Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോവിയറ്റ് രഹസ്യപ്പൊലീസ് കാവൽ നിന്നു ; 30 വർഷം അവൾ ആ രഹസ്യം സൂക്ഷിച്ചു

secret

മുപ്പതിലേറെ വർഷങ്ങൾക്കു മുമ്പായിരുന്നു ആ ദുരന്തം. പാർട്ടി ഏകാധിപത്യത്തിന്റെ കാവൽ മറയ്ക്കുള്ളിൽ സോവിയറ്റ് യൂണിയൻ പ്രതാപത്തോടെ വാണ കാലം. അധികാരികൾക്ക് ഇഷ്ടമല്ലാത്ത വാർത്തകളൊന്നും പുറംലോകത്തെത്താതിരുന്ന ഇരുണ്ട യുഗം.

ഒരു വിമാനദുരന്തം. അനേകം പേർക്കു ജീവൻ നഷ്ടമായി. പക്ഷേ സംഭവം പുറംലോകം അറിഞ്ഞില്ല. വിമാനാവശിഷ്ടങ്ങൾക്കൊപ്പം രഹസ്യമായി കുഴിച്ചുമൂടപ്പെട്ടു ജീവിതങ്ങൾ. ഇരകളുടെ ബന്ധുക്കൾക്കുപോലും സംഭവം രഹസ്യമാക്കി സൂക്ഷിക്കേണ്ടിവന്നു. കരയാനും ഓർമിക്കാനും പോലും അനുവാദമില്ലാതിരുന്ന കാലം.

പക്ഷേ സംഭവത്തിനു ദൃക്സാക്ഷിയായ ഒരാൾ ദുരന്തത്തെ അതിജീവിച്ചു. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. വൻമിതിലുകൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. കോട്ടകൊത്തളങ്ങൾ നിലംപതിച്ചിരിക്കുന്നു. പഴയ രഹസ്യം ഇപ്പോൾ പരസ്യം. അന്ന് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുമായിരുന്ന സംഭവം ഇന്ന് ഒരു വ്യക്തിയുടെ മാത്രം നഷ്ടം. അവർക്കാകട്ടെ ഓർമയെ നോവിപ്പിക്കുന്ന ആ ദുരന്തം ഇന്നും ഇന്നലെ കഴിഞ്ഞതുപോലെ.

1981. നവദമ്പതികളായ വ്ലാഡിമറും ലാറിസയും മധുവിധു ആഘോഷത്തിനുശേഷം മടങ്ങുന്നു. ഇരുവരും ഇരുപതുകളിൽ. യൗവ്വനതീക്ഷ്ണവും പ്രണയസുരഭിലവുമായ ദിവസങ്ങൾ.  ഓഗസ്റ്റ് 24 ന് ദമ്പതികൾ 811– വിമാനം കയറുന്നു. വിമാനം പറന്നുയർന്നപ്പോൾ എല്ലാ സ്വപ്നങ്ങളും പിന്നിലുപേക്ഷിക്കുകയാണെന്ന് അവർക്കു തോന്നിയതേയില്ല. 36 യാത്രക്കാരുണ്ടായിരുന്ന ആ വിമാനത്തിനു നേരെ   പാതിവഴിയിൽ ഒരു സൈനിക ജെറ്റ് വിമാനം വന്നു. സൈനിക വിമാനം വളരെ വേഗതയിലായിരുന്നതിനാൽ യാത്രാവിമാനത്തിനു ഗതി മാറ്റാനായില്ല. വിമാനങ്ങൾ കൂട്ടിയിടിച്ചു.ആഘാതത്തിൽ മിക്ക യാത്രക്കാരും തൽക്ഷണം മരിച്ചു.

