Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരംഗ്; അട്ടപ്പാടിയുടെ ഹൃദയഭൂമിയിൽ അധ്യാപക ദമ്പതികളൊരുക്കിയ സ്വപ്നത്തിന്റെ പേര്

teacher-couple ചിത്രത്തിന് കടപ്പാട്; സാരംഗ്.

മൗലികമെന്നു തോന്നുന്ന ആശയങ്ങളെക്കുറിച്ചു സംസാരിക്കുന്നവർ ഏറെയുണ്ടാകും. ആവേശത്തോടെ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നവർ. പക്ഷേ, ആശയങ്ങളെ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന് വ്യത്യസ്തരാകുന്നവർ അപൂർവം. ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും 36 വർഷം മുമ്പ് അപൂർവമായ ഒരു സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ജീവിതം സമർപ്പിച്ചു. ഭ്രാന്തു പിടിച്ചവർ എന്നു സമൂഹം മുദ്രകുത്തിയെങ്കിലും തങ്ങളുടെ ആശയത്താൽ പ്രചോദിതരായി ആ ദമ്പതികൾ ലോകത്തിന് ഒരു മാതൃക കാട്ടിക്കൊടുത്തു. അതും ആദിവാസികളുടെ ദുരിതജീവിതത്തിന്റെപേരിൽ കുപ്രസിദ്ധമായയ അട്ടപ്പാടിയിൽ. അപൂർവങ്ങളിൽ അപൂർവായ മാതൃക. അതത്രേ സാരംഗ്. 

സർക്കാർ സ്കൂൾ അധ്യാപകരായിരുന്നു ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തതകളെക്കുറിച്ചു നേരറിവുള്ളവർ. കുറച്ചു വിവരങ്ങളും കണക്കുകളും മാത്രം പഠിക്കുകയും ജീവിതത്തെ നേരിടാൻ പ്രാപ്തിയില്ലാതെ വളരുകയും ചെയ്യുന്ന കുട്ടികളെ കണ്ട് മനം മടുത്തവർ. അവർ ഒരു സ്വപ്നം പങ്കുവച്ചു പരസ്പരം. പ്രകൃതിയോടിണങ്ങിയ ഒരു വിദ്യാലയം. ജനാധിപത്യം പുലരുന്ന വിദ്യാലയം. ഭിത്തികളില്ലാത്ത ക്ലാസ്മുറികൾ. സ്വപ്നംകണ്ട വിദ്യാലയത്തിന് അവർ സ്നേഹത്തോടെ പേരിട്ടു–സാരംഗ്. നിലവിലുള്ള സ്കൂളുകളിൽനിന്നെല്ലാം വ്യത്യസ്തം. സർട്ടിഫിക്കറ്റുകളില്ലാത്ത, സിലബസ് ഇല്ലാത്ത, പാഠപുസ്തകങ്ങളില്ലാത്ത മാതൃകാ വിദ്യാലയം.

1994–ൽ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ജോലി ഉപേക്ഷിച്ചു. സാംരഗിനുവേണ്ടി പ്രവർത്തനം തുടങ്ങി. ആദ്യത്തെ വിദ്യാർഥി ദമ്പതികളുടെ ആദ്യപുത്രൻ തന്നെ–ഗൗതം. ക്രമേണ കുറച്ചു കുട്ടികൾ എത്തിത്തുടങ്ങി. അടുത്ത ബന്ധുക്കളുടെ വീടുകളിൽനിന്ന്. അയൽവക്കങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്ന്. മറ്റു സ്കൂളുകളിൽനിന്നു പുറത്തായവർ ഒക്കെ. ആ കുട്ടികൾ സാരംഗിൽ വളർന്നു–സഹപാഠികളായല്ല; സഹോദരി സഹോദരൻമാരായി. 

