Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭത്തിന്റെ 22–ാം ആഴ്ച ജനിച്ച ശിശു; ഇത് നിർവാൺ, ഇന്ത്യയുടെ അത്ഭുത ശിശു

new-born-baby പ്രതീകാത്മക ചിത്രം.

ഗർഭത്തിന്റെ 22–ാം ആഴ്ച അവൻ ഭൂമിലേക്കു പിറന്നു വീണപ്പോൾ അവന്റെ ഭാരം 610 ഗ്രാം മാത്രമായിരുന്നു. നാലരമാസം ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അവനിപ്പോൾ 3.72 കിലോ ഭാരമുണ്ട്. പൂർണ്ണവളർച്ച എത്തും മുമ്പ് ഇന്ത്യയിൽ ജനിച്ച ആദ്യത്തെ കുഞ്ഞിന്റെ കഥ ശ്വാസമടക്കിപ്പിടിച്ചേ കേട്ടിരിക്കാനാവുകയുള്ളൂ. മുംബെയിലെ ബാന്ദ്രയിലുള്ള ദമ്പതികളുടെ മകൻ നിർവാൺ ആണ് ശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗർഭത്തിന്റെ 22–ാം ആഴ്ച പിറന്നത്.

ശ്വാസകോശവും തലച്ചോറുമൊന്നും പൂർണ്ണവളർച്ചയെത്താതെ പിറന്ന ആ കുഞ്ഞ് നാലരമാസത്തോളമാണ് ഐസിയുവിൽ കിടന്നത്. ആദ്യത്തെ കുറേനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൻ ശ്വസിച്ചിരുന്നതു പോലും. കുഞ്ഞിന്റെ അതിജീവനത്തെപ്പറ്റി ബയോമെഡിക്കൽ എൻജിനീയർ കൂടിയായ അവന്റെ അമ്മ പറയുന്നതിങ്ങനെ. ''ജീവിതത്തിലേക്ക് ആദ്യമായി ഒരു കുഞ്ഞതിഥി വരുന്നതിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടന്നൊരുദിവസം നട്ടെല്ലുപൊട്ടിപ്പൊളിയുന്നതുപോലെ ഒരു വേദന വന്നത്. അധികം വൈകാതെ എനിക്കു മനസ്സിലായി ഗർഭത്തിന്റെ 22–ാം ആഴ്ചയിൽ ഞാനൊരു കുഞ്ഞിനു ജന്മം നൽകാൻ പോവുകയാണെന്ന്.

പ്രസവവേദനയുടെ ലക്ഷണങ്ങളാണെന്നു മനസ്സിലായതോടെ ഭർത്താവ് എന്നെയും കൂട്ടി മുംബെയിലെ സൂര്യാഹോസ്പിറ്റലിൽ പോയി. അവിടെ നിയോനേറ്റൽ ഐസിയു സൗകര്യമുണ്ട്. അതുകൊണ്ടാണ് ആ ആശുപത്രിയിൽത്തന്നെ പോയത്. ആശുപത്രിയിലെത്തി അധികസമയം കഴിയുംമുമ്പേ ഞാൻ കുഞ്ഞിനു ജന്മം നൽകി. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന എല്ലാ അച്ഛനമ്മമാരെയും പോലെ ആശങ്കയുടെ നിമിഷങ്ങളിലൂടെയാണ് ഞങ്ങളും കടന്നു പോയത്.

പക്ഷെ ജീവിതത്തിനു വേണ്ടി അവൻ ആഴ്ചകളോളം പൊരുതി. ആ പോരാട്ടം ഞങ്ങൾക്കും ഊർജ്ജം നൽകി. ഡോക്ടർമാരും നഴ്സുമാരും എല്ലാപിന്തുണയും നൽകി കൂടെ നിന്നു. 22 ആഴ്ചക്കും 24ആഴ്ചക്കും ഇടയിൽപ്പിറക്കുന്ന കുഞ്ഞുങ്ങൾ അതിജീവിക്കാൻ 50 ശതമാനം സാധ്യതയേ ഉള്ളൂവെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. രക്ഷപെടുന്ന കുഞ്ഞുങ്ങൾക്ക് സെറിബ്രൽ പൾസി, മറ്റു ശാരീരിക വൈകല്യങ്ങൾ ഒ!ക്കെ ഉണ്ടാവുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. ഡോകർമാർക്കു പോലും അവന്റെ തിരിച്ചു വരവ് അത്ഭുതമായിരുന്നു. ഇപ്പോൾ അവൻ ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശ്വാസത്തോടെ ആ അമ്മ പറഞ്ഞു നിർത്തി.