Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''നിന്റെ നിറവും പൊക്കവും എനിക്കു പ്രശ്നമല്ല പെണ്ണേ, നിന്നെപ്പോലെ ചിരിക്കുന്ന ഒരുവളെ എനിക്കു മതി ''

unconditional-love ഷഹീന ബീഗവും മൊമിനുൾ ഇസ്ലാമും

ഈ പെണ്ണിനെ എങ്ങനെയെങ്കിലും വേഗം കെട്ടിച്ചുവിടണം. വർഷങ്ങൾ മുന്നോട്ടു പോകുന്തോറും ഇവളെ കെട്ടിച്ചയക്കാൻ ബുദ്ധിമുട്ടാകും. കറുത്ത പെണ്ണെന്നു വിളിച്ചു ബന്ധുക്കൾ കുത്തിനോവിക്കുമ്പോഴും ഹീലുള്ള ചെരിപ്പിട്ടു നടക്കാൻ കുടുംബക്കാർ നിർബന്ധിക്കുമ്പോഴുമെല്ലാം അവൾ ആരും കാണാതെ ഒരുപാടു കരഞ്ഞിട്ടുണ്ട്. താനെന്ന ഭാരം ഒഴിയാനായി ബന്ധുക്കൾ കാത്തിരിക്കുന്നതു കണ്ടു മനസ്സു നൊന്തിട്ടുണ്ട്. 

ഷഹീന ബീഗം എന്ന 19 വയസ്സുകാരി അവളുടെ കഥ പറഞ്ഞു തുടങ്ങുന്നതിങ്ങനെ. ജിഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫറാണ് ഷഹീനയുടെയും അവളുടെ ജീവിതത്തിൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ നിലാവു പരത്തിയ മൊമിനുൾ ഇസ്ലാം എന്ന 21 വയസ്സുകാരന്റെയും കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

ബന്ധുക്കളുടെ നിർദേശമനുസരിച്ച് പെണ്ണുകാണാനായി എത്തുന്നവർക്കു മുന്നിൽ അവൾ അണിഞ്ഞൊരുങ്ങി നിന്നിട്ടുണ്ട്. മുഖത്തു പൗഡറുകൊണ്ടു പുട്ടിയടിക്കും പൊക്കം തോന്നാനായി ഹീലുള്ള ഷൂസുകൾ ധരിക്കും വീഴാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചാലും പലപ്പോഴും കാലിടറും.

അപ്പോഴൊക്കെയും പെണ്ണുകാണാൻ വന്നവർക്കു മുന്നിലും അപഹാസ്യയാവും. കറുത്തതും പൊക്കം കുറഞ്ഞതുമായ പെണ്ണിന്റെ എന്തു സൗന്ദര്യം നോക്കാനാണെന്ന പുച്ഛഭാവത്തിൽ അവർ അവളുടെ വരുമാനത്തെക്കുറിച്ചും പാചകവൈദഗ്ധ്യത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കും. കറുമ്പിപ്പെണ്ണിന്റെ മുടി ഒറിജിനലാണോ എന്നു പരിശോധിക്കാൻ മുടി ശക്തിയായി വലിച്ചു നോക്കും. ഹീൽ ചെരുപ്പിട്ടു നടക്കുമ്പോൾ കാലിടറുന്നതിൽ സംശയം തോന്നുന്നതുകൊണ്ട് അവളെ നടത്തിച്ചു നോക്കും. എന്നിട്ടും മതിവരാതെ ഒരോ കുറ്റവും കുറവും പറഞ്ഞ് അവളെ വേണ്ടെന്നു പറഞ്ഞു പടിയിറങ്ങിപ്പോകും.

ഓരോദിവസും അപമാനം സഹിച്ചുകൊണ്ടു തളളിനീക്കുന്നതിനിടെയാണ് ഒരു പുരുഷനെ കാണാൻ അവളെ വീട്ടുകാർ നിർബന്ധിക്കുന്നത്. തീരെ താൽപര്യമില്ലെന്നു അവൾ പറഞ്ഞിട്ടും വീട്ടുകാർ വീണ്ടും വീണ്ടും നിർബന്ധിച്ചു. വീടിനു പുറത്തൊരു സ്ഥലത്തുവെച്ചാണ് അവർ കണ്ടുമുട്ടിയത്. തന്നെ അപമാനിക്കുന്ന സ്ഥിരം ചോദ്യങ്ങൾ ആ പുരുഷൻ ആവർത്തിക്കുമെന്നു കരുതി അവൾ കാത്തിരുന്നു. തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഹീലിലേക്കു മിഴിയുറപ്പിച്ച് അവൾ ഇരുന്നു.