ബ്ലാക്ക്ബോർഡിൽ നോക്കിയോ പുസ്തകം കാണാതെ പഠിച്ചോ അല്ല സാരംഗിലെ കുട്ടികൾ പഠിച്ചത്. തരിശായി കിടന്ന ഭൂമിയായിരുന്നു അവരുടെ ക്ലാസ്മുറി. അട്ടപ്പാടിയുടെ ഹൃദയഭൂമിയിൽ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും വാങ്ങിയ ഒരേക്കർ ഭൂമി.

sarang ചിത്രത്തിന് കടപ്പാട്; സാരംഗ്.

ഒരേക്കർ പിന്നീടു 12 ഏക്കറായി വളർന്നു. ഒരു മലയുടെ ചെരിവിൽ. മരങ്ങൾ അപൂർവം. മണ്ണു തന്നെയില്ലാത്ത പാറ. ഒരു കിണറേയുണ്ടായിരുന്നുള്ളൂ.അതും വറ്റിയത്. പക്ഷേ തങ്ങൾ വളർത്താൻ ഉദ്ദേശിക്കുന്ന കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ ഭൂമി ഇതുതന്നെ എന്ന് ദമ്പതികൾ തീരുമാനിച്ചു. അവരൊരുമിച്ച് ഭൂമിയെ പച്ചപിടിപ്പിക്കാൻ തുടങ്ങി. അയൽപ്രദേശങ്ങളിലുള്ളവർ ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഭൂമി ഉപേക്ഷിച്ചുപോയി. പക്ഷേ ഗോപാലകൃഷ്ണും കുടുംബവും അവരോടൊപ്പംകൂടിയ കുട്ടികളും ഉറച്ചുനിന്നു.

അവർ വെള്ളം ഒഴുകിപ്പോകാതെ ചെക്ഡാമുകൾ കെട്ടി. മണ്ണൊലിപ്പ് തടഞ്ഞു ഭൂമിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കാട്ടുതീ വലിയൊരു ഭീഷണിയായിരുന്നു. തീപിടിത്തം ഉണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കി. സാംരഗിലേക്കുവേണ്ട പച്ചക്കറികളും ധാന്യങ്ങളും ചുറ്റുമുള്ള ഭൂമിയിൽ കൃഷി ചെയ്തു.

എല്ലാ പ്രവർത്തനങ്ങളിലും പ്രായവ്യത്യാസമില്ലാതെ സാരംഗ് ഒരുമിച്ചുനിന്നു. കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞും കുട്ടികൾ ജീവശാസ്ത്രവും ഭൂമിശാസ്ത്രവും രസതന്ത്രവും ഭൗതികശാസ്ത്രവും പഠിച്ചു. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ഭാഷയും വ്യാകരണവും പഠിച്ചു. 15 വർഷം കഴിഞ്ഞപ്പോൾ തരിശുഭൂമി ഹരിതാഭ നിറഞ്ഞ ഫലഫൂയിഷ്ടമായ ഭൂമിയായി. ഇഷ്ടംപോലെ വെള്ളം, പക്ഷികൾ മരങ്ങളിൽ ചേക്കേറി, മൃഗങ്ങൾ ഓടിക്കളിച്ചു ഒരിക്കൽ തരിശുഭൂമിയായിരുന്നിടം ഫലഫൂയിഷ്ടമായ വസന്തം വിരുന്നെത്തുന്ന ഭൂമിയായി.

സുഗമമായിരുന്നില്ല സാംരഗിന്റെ മുന്നോട്ടുള്ള പ്രയാണം. സ്കൂൾ തുടങ്ങി രണ്ടുവർഷമായപ്പോഴേക്കും കനത്ത നഷ്ടം നേരിട്ടു. സാരംഗിൽ പഠിച്ചിരുന്ന അമ്പതോളം കുട്ടികൾക്കു പഠനം അവസാനിപ്പിക്കേണ്ടിവന്നു.ആഭ്യന്തര പ്രശ്നങ്ങളും ജീവനക്കാരുമായി ഉലടെലുത്ത വഴക്കുകളും വിലങ്ങുതടിയായി. പ്രവർത്തനംതുടങ്ങി രണ്ടുവർഷത്തിനകം സ്കൂൾ അടച്ചുപൂട്ടി.

