Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''നിന്നോളം ഒന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല പെണ്ണേ''; തളർന്നു കിടപ്പിലായ ഭാര്യയ്ക്കുവേണ്ടി ആ ഭർത്താവ് ചെയ്തത്

woman ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

കുട്ടികളോടു മുതിർന്നവർ ചോദിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചോദ്യമുണ്ട്: വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം? മിക്ക കുട്ടികളും ഏറ്റവും ആദർശപരമായ മറുപടികളാകും നൽകുക. പക്ഷേ പ്രായം കൂടുമ്പോൾ, കാഴ്ചയും കാഴ്ചപ്പാടുകളും മാറുമ്പോൾ ആഗ്രഹങ്ങൾക്കും മാറ്റം വരാം. ചിലർ ഹൈസ്കൂൾ ക്ലാസുകളിൽ എത്തുമ്പോഴേക്കും തങ്ങളുടെ ലക്ഷ്യത്തിൽ മനസ്സുറപ്പിച്ചിരിക്കും.വ്യതിചലിക്കാതെ അവർ മുന്നോട്ടുതന്നെ പോകും. ചിലരാകട്ടെ വളർച്ചയുടെ ഏതെങ്കിലുമൊക്കെ ഘട്ടത്തിലായിരിക്കും ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക. 

പദ്ധതികൾ എന്തായിരുന്നാലും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എങ്ങനെയായിരുന്നാലും ജീവിതം ചിലപ്പോഴെങ്കിലും പ്രതീക്ഷയ്ക്കൊത്തായിരിക്കില്ല. നാടകീയമായ സംഭവങ്ങൾ, അത്ഭുതങ്ങൾ, വിസ്മയങ്ങൾ അങ്ങനെ ജീവിതം ഒരിക്കലും പിടിതരാതെ മുന്നോട്ടുതന്നെ പോകുന്നു. സംശയമുണ്ടെങ്കിൽ ബ്രാഡ്–ലിസ് ദമ്പതികളുടെ ജീവിതം തന്നെ നോക്കുക. ആഗ്രഹിച്ചതെല്ലാം നേടിയ ദമ്പതികൾ. വിവാഹത്തിനും മുമ്പേ ഒരുമിച്ചുകണ്ട് വരാനിരിക്കുന്ന ജീവിതത്തെ ഒരുമിച്ചുവരിച്ചവർ.അവർ കണ്ടത് ഒരേ സ്വപ്നങ്ങൾ.

പുലർത്താൻ ആഹ്രഹിച്ചത് ഒരേ മൂല്യങ്ങൾ. ആഗ്രഹങ്ങൾക്കും സമാനതകൾ. സന്തോഷം നിറഞ്ഞുനിൽക്കുന്ന ഒരു ആഹ്ലാദഗാനമായിരുന്നു അവർക്കു ജീവിതം ഏതാനും മാസങ്ങൾക്കു മുമ്പുവരെ. സന്തോഷവും സാഹസികതയും ഒരുമിച്ചുചേർന്ന ദിവസങ്ങൾ. ആഗ്രഹിച്ച പ്രവൃത്തികളിലെല്ലാം ഏർപ്പെട്ടും സ്നേഹം പ്രസരിപ്പിച്ചും അവർ ആടിപ്പാടി ജീവിതം ആസ്വദിച്ചു. പക്ഷേ എല്ലാം തകിടം മറിഞ്ഞത് കുറച്ചുനാൾ മുമ്പ്. 

ബ്രാഡും ലിസും മൂന്ന് ആൺമക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി കാറിന്റെ മുൻവശത്തെ ഇടതുടയർ പൊട്ടി. നിയന്ത്രണംവിട്ടു കാർ റോഡിൽനിന്നു തെറിച്ചു. മൂന്ന് ആൺമക്കൾക്കും കാര്യമായ പരുക്ക് ഉണ്ടായില്ല. ചെറിയ പരുക്കുകളോടെ അവർ രക്ഷപ്പെട്ടു. ബ്രാഡിന്റെ ഇടതുകാൽ ഒടിഞ്ഞെങ്കിലും മറ്റു ഗുരുതര പരുക്ക് ഉണ്ടായില്ല. പക്ഷേ ലിസ്. അത്യന്തം ഗുരുതരമായിരുന്നു ലിസിന്റെ പരുക്ക്. അപകടത്തെത്തുടർന്ന് ലിസിന്റെ അര മുതൽ താഴേക്കു തളർന്നു. ലിസിനും കുടുംബത്തിനും ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്ത ദുരിതം.

യുദ്ധത്തിൽ പങ്കെടുത്ത വിദഗ്ധ സൈനികനായിരുന്നു ബ്രാഡ്. രോഗങ്ങളും ദുരിതങ്ങളും അപകടങ്ങളും കണ്ടുപരിചയിച്ച ആൾ. പക്ഷേ സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു ദുരിതമുണ്ടാകുമെന്ന് അദ്ദേഹം കരുതിയിട്ടേ ഉണ്ടായിരുന്നില്ല.തകർന്നുപോയെങ്കിലും ബ്രാഡ് ദുരന്തത്തെ അതിജീവിക്കാൻ ശ്രമങ്ങൾ തുടങ്ങി. ലിസും നല്ല ദൃഡനിശ്ഛയമുള്ള സ്ത്രീയായിരുന്നു. എങ്കിലും പുതിയ ജീവിതം അവരെ വല്ലാതെ തളർത്തി. 

