Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8–ാം വയസ്സിൽ വിവാഹം, 20–ാം വയസ്സിൽ അവൾ ഡോക്ടറാകാൻ പഠിക്കുന്നു ; ഭർതൃവീട്ടുകാർക്ക് ബിഗ്സല്യൂട്ട്

roopa-with-her-husband മൂന്നാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു രൂപയുടെ വിവാഹം. ഭർതൃവീട്ടുകാർ രൂപയുടെ പഠനം തുടരാൻ അനുവദിച്ചു.

വിവാഹത്തോടെ പല പെൺകുട്ടികളും സ്വപ്നം കാണുന്നത് അവസാനിപ്പിക്കാറുണ്ട്. എന്നാൽ രൂപ എന്ന പെൺകുട്ടി സ്വപ്നം കണ്ടു തുടങ്ങിയത് അവളുടെ വിവാഹശേഷമാണ്. രാജസ്ഥാനിലെ രൂപയാദവ് എന്ന യുവതി ഇപ്പോൾ ഡോക്ടറാവാൻ തയാറെടുക്കുകയാണ്. തന്റെ സ്വപ്നത്തിനു കൂട്ടുനിന്ന ഭർത്താവിനോടും ഭർതൃവീട്ടുകാരോടുമാണ് അവൾ അതിനു നന്ദി പറയുന്നത്.

രാജസ്ഥാനിലെ കോട്ടസ്വദേശികളായ രൂപയാദവിന്റെയും അവളുടെ ഭർത്താവ് ശങ്കർലാലിന്റെയും ജീവിതകഥ വളരെ സുന്ദരമാണ്. 8–ാം വയസ്സിലാണ് 12 വയസ്സുകാരനായ ശങ്കർലാലിന്റെ ഭാര്യയായി രൂപയെത്തുന്നത്. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന രൂപയുടെ കുടുംബത്തിൽ അഞ്ചുകുട്ടികളായിരുന്നു. രൂപയുടെ മുതിർന്ന സഹോദരിയായ രുക്മയുടെ വിവാഹം നടത്തിയ കൂട്ടത്തിൽ വീട്ടുകാർ രൂപയെയും വിവാഹം കഴിപ്പിച്ചു. 

മൂന്നാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു രൂപയുടെ വിവാഹം. ഭർതൃവീട്ടുകാർ രൂപയുടെ പഠനം തുടരാൻ അനുവദിച്ചു. പത്താംക്ലാസിൽ 84 ശതമാനം മാർക്ക് നേടിയ രൂപയെ വീണ്ടും മുന്നോട്ടു പഠിപ്പിക്കാൻ തയാറാവണമെന്ന് ബന്ധുക്കളും അയൽക്കാരും രൂപയുടെ ഭർതൃവീട്ടുകാരോടു പറഞ്ഞു. അങ്ങനെ അവരുടെ അനുവാദത്തോടെ പഠനം തുടർന്ന് രൂപ 11–ാം ക്ലാസിലും 12–ാം ക്ലാസിലും ഉന്നതവിജയം കൈവരിച്ചു.

പിന്നീടാണ് തന്റെ സ്വപ്നത്തോട് രൂപ കൂടുതൽ അടുത്തത്. തനിക്കൊരു ഡോക്ടർ ആവണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നീറ്റ് പരീക്ഷയെഴുതാൻ തയാറെടുക്കുകയും ചെയ്തു. ഗ്രാമത്തിനു പുറത്തുള്ള പരിശീലന കേന്ദ്രത്തിലാണ് രൂപ പരിശീലനത്തിനു ചേർന്നത്. ആദ്യത്തെ രണ്ടുവട്ടം മികച്ച റാങ്കുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മൂന്നാംവട്ടം 603–ാം റാങ്ക് നേടി അവൾ നീറ്റ് പരീക്ഷ വിജയിച്ചു.

രൂപയുടെ കുടുംബത്തിന്റെ സാമ്പത്തീകാവസ്ഥ മനസ്സിലാക്കിയ പരിശീലനകേന്ദ്രത്തിലെ അധികാരികൾ 75 ശതമാനം ഫീസ് ഇളവുചെയ്തുകൊടുത്തിരുന്നു. ഏതെങ്കിലും ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടണമെന്നാണ് രൂപയുടെ ആഗ്രഹം. കാരണമായി അവൾ പറയുന്നതിതാണ് '' എന്റെ മാതാപിതാക്കളെപ്പോലെ തന്നെ കർഷകരാണ് എന്റെ ഭർത്താവിന്റെ മാതാപിതാക്കളും അവർ ജോലിചെയ്തു കിട്ടുന്ന പണം ജീവിതച്ചെലവിനും എന്റെ പഠനത്തിനും കൂടി തികയില്ല. എന്നെ പഠിപ്പിക്കാനുള്ള പണം സമ്പാദിക്കാൻ എന്റെ ഭർത്താവ് ടാക്സിയോടിക്കാൻ പോകുന്നുണ്ട്. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടണമെന്നാണു പ്രാർഥന''- രൂപ പറയുന്നു.

ഡോക്ടറാവണം എന്ന മോഹം എങ്ങനെ മനസ്സിലുണ്ടായി എന്നു ചോദിച്ചാൽ അതിനുമുണ്ട് രൂപയ്ക്കുത്തരം. ''കൃത്യസമയത്ത് ചികിത്സകിട്ടാതെ എന്റെ അമ്മാവൻ മരിച്ചു. ഭീമറാം യാദവ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്. കൃത്യസമയത്ത് ചികിത്സകിട്ടിയിരുന്നെങ്കിൽ അദ്ദേഹമിന്നും ഞങ്ങളോടൊപ്പമുണ്ടായിരുന്നേനേം''. സങ്കടമടക്കാനാവാതെ രൂപ പറയുന്നു.

രൂപയുടെ സ്വപ്നം സഫലമാകാനുള്ള ചെറിയ സഹായം രൂപ നീറ്റ് കോച്ചിങ്ങിനു പോയ സ്ഥാപനം നൽകാൻ തീരുമാനിച്ചു. മാസംതോറും ഒരു നിശ്ചിത സംഖ്യ രൂപയുടെ പഠനാവശ്യത്തിനായി നൽകാനാണ് അവരുടെ തീരുമാനം.