സ്കൂൾ അടയ്ക്കുന്നതു വേദനാജനകമായിരുന്നു. പക്ഷേ തങ്ങളുടെ സ്വപ്നത്തെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും തയ്യാറായില്ല. തുടക്കത്തിൽ ഗൗതവും പിന്നീട് സഹോദരിമാരായ കണ്ണകിയും ഉണ്ണിയാർച്ചയും അട്ടപ്പാടിയുടെ മലനിരകളിൽ അച്ഛനമ്മമാരോടൊത്ത് ജീവിതവും പഠനവും തുടർന്നു. അവർക്കും സാരംഗ് ജീവനായിരുന്നു; ജീവശ്വാസമായിരുന്നു. 

ഗൗതം ഇന്ന് 36 വയസ്സുള്ള യുവാവാണ്. ഒരു സ്കൂളിലും പോയി ഗൗതം പഠിച്ചില്ല. '' മറ്റുകുട്ടികൾ പഠനത്തിന്റെ സമ്മർദ്ദം അനുഭവിക്കുമ്പോൾ ഞാൻ സ്വതന്ത്രനായി ജീവിച്ചു. 10ാം– വയസ്സിൽ കളരിപ്പയറ്റ് പഠിച്ചു. ഭക്ഷണം സ്വയം പാകം ചെയ്യാൻ പഠിച്ചു. വസ്ത്രങ്ങൾ സ്വയം വൃത്തിയാക്കി. എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്തം സ്വയമേറ്റു. ഒരു റേഡിയോ  പ്രവർത്തിക്കുന്നതു പഠിക്കാൻ റേഡിയോ ഷോപ്പിൽ കുറേക്കാലം അപ്രന്റീസായി. അമേച്വർ വയർലെസ് ഓപറേറ്റർ പരീക്ഷ 14 –ാം വയസ്സിൽ വിജയിച്ച് ഹാം റേഡിയോ പ്രവർത്തകനുമായി'' -: ഗൗതം പറയുന്നു.

വീട്ടിലെ ചർച്ചകളിൽനിന്നു ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും മക്കളെ മാറ്റിനിർത്തിയില്ല. വ്യത്യസ്തമായ വീക്ഷണങ്ങൾ കുട്ടികൾ പഠിച്ചു. ജീവിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം സ്വയം ചെയ്തു. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഒരു നിമിഷം പോലും ദുഖിക്കാൻ കഴിയാത്ത രീതിയിൽ എപ്പോഴും പ്രവർത്തനിരതരായി. 

രണ്ടുവർഷം സ്കൂൾ നടത്തിയതിന്റെ കടം കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. കടംതിരിച്ചടയ്ക്കാൻ ഗൗതം ഗോവയിൽ ഓർഗാനിക് ഫാമിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തു. വെബ്ഡവലപ്മെന്റ് കോഴ്സുകളും വിജയകരമായി പൂർത്തിയാക്കി. ഉണ്ണിയാർച്ചയും കണ്ണകിയും നൃത്തപഠനത്തിൽ താൽപര്യം കാട്ടി. നൃത്ത പരിശീലനത്തിന് അധ്യാപകരെ നഗരങ്ങളിൽനിന്നു കണ്ടെത്തി. കുട്ടികൾ പലവഴി പോയപ്പോയൾ സാരംഗ് നിശ്ശബ്ദതയിലേക്ക് ഉൾവലിഞ്ഞു. അതു പക്ഷേ വീണ്ടും ശബ്ദത്തിലേക്കും ഉണർവിലേക്കും തിരിച്ചുവരാനായിരുന്നു. 

gautham ചിത്രത്തിന് കടപ്പാട്; സാരംഗ്.