സ്വയം ചലിക്കാനാവാത്ത അവസ്ഥ അവരെ വിഷാദവതിയാക്കി. വീൽചെയറിലെ ജീവിതവുമായി പൊരുത്തപ്പെടാൻ നന്നേ പാടുപെട്ടു. പ്രത്യേകിച്ചും യാത്രകൾ ഹരമാക്കിയ ജീവിതത്തിൽനിന്നുള്ള മാറ്റം. ദീർഘ വിനോദസഞ്ചാരങ്ങളിൽ  ഏർപ്പെടുമായിരുന്നു അവർ അപകടത്തിനുമുമ്പ്. കാടും മേടും കടന്നുപോകുന്ന സാഹസിക യാത്രകൾ.

വീൽചെറയിലായിട്ടും ഭർത്താവിന്റെ യാത്രകളിൽ ലിസ് പങ്കെടുക്കുന്നതു തുടർന്നു. പക്ഷേ പാറകളും കാടും മേടുമൊക്കെ താണ്ടാൻ വീൽചെയറിനു കഴിയാതെവന്നപ്പോൾ ലിസ് തളർന്നു. ലിസിന്റെ തളർച്ച ഏറ്റവുംകൂടുതൽ ബാധിച്ചതു ബ്രാഡിനെ. ജീവിതപങ്കാളിയോടൊത്തല്ലാത്ത യാത്രകളിൽ അദ്ദേഹത്തിനു ഹരം നഷ്ടപ്പെട്ടു. യാത്രകളെ സ്നേഹിക്കുന്നൊരാൾ തളർന്നുകിടക്കുമ്പോൾ വിദൂരങ്ങളിലേക്കുള്ള യാത്രകളിൽ ബ്രാഡിനു താൽപര്യമില്ലാതായി. പക്ഷേ തോൽക്കാൻ ബ്രാഡ് തയ്യാറായില്ല. മാസങ്ങൾ അദ്ദേഹം ഒരു വ്യത്യസ്ത പരിശ്രമത്തിൽ ഏർപ്പെട്ടു.ബ്രാഡ് എന്താണു ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്നും ആർക്കും മനസ്സിലായില്ല.

ബ്രാഡ് ആരോടും അതു പങ്കുവച്ചുമില്ല. വലിയൊരു പരീക്ഷണത്തിൽ അദ്ദേഹം ഏർപ്പെട്ടു. അനേക നാളുകളിലെ കഠിനാധ്വാനം. വിശ്രമമറിയാത്ത ജോലി.ഒടുവിൽ എത്ര കഠിനമായ സ്ഥലത്തും യാത്ര ചെയ്യാനാവുന്ന ഒരു വീൽചെയർ അദ്ദേഹം നിർമിച്ചു. പ്രിയപ്പെട്ട ലിസിനുള്ള പ്രണയസമ്മാനം. പ്രത്യേക വീൽചെയർ ലിസിനു നന്നായി യോജിക്കുന്നത്. വീ്ണ്ടുംഒരിക്കൽക്കൂടി ഒരുമിച്ചുയാത്ര ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾ യാഥ്യാർഥ്യമാകുന്നു. 

നഷ്ടപ്പെട്ട ജീവിതം തിരികെകിട്ടുന്നു. പക്ഷേ, അവിടംകൊണ്ടു നിർത്തിയില്ല ബ്രാഡ്. ലിസിനെപ്പോലെ ശരീരം തളർന്ന, മോഹങ്ങൾ അവസാനിപ്പിക്കേണ്ടിവന്നവർക്കായി കൂടുതൽ വീൽചെയറുകൾ നിർമിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാർക്കും മറ്റും ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നവ. ഒരു സൈനികനായിരുന്ന ബ്രാഡിന് മറക്കാൻ കഴിയില്ല യുദ്ധഭൂമികളിൽ ജീവിതം സമർപ്പിക്കുന്നവരോടുള്ള കടപ്പാട്. ഒപ്പം തന്റെ പ്രണയിനിയോടുള്ള ആത്മാർഥതയും. 

ലിസിന്റെ മുഖത്തേക്കു ചിരി തിരിച്ചുവരികയാണ്, ബ്രാഡിന്റെ ഹൃദയത്തിലേക്കും. പ്രതീക്ഷിക്കാത്ത ഒരു ജീവിതത്തേലേക്ക് അവർ കടക്കുന്നു. പക്ഷേ, അവിടെയും സന്തോഷവും പ്രണയവും നിറയ്ക്കുമെന്ന ആത്മവിശ്വാസത്തോടെ.