Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറയൂ, അവർ നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടയാളെന്ന്; പങ്കുവെയ്ക്കൂ ദീതിയോടൊപ്പം ഒരു സെൽഫി

selfie-with-didi ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട ട്രാഫിക് ബ്ലോക്കിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ നിർത്താതെ ഹോണടിക്കുന്നവരുണ്ട്. മുന്നോട്ടു പോകാനാകില്ലെന്ന് ഉറപ്പുണ്ട്. മുന്നിൽ കുടുങ്ങിയ വാഹനങ്ങളുടെ തെറ്റുമല്ല കുരുക്ക്. എങ്കിലും മുന്നോട്ടുപോകാനുള്ള വെമ്പലിൽ അനാവശ്യമായി ശബ്ദമുണ്ടാക്കി പരിഹാസ്യരാവുന്നവർ.

തിരക്കായിരിക്കാം അവരെ മുന്നോട്ടു നയിക്കുന്നത്. ലക്ഷ്യമൊഴിച്ച് മറ്റെല്ലാം മറക്കാൻ പ്രേരിപ്പിക്കുന്ന തിരക്ക്. ഭ്രാന്തമായ തിരക്കിൽ മറക്കുന്ന ചിലതൊക്കെയില്ലേ? പരിഗണിക്കേണ്ട ചിലരെയൊക്കെ വിട്ടുപോകുന്നില്ലേ. തീർച്ചയായും ആലോചന അർഹിക്കുന്ന ചിന്ത. പ്രത്യേകിച്ച് ഇന്നത്തെ തിരക്കുപിടിച്ച. വേഗത ജീവിതമന്ത്രമാക്കിയ കാലഘട്ടത്തിൽ. 

വീടിനെക്കുറിച്ചുതന്നെ ഒരു നിമിഷം ചിന്തിക്കൂ. ജോലിയുമായി ബന്ധപ്പെട്ടും മറ്റും വീട്ടുജോലിക്കാരെ വീട് ഏൽപിച്ചായിരിക്കും പലരും പുറത്തുപോകുന്നത്. തിരിച്ചുവരുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കി വച്ചിരിക്കും. വീട് അടിച്ചുതുടച്ചു വൃത്തിയാക്കിസൂക്ഷിക്കും. ഇതൊക്കെ അവരെ ഏൽപിച്ചിരിക്കുന്ന ജോലിയല്ലേയെന്നും അതിനവർക്കു ശമ്പളം കൊടുക്കുന്നില്ലേയെന്നും ചോദിക്കുന്നവരുണ്ടാകും.

പക്ഷേ ശമ്പളത്തേക്കാൾ വലിയ ചിലതുണ്ട്. ഒരു നോട്ടമാകാം. പരിഗണനയുടെ അടയാളം. ഒരു വാക്കാകാം. ദയയുടെ , സ്നേഹത്തിന്റെ സമ്മാനം. ഒരു ചിരി. അതൊക്കെ മതിയാകും ഒരു ഹൃദയത്തിൽ സന്തോഷം നിറയ്ക്കാൻ.പക്ഷേ അതു പോലും മറന്ന്, അവഗണിച്ച്, തിരക്കിട്ടോടുന്നു.ഓട്ടത്തിൽ വീഴുമ്പോൾ അവഗണിച്ചവരായിരിക്കും സഹായിക്കാൻ ഓടിയെത്തുക. അപ്പോൾ പകർന്നുകൊടുക്കാത്ത സ്നേഹത്തെക്കുറിച്ചോർത്തു പശ്ചാത്തപിച്ചിട്ടെന്തു കാര്യം ? 

ജീവിതത്തിലെ വീണ്ടെടുപ്പുകളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു; ഇടയ്ക്കെങ്കിലും. അടുത്തിടെയെത്തിയ ഒരു പരസ്യചിത്രം ഒരു ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിലുപരി ജീവിതത്തിൽ തിരിച്ചുപിടിക്കേണ്ട ചിലതൊക്കെയുണ്ടെന്ന് ഓർമിപ്പിക്കുന്നു. പരസ്യചിത്രം മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തിന്റെ പ്രചാരം ഇപ്പോൾ നവമാധ്യമങ്ങളുടെ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നു: ദീദിയോടൊപ്പം ഒരു സെൽഫി.