സാരംഗിലെ വിദ്യാലയം പുനർജീവിപ്പിക്കണം എന്ന ആഗ്രഹം ഗൗതമിന്റെ മനസ്സിൽ അണയാതെ കിടന്നു. എൻജിനീയറായ അനുരാധയെ ഇതിനിടെ ഗൗതം വിവാഹം കഴിച്ചു. വിദ്യാലയം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ അവർ കൈകോർത്തു. 2013–ൽ കടങ്ങൾ വീട്ടിയതിനുശേഷം ഗൗതമും അനുരാധയും സാരംഗിലേക്കു തിരിച്ചുവന്നു. സാരംഗിന്റെ പുനർനിർമാണ പ്രക്രിയയിലാണ് അവരിപ്പോൾ. സാരംഗിനെ ഗ്രാമീണ സർവകലാശാലയായി വികസിപ്പിക്കുകയാണു ലക്ഷ്യം. 

ഇന്നു സാരംഗ് എല്ലാ സൗകര്യങ്ങളുമുള്ള ബദൽ വിദ്യാലയമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വ്യത്യസ്തമായ ജീവിതവും അറിവും തേടി എത്തുന്നു. ക്യാംപുകളും വർക് ഷോപ്പുകളും നടത്തി രക്ഷകർത്താക്കളെ അധ്യാപകരാക്കി മാറ്റുന്നുമുണ്ട്. എല്ലാ വിദ്യാർഥികളും എപ്പോഴും സാരംഗിൽത്തന്നെ വന്ന് പഠിക്കണമെന്നില്ല. വ്യത്യസ്തമായ ആ ജീവിതശൈലി പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നാൽമാത്രം മതി. 

സൗരോർജ വൈദ്യുതിയിലാണു സാരംഗ് പൂർണമായും പ്രവർത്തിക്കുന്നത്. മാലിന്യം നിർമാർജനം ചെയ്യാൻ മികച്ച പദ്ധതികളുണ്ട്. സാരംഗിൽ ഇപ്പോൾ കാണുന്ന കെട്ടിടങ്ങൾ നിർമിച്ചത് അന്തേവാസികൾ തന്നെയാണ്. ചെളിയും മുളയും തടിക്കഷണങ്ങളുമൊക്കെ ഉപയോഗിച്ചാണു നിർമാണം. എല്ലാം സ്വന്തം ഭൂമിയിൽ ലഭ്യമായവ. ഗൗതമിനും അനുരാധയ്ക്കും ഇപ്പോൾ മൂന്നു കുട്ടികളുണ്ട്. അവരും ലോകത്തിന്റെ പല ഭാഗത്തുനിന്നെത്തിയവരും ഒരുമിച്ച് സാരംഗിന്റെ സ്വപ്നം സഫലമാക്കുന്നതു  ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും നിറചിരിയോടെ കാണുന്നു. 

യൗവ്വനത്തിൽ അവർ ഒരുമിച്ചു കണ്ട സ്വപ്നം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിരിക്കുന്നു. പാതി പൂർത്തിയാക്കിയ സ്വപ്നം മക്കളിലൂടെ മുന്നോട്ട്. കടം കയറി പൂട്ടിയ വിദ്യാലയം വീണ്ടും ഉണർന്നിരിക്കുന്നു.കളിചിരികൾ തിരിച്ചുവന്നിരിക്കുന്നു. ജീവിതം വീണ്ടും തളിരിടുന്നു. പ്രതിബന്ധങ്ങളെ അതിജീവിച്ചു പുലരുന്ന പ്രകൃതിയെപ്പോലെ പ്രകൃതിയോടിണങ്ങി പ്രവർത്തിക്കുന്ന സാരംഗും പുതിയ ഉയരങ്ങളിലേക്ക്...