Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അച്ഛൻ ചങ്കുപൊട്ടിപ്പറഞ്ഞു; 'അങ്ങനെയൊരു മുന്നറിയിപ്പുകൊടുത്തിരുന്നെങ്കിൽ അവൾ കൊല്ലപ്പെടുമായിരുന്നില്ല'

shimla-girl-murder ചിത്രത്തിനു കടപ്പാട് ; പിടിഐ.

'' 16 വയസ്സിൽ മാനഭംഗത്തിനിരയായി എന്റെ മകൾ കൊല്ലപ്പെട്ടു. അവളെ ഉപദേശിക്കുമ്പോഴൊക്കെ ഈ ഒരു കാര്യം പറഞ്ഞുകൊടുക്കാൻ ഓർത്തിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടു കൂടി ഉണ്ടായിരുന്നേനേം''- ചങ്കുപൊട്ടി ആ അച്ഛൻ പറഞ്ഞു. ജൂലൈ 4 നാണ് ഷിംലയിൽ നിന്നും 16 വയസ്സുകാരിയെ കാണാതായത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുംവഴിയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്നു നടത്തിയ തിരച്ചിലിൽ രണ്ടു ദിവസത്തിനു ശേഷം  വനത്തിനു സമീപത്തു നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

മുഖത്തും ശരീരത്തിലും നിറയെ മുറിവുകളോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂട്ടമാനഭംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്കൂളിൽ പോയി തനിച്ചു മടങ്ങിയ പെൺകുട്ടിയെ വനത്തിനും ആപ്പിൾത്തോട്ടത്തിനും മധ്യേയുള്ള വിജനമായ വഴിയിൽവെച്ച് ആക്രമിച്ചു കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.ഈ സംഭവത്തിൽ ആപ്പിൾത്തോട്ടത്തിന്റെ ഉടമയുൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പെൺകുട്ടിയും സഹോദരനും മറ്റുസഹപാഠികളുമടക്കം വിദ്യാർഥികളുടെ ഒരു സംഘമായേ സാധാരണ ആ വഴിയിലൂടെ നടക്കാറുള്ളൂവെന്നും നിർഭാഗ്യവശാൽ സംഭവം നടക്കുന്ന ദിവസം പെൺകുട്ടി ഒറ്റയ്ക്കായിപ്പോയെന്നുമാണ് വീട്ടുകാർ പറയുന്നത്. '' ആ വഴി ഒറ്റയ്ക്കു നടന്നാൽ വന്യമൃഗങ്ങൾ ആക്രമിക്കുമെന്ന് ഞാൻ ദിവസവും അവളോടു പറയുമായിരുന്നു. പ്രത്യേകിച്ചും കരടികൾ''. അപ്പോഴൊക്കെ അവൾ പറയും ' പപ്പാ പേടിക്കാതിരിക്കൂ എന്നെ ആരും ആക്രമിക്കില്ല എന്ന്'. 'പക്ഷേ വന്യമൃഗങ്ങളേക്കാൾ ക്രൂരന്മാരായ മനുഷ്യമൃഗങ്ങളെ ഭയക്കണമെന്ന് ഞാൻ അവളെ ഉപദേശിച്ചില്ല. അതാണ് എന്റെ മകൾക്ക് ഇന്നീ ദുർവിധി വരാൻ കാരണം''. - കണ്ണീരോടെ അവളുടെ അച്ഛൻ പറയുന്നു.

സംഭവത്തെത്തുടർന്ന് പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ജനക്കൂട്ടം ആക്രോശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർഭദ്രസിങ് പറഞ്ഞത്.