Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അച്ഛനമ്മമാരിൽ നിന്ന് അകന്നാണ് എന്റെ താമസം'; 5-ാം ക്ലാസുകാരി പറയുന്ന കാരണം കണ്ണു നനയിക്കും

girl ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

എത്ര മുതിർന്നാലും അച്ഛനമ്മമാരിൽ നിന്ന് അകന്നു താമസിക്കാൻ മടിയുള്ള മക്കളുണ്ട്. അങ്ങനെയുള്ളവർ ഈ അഞ്ചാംക്ലാസുകാരിയുടെ കഥ തീർച്ചയായും കേൾക്കണം. ഒന്നു നഷ്ടപ്പെടുത്തിയാലേ മറ്റൊന്നു നേടാൻ കഴിയൂ എന്ന ഫിലോസഫിയൊന്നും ഈ കുഞ്ഞിനറിയില്ലെങ്കിലും അവൾ സ്വന്തം തീരുമാനപ്രകാരമാണ് ഗ്രാമത്തിലുള്ള അച്ഛനമ്മമാരെവിട്ട് പട്ടണത്തിനുള്ള ബന്ധുക്കളുടെ അടുത്തേക്ക് അവൾ താമസത്തിനെത്തിയത്.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവൾ തന്റെ കഥ ലോകത്തോടു പറഞ്ഞത്. '' അച്ഛനമ്മമാർക്കൊപ്പം ഗ്രാമത്തിലായിരുന്നു എന്റെ താമസം. മികച്ച വിദ്യാഭ്യാസത്തിനുവേണ്ടിയാണ് അച്ഛനമ്മമാരെവിട്ട് ‍ഞാൻ പട്ടണത്തിലേക്കു താമസത്തിനെത്തിയത്. ഇവിടെ എന്റെ ബന്ധുക്കളുണ്ട്. അവരോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. അഞ്ചാംക്ലാസിലായതോടെ ഞാൻ വലിയ കുട്ടിയായി എന്നാണ് അവർ പറയുന്നത്. അതു ശരിയാണെന്ന് ഇപ്പോൾ എനിക്കും ബോധ്യം വന്നിട്ടുണ്ട്. കാരണം ഇക്കുറി സ്കൂളിൽ നിന്നു തന്നുവിട്ട ഫോമെല്ലാം ഞാൻ തനിയെയാണ് പൂരിപ്പിച്ചത്.

എന്റെ സ്കൂളിനെ ഞാനേറെ സ്നേഹിക്കുന്നു. എല്ലാ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ സ്കൂളിൽ നിന്നു പഠിക്കുവാനുണ്ടാകും. ഒരു മറാത്തി മീഡിയം സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. എങ്കിൽപ്പോലും അവിടെ ഞങ്ങളെ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ പഠിപ്പിക്കുന്നുണ്ട്. ഓരോ പുതിയ വാക്കുകൾ പഠിക്കുമ്പോഴും എനിക്കു വളരെയധികം കൗതുകവും ആകാംക്ഷയും തോന്നാറുണ്ട്.

വലുതാവുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് ആ പെൺകുട്ടിയുടെ മറുപടിയിതാണ്. ഇപ്പോൾ എനിക്കതിനെക്കുറിച്ച് വലിയ ധാരണയില്ല. ഞാൻ ആരായാലാണോ എന്റെ മാതാപിതാക്കൾക്ക് അഭിമാനമുണ്ടാവുക. ആ നിലയിലെത്തിച്ചേരാനായിരിക്കും എന്റെ ശ്രമം. എന്നെക്കുറിച്ചുള്ള പ്രതീക്ഷകൾ അവർ ഗ്രാമത്തിലുള്ളവരോട് പങ്കുവെയ്ക്കാറുണ്ട്. ആ പ്രതീക്ഷകൾ സഫലമാക്കണമെന്നും അവർ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ഉയർച്ച ജീവിതത്തിൽ സ്വന്തമാക്കണമെന്നുമാണ് എന്റെ ആഗ്രഹം.

എനിക്കവരെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവർക്കും എന്നെ വളരെയധികം മിസ് ചെയ്യുന്നുണ്ട്. അവരെകാണാതിരിക്കുമ്പോൾ വല്ലാതെ വിഷമം തോന്നാറുണ്ട്. വിഷമം നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ ഞാൻ പുസ്തകങ്ങൾ തുറന്നു പഠിക്കാൻ തുടങ്ങും. കാരണം അങ്ങനെ ചെയ്യുമ്പോൾ എന്റെ അച്ഛനമ്മമാർ അരികിൽത്തന്നെയുണ്ടെന്നെനിക്കു തോന്നും. ഇങ്ങനെയാണവൾ ആ കുറിപ്പെഴുതി അവസാനിപ്പിച്ചിരിക്കുന്നത്. ചെറിയ പെൺകുട്ടിയുടെ വലിയമോഹങ്ങളെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിന് ഏഴായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.