Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഷമയുടെ ശമ്പളം തിരക്കിയയാൾക്കു കിട്ടിയതു മുഖമടച്ച മറുപടി

sushama-with-hus സുഷമസ്വരാജ് ഭർത്താവിനൊപ്പം.

നവമാധ്യമങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയക്കാരി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ട്വിറ്റർ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന,സഹായം അഭ്യർഥിച്ചെത്തുന്ന അപേക്ഷകളോടു കാരുണ്യത്തോടെ പ്രതികരിക്കുന്ന, ആർക്കും എപ്പോഴും ആശ്രയിക്കാവുന്നയാൾ എന്ന ഇമേജ് നിലനിർത്തുന്ന കേന്ദ്രവിദേശകാര്യ മന്ത്രിസുഷമ സ്വരാജ്. 

ട്വിറ്ററിൽ അവതരിപ്പിക്കുന്ന പ്രശ്നങ്ങളോടുപോലും സഹാനുഭൂതിയോടെയാണു മന്ത്രി പ്രതികരിക്കുന്നത്. ഉടനടി മറുപടികളും രക്ഷാപ്രവർത്തനവും നടത്താറുമുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തുമാകട്ടെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മന്ത്രി സുഷമ തന്നെ. മന്ത്രിയുടെ ഭർത്താവും മിസോറാം ഗവർണറുമായ സ്വരാജ് കൗശലും നവ സാമൂഹിക മാധ്യമങ്ങളിൽ സജീവം.

ക്രിമിനൽ അഭിഭാഷകനായ അദ്ദേഹവും ട്വിറ്റർ ഉപയോക്താക്കളുടെ പ്രിയങ്കരൻ. തമാശകളും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികളുമായി സുഷമയുടെ പ്രിയ ഭർത്താവും ഇതിനോടകം ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ആരാധകരെ സൃഷ്ടിച്ചു. ഈയടുത്ത് സുഷമയുടെ ശമ്പളം എത്രയാണെന്നു ചോദിച്ചയാൾക്കു സ്വരാജ് നൽകിയ മറുപടി ഇപ്പോൾ തരംഗമായിരിക്കുന്നു. ചിരി ഉയർത്തുകയും ചെയ്യുന്നു.

ചോദ്യങ്ങളോടെല്ലാം പ്രതികരിക്കുന്നതിനാൽ ആ സ്വാതന്ത്ര്യമെടുത്താവാം ഒരാൾ സുഷമാജിയുടെ ശമ്പളം തിരക്കിയത്.  സ്വരാജിന്റെ മറുപടി: ധനസഹായം വേണമെങ്കിൽ അതു ചോദിക്കൂ. പകരം ശമ്പളം എത്രയാണെന്നൊക്കെ എന്തിനാണു ചോദിക്കുന്നത് ? 

വിദഗ്ധനായ ഒരു അഭിഭാഷകന്റെ നർമബോധവും പ്രതിസന്ധിയിലും പതറാതെ പ്രതികരിക്കുന്ന സ്വഭാവവും തനിക്കിപ്പോഴുമുണ്ടെന്നു തെളിയിച്ചിരിക്കുന്നു കൗശൽ; സുഷമയ്ക്കു ചേർന്ന ഭർത്താവാണെന്നും. കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നവർ ഇനിയൽപം ആലോചിച്ചേ സ്വരാജിനോടു ചോദ്യങ്ങൾ ചോദിക്കൂ എന്നതുറപ്പ്.