Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാദസരമണിയിക്കേണ്ട മകളുടെ കാലിൽ ചങ്ങലയണിച്ച് ഒരച്ഛൻ; ചങ്കുപിടഞ്ഞ് ആ അച്ഛൻ പറഞ്ഞത്

santa ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

നിറയെ മണികളുള്ള പാദസരമണിഞ്ഞു നടക്കേണ്ട ഒരു പെൺകുട്ടിയുടെ കാലുകളിൽ ഇരുമ്പു ചങ്ങലകൊണ്ടു ബന്ധിക്കേണ്ട ഗതികേട് ഒരച്ഛനുണ്ടായാൽ? മകളെ ഏറെ സ്നേഹിക്കുന്ന ഒരച്ഛന് താങ്ങാനാവുന്നതിലപ്പുറമുള്ള ഒരു സങ്കടമാണത്. ഓരോ ദിവസവും മകളുടെ കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കുമ്പോൾ ചങ്കുപൊട്ടുകയാണെന്നും ഇതല്ലാതെ വേറൊരു മാർഗവും തന്റെ മുന്നിലില്ലെന്നും ഉള്ളുലഞ്ഞുകൊണ്ടാണ് ആ അച്ഛൻ പറയുന്നു.

ജെ. എം ബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ അച്ഛന്റെയും മകളുടെയും കഥ ലോകമറിഞ്ഞത്. 10 വയസ്സുകാരിയായ മകളെ ഇരുമ്പുചങ്ങല കൊണ്ടു ബന്ധിച്ച ശേഷമാണ് ആ അച്ഛൻ ജോലിക്കുപോകുന്നത്. ചെരുപ്പുകുത്തിയാണ് പെൺകുട്ടിയുടെ അച്ഛൻ. അദ്ദേഹത്തിന്റെ ജോലിയാണ് ആ കുടുംബത്തിലെ ഏക വരുമാന മാർഗവും. പെൺകുട്ടിക്ക് 7 വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരിച്ചത്. അന്നുമുതൽ അവളുടെ അച്ഛനായും അമ്മയായും അദ്ദേഹമവളെ പൊന്നുപോലെ നോക്കി. 

ധാക്കയിലെ ചേരിയിലെ ഒരു കുഞ്ഞുകൂരയിലാണ് ഈ അച്ഛന്റെയും മകളുടെയും താമസം. അച്ഛന്റെ കണ്ണുതെറ്റിയാൽ ഈ മകൾ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കളയും. പിന്നെ ദിവസങ്ങളോളം അവളെ തിരഞ്ഞു നടക്കലാണ് അദ്ദേഹത്തിന്റെ പണി. മിക്കവാറും അവളെ കണ്ടെത്തുക തെരുവിലെ മയക്കുമരുന്നുപയോഗിക്കുന്ന കുട്ടികളുടെ സംഘത്തിൽ നിന്നോ ലൈംഗികത്തൊഴിലാളികളുടെയിടയിൽനിന്നോ ഒക്കെയാവും.

അച്ഛൻ ചെരിപ്പൊട്ടിക്കാനുപയോഗിക്കുന്ന പശമയക്കുമരന്നെന്നപോലെ അവൾ ചിലപ്പോൾ മണപ്പിക്കും. മകളെ കൈവിട്ടുപോകാതിരിക്കാനാണ് അച്ഛൻ ഈ കടുംകൈ ചെയ്യുന്നത്. അവളെ മികച്ച രീതിയിൽ ചികിത്സിക്കാൻ ആ അച്ഛന്റെ കൈയിൽ പണമില്ല. മകളെ കാണാതായ ദിവസങ്ങളിൽ താൻ മരിച്ചു പോയതുപോലെയാണ് തോന്നിയതെന്നും അവളെ വീണ്ടെടുക്കുന്നതുവരെ ഒരു സമാധാനവുമില്ലായിരുന്നുവെന്നും ആ അച്ഛൻ പറയുന്നു.

10 ദിവസമായി ഞാനെന്റെ മകളെ ചങ്ങലയിൽ പൂട്ടിയിട്ടിട്ട് എന്ന് ബംഗ്ലാദേശ് സ്വദേശിയായ കമൽ ആകാശിനോട് പറയുകയും ആ അച്ഛന്റെ സങ്കടങ്ങൾ കണ്ടപ്പോൾ മകളെ നേരിൽക്കാണാനെത്തിയ ആകാശ് അവളുടെ ചിത്രം പകർത്തുകയും ഈ അച്ഛന്റെയും മകളുടെയും ദുരിതകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.