Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 വയസ്സുകാരന് 70വയസ്സുകാരി വധു ; പണവും ശരീരവുമല്ല ഇവരെ ഒന്നിപ്പിച്ചത്, പക്ഷേ

selamat-riyadi-rohaya-binti 16വയസ്സുകാരനും 70 വയസ്സുകാരിയും വിവാഹവേളയിൽ.

ഇവൻ എന്തുകണ്ടിട്ടാണ് ആ വയസ്സിയെ വിവാഹം കഴിക്കുന്നത്? ഇവന്റെ തലക്കു ഭ്രാന്തുപിടിച്ചോ? പ്രായപൂർത്തിയാവാത്ത ചെക്കൻ എന്തെങ്കിലും മണ്ടത്തരം പറഞ്ഞൂ എന്നു വിചാരിച്ച് ഭരണാധികാരികൾ ഈ അന്യായത്തിനു കൂട്ടു നിൽക്കുന്നതു ശരിയാണോ?. അസാധാരണമായ വിവാഹവാർത്തകൾ കേട്ടവരൊക്കെ അവനുനേരെ ശകാരവർഷങ്ങൾ ചൊരിഞ്ഞു. അവന്റെ വിവരക്കേടിനെ പഴിച്ചു. 

ഇന്തോനേഷ്യയിലാണ് സംഭവം. 16 വയസ്സുകാരനായ സെൽമത് റിയാതിയാണ് മുത്തശ്ശിയുടെ പ്രായമുള്ള രൊഹയ്യ ബിറ്റ്നിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത്. എന്നാൽ ഇന്തോനേഷ്യയിലെ നിയമപ്രകാരം വിവാഹം കഴിക്കണമെങ്കിൽ വധുവിന് 16 വയസ്സും വരന് 19 വയസ്സും പൂർത്തിയാകണം. ഇവിടെ വരന് കേവലം 16 വയസ്സാണ് പ്രായം അതുകൊണ്ടു തന്നെ അവർ ഈ വിചിത്ര വിവാഹത്തെ എതിർത്തു.

എന്നാൽ വിവാഹം ഉടൻ നടത്തിത്തന്നില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് ഇരുവരും പറഞ്ഞതിനാൽ ഗ്രാമമുഖ്യർ വിവാഹം നടത്തിക്കൊടുത്തു. ഒപ്പം നിയമസാധുതയില്ലെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. എന്തിനാണ് ഒരു പടുവൃദ്ധയെ വിവാഹം കഴിക്കുന്നതെന്ന ചോദ്യത്തിന് ആ പതിനാറുവയസ്സുകാരന്റെ മറുപടിയിങ്ങനെ. ''അവരുടെ സമ്പത്തോ ശരീരമോ അല്ല എന്നെ മോഹിപ്പിച്ചത്. അവരുടെ സ്നേഹവും പരിചരണവുമാണ്. 

വർഷങ്ങൾക്കു മുമ്പേ എന്റെ അച്ഛൻ മരിച്ചുപോയി. അമ്മ മറ്റൊരു വിവാഹം കഴിച്ചെങ്ങോ പോയി. എന്നെ സ്നേഹിക്കാൻ‍ ആരുമില്ലായിരുന്നു. അങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുമ്പോഴാണ് എനിക്ക് മലേറിയ ബാധിച്ചത്. ആരുമില്ലാതെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നു ചിന്തിച്ചപ്പോഴാണ് എന്നെ പരിചരിക്കാൻ രൊഹയ്യ എത്തിയത്. അവർ എന്നെ സ്നേഹത്തോടെ പരിചരിച്ചു. എന്റെ രോഗം ഭേദമായി. അവരുടെ സ്നേഹവും കരുതലും പരിചരണവും ഇനിയെന്നും വേണമെന്നു തോന്നിയ നിമിഷത്തിലാണ് അവരെ വിവാഹം ചെയ്യാൻ ഞാൻ തീരുമാനിച്ചത്''.

രൊഹയ്യയുടെ മൂന്നാമത്തെ വിവാഹമാണിത്. മറ്റു രണ്ടുവിവാഹത്തിൽ അവർക്കു കുട്ടികളുമുണ്ട്. ഈ വിവാഹം നിയവിരുദ്ധമാണ് എന്നുതന്നെയാണ് ഭരണാധികാരികളുടെയും സാമൂഹ്യപ്രവർത്തകരുടെയും അഭിപ്രായം. പയ്യന് പ്രായം വളരെ കുറവാണ്. അവന് വേണ്ടത്ര പക്വതയുമില്ല. ആരുമില്ലാത്ത അവനു കുറച്ചു സ്നേഹം ലഭിച്ചപ്പോൾ അതാണു ജീവിതം എന്നവൻ തെറ്റിദ്ധരിച്ചതാണ്. അവനെ പറഞ്ഞു മനസ്സിലാക്കാൻ നടത്തിയ ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടു. കാലം നൽകുന്ന തിരിച്ചറിവുകൾ കൊണ്ട് അവൻ ജീവിതമെന്താണെന്നു പഠിക്കട്ടെ എന്നു കരുതി ആശ്വസിക്കുകയാണവർ.