തരംഗമായിരിക്കുന്ന പരസ്യചിത്രം ജയ്പൂർ ബ്രാൻഡിന്റേത്. ഒരു പ്രഭാതത്തിൽ വർത്തമാനപത്രത്തിന്റെ പേജുകൾ മറിക്കുകയാണ് ഒരു യുവതി. വീട്ടിലെ ജോലികൾ ചെയ്യാൻ സഹായിയുണ്ട്. മധ്യവയസ്സിനോടടുക്കുന്ന ഒരു സ്ത്രീ. ചിത്രത്തിലെ യുവതിയുടെ അമ്മയാകാൻ പ്രായമുള്ളവർ. ചായ നുണഞ്ഞു യുവതി പത്രം മറിക്കുമ്പോൾ ദീദി ഓരോ ജോലിയായി തീർക്കുന്നു. ജനാലകൾ തുടയ്ക്കുന്നു. കർട്ടനുകളിലെ പൊടി കളയുന്നു. തറ തുടയ്ക്കുന്നു. ഈ ജോലികൾക്കിടെ അവർ യുവതിയെ ആശ്വസിപ്പിക്കുന്നുമുണ്ട്. നല്ല വാക്കുകൾ പറയുന്നുണ്ട്.

പരാജയങ്ങളിൽ ഒറ്റയ്ക്കല്ലെന്ന ആശ്വാസവാക്കുകൾ. തിരിച്ചടികളിൽ തളരാതെ മുന്നോട്ടുപോകണമെന്ന പ്രോത്സാഹനം.സ്നേഹം വറ്റിപ്പോയ നദിയല്ലെന്ന ഓർമപ്പെടുത്തൽ. കോളിങ് ബെൽ അടിയ്ക്കുന്നു. ആരാണെന്നു നോക്കാൻ യുവതി ദീദിയോടു പറയുന്നു.ഒരു പാഴ്സൽ എത്തിയിരിക്കുന്നു. യുവതി തുറന്നുനോക്കുന്നു. പ്രിയപ്പെട്ടവർക്കു പങ്കുവയ്ക്കാൻ ജയ്പൂരിന്റെ സമ്മാനം. ഒരു ജോഡി കമ്മലുകൾ. ഏറ്റവും പ്രിയപ്പെട്ടവർക്കു കൊടുക്കാൻ ഒരു സമ്മാനം. ദീദിയല്ലാതെ മറ്റൊരാളെ യുവതിക്ക് ഓർക്കാനാകുന്നില്ല.അവർ ഉറക്കെ വിളിക്കുന്നു:ദീദീ...

അടുത്ത രംഗത്തിൽ കമ്മലുകൾ അണിഞ്ഞു കണ്ണാടിയിൽ മുഖം നോക്കുന്ന ദീദിയെ കാണാം. യുവതി ദീദിയെ അടുത്തുവിളിച്ചു ചേർത്തുനിർത്തുന്നു.ഒന്നിച്ചൊരു സെൽഫി എടുക്കുന്നു. നാണം കൊണ്ടു ദീദി കണ്ണടയ്ക്കുന്നു.അവർക്കിതു വിശ്വസിക്കാനേ വയ്യ. തന്റെ യജമാനത്തി പ്രകടിപ്പിക്കുന്ന സ്നേഹവായ്പ്. ദയയുള്ള വാക്കുകൾ. സമ്മാനം. കണ്ണുകൾ നിറയുന്ന കണ്ണീർ ദുഃഖത്തിന്റേതല്ല; അടക്കിവയ്ക്കാനാകാത്ത സ്നേഹത്തിന്റെ പ്രതിഫലനം. 

പറയൂ, അവർ നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടയാളെന്ന് എന്ന വാചകമുണ്ട് ചിത്രത്തിനവസാനം.ഒപ്പം ദീദിയോടൊപ്പമുള്ള സെൽഫി പങ്കുവയ്ക്കാൻ ആഹ്വാനവും.