വിമാനങ്ങൾ കൂട്ടിയിടിച്ചപ്പോൾ തന്നെ മേൽക്കൂര പറന്നു. എങ്ങും അലറിവിളിക്കുന്ന ശബ്ദങ്ങൾ മാത്രം.ഞാൻ എന്റെ പ്രിയപ്പെട്ടവനെ നോക്കി. അദ്ദേഹം അപ്പോഴേക്കും എന്നോടു യാത്ര പറഞ്ഞിരുന്നു. ഞാനും മരിക്കാൻ പോകുന്നു എന്നു തീർച്ചയാക്കി- ലാറിസ ഓർമിക്കുന്നു. വിമാനദുരന്തത്തെക്കുറിച്ചുള്ള ഒരു സിനിമ ഓർമയിൽവന്ന ലാറിസ സീറ്റിൽ അള്ളിപ്പിടിച്ച് ഇരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം താഴേക്ക്. എട്ടുനിമിഷങ്ങളോളം വായുവിൽപറന്നു നടന്നു. വലിയ മരക്കൂട്ടങ്ങൾ അപ്പോൾ ലാറിസയുടെ കാഴ്ചയിലേക്കുവന്നു.പിന്നീടൊന്നും ഓർമയില്ല. ബോധം നഷ്ടപ്പെട്ട് താഴേക്ക്. കണ്ണു തുറക്കുമ്പോൾ ആദ്യം കണ്ടതു പ്രിയതമന്റെ ശവശരീരം. മൂന്നു നാലു മീറ്റർ മാറി അദ്ദേഹം കിടക്കുന്നു. അദ്ദേഹത്തിന് എന്നെ ഒരിക്കൽക്കൂടി കാണണമെന്ന് ആ കണ്ണുകൾ പറയുന്നതുപോലെ തോന്നി .യാത്ര പറയുകയായിരുന്നു അദ്ദേഹം - ഇന്നും ശമിച്ചിട്ടില്ലാത്ത വേദനയോടെ ലാറിസ പറയുന്നു. 

സൈബീരിയൻ കാടുകളിൽ രണ്ടു ദിവസ‌ത്തോളം സഹായം തേടി നടന്നു ലാറിസ. മണിക്കൂറുകൾ കഴിയുന്തോറും രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്ന് ഉറപ്പിച്ചു. മൂന്നാം ദിവസം ഒരു മുക്കുവൻ ലാറിസയെ കണ്ടെത്തി. ബന്ധുക്കൾ എനിക്കുവേണ്ടിയും ശവക്കുഴി തയ്യാറാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം. വിമാനത്തിലുള്ള എല്ലാവരും മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ സർക്കാർ ബന്ധുക്കളെ അറിയിച്ചു. ആരും ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പിച്ചു. വിമാന ദുരന്തത്തെക്കുറിച്ച് സോവിയറ്റ് മാധ്യമങ്ങളിൽ‌ ഒരു വരി വാർത്തപോലും വന്നില്ല.രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചതും ഒന്ന് സൈനിക വിമാനമായിരുന്നു എന്നതും സോവിയറ്റ് രഹസ്യപ്പൊലീസ് മൂടിവച്ചു. സംഭവത്തെക്കുറിച്ച് ഒന്നും പറയരുതെന്ന് ബന്ധുക്കളോടും പറഞ്ഞിരുന്നു. അകന്നുമറഞ്ഞുപോയവരെ ഓർമിക്കാനും അവർക്കുവേണ്ടി ചടങ്ങുകൾ നടത്താനുമുള്ള അവകാശംപോലും നിഷേധിക്കപ്പെട്ടു. 

ഏതാനും ദിവസം ലാറിസയ്ക്ക് ആശുപത്രിയിൽ കിടക്കേണ്ടിവന്നു. സോവിയറ്റ് രഹസ്യപ്പൊലീസ് അവിടെയും കാവൽനിന്നു. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സന്ദർശിക്കാൻ അനുമതി കൊടുത്തില്ല. അമ്മയോടും ഒരു വാക്കുപോലും പറയരുതെന്ന് കർശനമായി നിർദേശിച്ചു. സംഭവം കഴിഞ്ഞ് ദശകങ്ങൾ പിന്നിട്ട് രണ്ടായിരം ആയപ്പോൾ മാത്രമാണ് പഴയ വിമാനാപകടത്തിന്റെ കഥ ലോകം അറിയുന്നത്. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാളായ ലാറിസ വർഷങ്ങളേറെയെടുത്തു ആഘാതത്തിൽ‌നിന്നു മുക്തയാകാൻ. പതുക്കെപ്പതുക്കെ അവർ സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നു; ഒരു കുട്ടിക്കു ജൻമം കൊടുത്തു. 

സൈന്യത്തിനു സംഭവിച്ച പിഴവായിരുന്നു അത്  – അപകടത്തെക്കുറിച്ചു ലാറിസ പറയുന്നു. യാത്രാവിമാനം സഞ്ചരിച്ച അതേ ദിശയിൽ സൈനിക വിമാനവും സഞ്ചരിച്ചത്. ഇപ്പോൾ എല്ലാം ഓഗസ്റ്റ് 24 നും ഞാൻ എന്റെ രണ്ടാം ജൻമത്തിലെ ജൻമദിനം ആഘോഷിക്കുന്നു. എന്റെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ ഇപ്പോഴും എനിക്കു തോന്നുന്നു. അന്ന് ആകാശത്തിൽ എന്റെയൊപ്പമുണ്ടായിരുന്നതും പിന്നീടു നഷ്ടമായതുമായ ജീവന്റെ ജീവൻ– ലാറിസ പറയുന്നു.