Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ക്ലാസിൽ കുഞ്ഞിനെയും കൊണ്ടു വന്നോളൂ' ; സിംഗിൾ മദറിന് പ്രൊഫസറെഴുതിയ കത്ത് നെഞ്ചിലേറ്റി വെർച്വൽ ലോകം

morgan-with-her-friends മോർഗനും കുഞ്ഞും.

ജീവിതത്തിൽ പെട്ടന്നൊരു ദിവസം തനിച്ചായിപ്പോയതിന്റെ സങ്കടം അതനുഭവിച്ചവർക്കു മാത്രമേ മനസ്സിലാവൂ. ആ തനിച്ചാകലിൽ ഒരു കൈക്കുഞ്ഞു കൂടി കൈയിലുണ്ടെങ്കിലോ?. അങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു അമ്മയ്ക്കും കുഞ്ഞിനും ഒരു പ്രൊഫസർ തണലായ കഥയാണ് ഇപ്പോൾ വെർച്വൽ ലോകം ആഘോഷിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിൽ തെറാപ്യൂട്ടിക് റിക്രിയേഷൻ എന്ന കോഴ്സ് ചെയ്യുന്ന 21 വയസ്സുകാരിയായ മോർഗൻ കിങ് എന്ന യുവതിയും മൂന്നുമാസം പ്രായമായ അവരുടെ കുഞ്ഞും ജീവിതത്തിലെ മോശമായ അവസ്ഥയിൽ ഇരുവർക്കും താങ്ങായ ഡോ. സാലി ബി ഹണ്ടർ എന്ന പ്രൊഫസറുമാണ് ഈ വാർത്തയിലെ കഥാപാത്രങ്ങൾ.

ചൈൽഡ് ആൻഡ് ഫാമിലി സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറാണ് ഡോ. സാലി. മോർഗൻ ഇടയ്ക്കിടെ ക്ലാസിൽ വരാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പ്രൊഫസർ മോർഗനു കത്തെഴുതാൻ തീരുമാനിച്ചത്. കത്തെഴുതുന്നതിനു മുമ്പ് ആ പെൺകുട്ടി ക്ലാസിൽ വരാതിരിക്കാനുള്ള കാരണത്തെപ്പറ്റി പ്രൊഫസർ അന്വേഷിച്ചു.

മൂന്നുമാസം പ്രായമായ മകളെ നോക്കാൻ കെയർടെക്കറിനെ ലഭിച്ചില്ലെന്നും മോർഗനെ സഹായിക്കാൻ മറ്റാരും ഇല്ലെന്നും ആ അന്വേഷണത്തിൽ പ്രൊഫസർക്കു മനസ്സിലായി. മോർഗന്റെ അമ്മ സ്തനാർബുദം ബാധിച്ചു മരിച്ചതോടെയാണ് അവളും കുഞ്ഞും അനാഥയായതെന്ന് പ്രൊഫസർക്കു മനസ്സിലായി. പിന്നെ ഒട്ടും മടിച്ചില്ല. മോർഗൻ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധികൾ നിർദേശിച്ചുകൊണ്ട് ഡോ. സാലി വിശദമായ കത്തെഴുതി.

കുഞ്ഞിനെ തനിച്ചാക്കി ക്ലാസിൽ വരുന്നതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കണ്ട. കെയർടേക്കറെ കിട്ടുന്നില്ലെങ്കിലോ അവരുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിക്കാൻ ധൈര്യമില്ലെങ്കിലോ ഒന്നും സങ്കടപ്പെടണ്ട ക്ലാസിൽ വരുമ്പോൾ ഒപ്പം കുഞ്ഞിനെയും കൂടെക്കൂട്ടിക്കൊള്ളൂ എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കുഞ്ഞിനെ വീട്ടിലാക്കി വന്നാൽ കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് ആവലാതി  പൂണ്ട് ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് അവളെയും ഒപ്പം കൂട്ടിയാൽ ക്ലാസിൽ ശ്രദ്ധിക്കാനും നോട്ടുകൾ പകർത്തിയെഴുതുവാനും സാധിക്കുമെന്നും പ്രൊഫസർ സൂചിപ്പിച്ചു.

വളരെ ഗൗരവമായിത്തന്നെയാണ് താൻ ഇങ്ങനെയൊരു നിർദേശം മുന്നോട്ടു വയ്ക്കുന്നതെന്നും പ്രൊഫസർ പറഞ്ഞു. കുഞ്ഞിനെ ക്ലാസിൽക്കൊണ്ടു വരുന്നതിൽ തനിക്കു സന്തോഷമുണ്ടെന്നും ഫാമിലി ആൻഡ് ചൈൽഡ് കെയർ വിഭാഗത്തിൽ ജോലിചെയ്യുന്ന തനിക്കിതിനു കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കു കഴിയുമെന്നും ഡോ. സാലി ചോദിക്കുന്നു.

പ്രൊഫസറുടെ കത്തുകണ്ട് താൻ കരഞ്ഞു പോയെന്നും ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന മേധാവികളും പ്രൊഫസർമാരും സിംഗിൾ പേരന്റ്സിനോട് എങ്ങനെ പെരുമാറണമെന്ന് ഈ കത്തു വായിച്ചാൽ മനസ്സിലാകുമെന്നു പറഞ്ഞുകൊണ്ടാണ് മോർഗൺ ഈ കത്ത്  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലൈക്കുകളും റിട്വീറ്റുകളുമായി ആ കത്ത് സമൂഹമാധ്യമങ്ങളേറ്റെടുത്തു കഴിഞ്ഞു. പ്രൊഫസറുടെ നല്ല മനസ്സിനും മോർഗന്റെ കഠിനാധ്വാനത്തിനും ജയ്‌വിളിക്കുകയാണ് വെർച്വൽ ലോകം. രാത്രിയിൽ റെസ്റ്റോറന്റിൽ ജോലി ചെയ്തു സമ്പാദിക്കുന്ന പണംകൊണ്ടാണ് മോർഗൺ കുഞ്ഞിനെ വളർത്തുന്നതും സ്വന്തം പഠനത്തിനുള്ള പണം കണ്ടെത്തുന്നതും. മോർഗനെപ്പോലെ  ജീവിതത്തിൽ തനിച്ചായവർക്ക് ജീവിതത്തിൽ വിജയിക്കാൻ ഡോ. സാലിയെപ്പോലെയുള്ള നല്ല മനുഷ്യരുടെ പിന്തുണവേണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വെർച്വൽ ലോകം ഇവരുടെ കഥ പങ്കുവെയ്ക്കുന്നത്.