ച് എന്റെ മകൾക്ക് അവളെ പ്രാണനോളം സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടുന്നതാണ്''. നിറഞ്ഞ കണ്ണുകളോടെ കസാൻഡ്ര  പറയുന്നു.