'നീ എങ്ങനെയാണ് ഇത്ര ഹീലുള്ള ചെരുപ്പു ധരിച്ച് വീഴാതെ നടക്കുന്നത്?' മൗനം മുറിച്ച് അവൻ അവളോടു ചോദിച്ചു. 'അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത എന്നെ വല്ലാതെ ചിരിപ്പിച്ചു'. 'നിനക്കെന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ വീണ്ടും അവന്റെ ശബ്ദം'. 'ജീവിതത്തിൽ ഇന്നുവരെ ആരും എന്നോടങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല. എന്നെ പെണ്ണുകാണാൻ വന്നവരോ എന്റെ കുടുംബക്കാരോ ആരും. ഞാൻ അദ്ദേഹത്തോടു ചോദിച്ചു'. 'നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ എങ്ങനെയായിരിക്കണം.

''അവൾക്ക് നിന്നെപ്പോലെ മനോഹരമായി പുഞ്ചിരിക്കാൻ കഴിയണം അദ്ദേഹം മറുപടി പറഞ്ഞു. ശേഷം അദ്ദേഹത്തെക്കുറിച്ച് എനിക്കറിയാനായി കുറച്ചു കാര്യങ്ങളും പറഞ്ഞു തുടങ്ങി. എനിക്കു വളരെ കുറച്ചു സമ്പാദ്യമേയുള്ളൂ. എടുത്തു പറയാൻ അങ്ങനെ പ്രത്യേക കഴിവുകളൊന്നുമില്ല. ചില സമയത്ത് ഞാൻ നന്നായി പാചകം ചെയ്യും. പഴയപാട്ടുകൾ പാടാനും ഇഷ്ടമാണ്. നിനക്ക് എന്നെ ഇഷ്ടമായെങ്കിൽ എന്റെ അമ്മയെ നിന്റെ വീട്ടിലേക്കയയ്ക്കാം''.

''ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. അദ്ദേഹം എനിക്ക് ഹീലുള്ള ചെരുപ്പുകൾ വാങ്ങിത്തരാറേയില്ല. സ്ലിപ്പറുകളാണ് വാങ്ങിത്തരുക. ജോലികഴിഞ്ഞ് മിക്കവാറും ഞങ്ങളൊരുമിച്ചാണ് മടങ്ങി വരുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും വാങ്ങി ചെറിയ കാര്യങ്ങൾക്കു വരെ ചിരിച്ചു സന്തോഷിച്ചാണ് ഞങ്ങൾ മടങ്ങുന്നത്. ഇതുവരെ ഞങ്ങളുടെ സംസാരത്തിൽ പ്രണയം എന്ന വാക്കു കടന്നു വന്നിട്ടില്ല. ഇരുവർക്കും എന്തോ നാണമാണ് അതിനെക്കുറിച്ചു പറയുമ്പോൾ. ഞാൻ നിന്നെ പ്രണയിക്കുന്നുവെന്ന് ഞങ്ങളിരുവരും ഇതുവരെ പരസ്പരം പറഞ്ഞിട്ടില്ല. ഒരുപാടുദൂരം നടന്നാലേ ഞങ്ങളുടെ വീട്ടിലെത്താൻ സാധിക്കൂ. പക്ഷെ എത്രദൂരം വേണമെങ്കിലും ഒരുമിച്ചു നടക്കാൻ ഞങ്ങൾക്കിഷ്ടമാണ്''. 

ഒരു മഴയയും നനയാൻ വിടാതെ, ഒരു വെയിലും അവളെ പൊള്ളിക്കാതെ ചേർത്തുപിടിച്ച് അവളെ കൊണ്ടു നടക്കുകയാണ് ആ പുരുഷൻ. പെണ്ണിന്റെ മൊഞ്ചും അവളുടെ വരുമാനവുമല്ല തനിക്കു വേണ്ടത്. മറിച്ച് ഒരിക്കലും മായാത്ത അവളുടെ പുഞ്ചിരിയാണ് ഈ ആയുസ്സുമുഴുവൻ വേണ്ടതെന്ന് പറയാതെ പറയുകയാണവൻ.