Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഡോക്ടറെ, മകന്റെ ജീവൻ രക്ഷിച്ചതൊക്കെ ശരി; കൊച്ചന്റെ ഷർട്ടിന്റെ കാശ് തന്നിട്ടു പോയാ മതി''

surgery പ്രതീകാത്മക ചിത്രം.

ഈ അച്ഛനു നട്ടഭ്രാന്താണോ? മകന്റെ ജീവനാണോ പഴന്തുണിക്കഷ്ണമാണോ അയാൾക്കു വലുത് എന്നാണ് ആളുകളുടെ ചോദ്യം. ഈ അച്ഛന്റെ ആവശ്യം കേട്ടാൽ സ്വബോധമുള്ള ആരും അങ്ങനെ ചോദിച്ചു പോകും. രക്തധമനികളിൽ തടസ്സംനേരിട്ട കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമത്തിനിടെ കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിൽ ചില കീറലുകളുണ്ടായി. ശസ്ത്രക്രിയക്കു ശേഷം പുറത്തു വന്ന ഡോക്ടർമാരോട് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടത് 1500 യുവാൻ ( ഏകദേശം 14714.41 ഇന്ത്യൻ രൂപ). 

ചൈനയിലാണ് സംഭവം. മകന്റെ ജീവൻ രക്ഷിച്ച തങ്ങളെന്തിനാണ് പിതാവിന് അത്രയും തുക നൽകേണ്ടതെന്ന് ചോദിച്ച ഡോക്ടർമാർക്കു നേരെ കയർത്തുകൊണ്ട് അയാൾ പറഞ്ഞു. ''എന്റെ മകന്റെ ഷർട്ടിന്റെ പോക്കറ്റ് കാണുന്നില്ല. ഷർട്ടിൽ കുറച്ചു കീറലുമുണ്ട്. അതിനുത്തരവാദികളായ ഡോക്ടർമാർ നഷ്ടപരിഹാരമായി ആ തുക നൽകണം''. അച്ഛന്റെ ഈ ഡിമാന്റ് ചർച്ചയായതോടെ ഇയാൾക്ക് മകന്റെ ജീവനാണോ വലുത് ഷർട്ടാണോ വലുത് എന്ന ചോദ്യമാണുയരുന്നത്.

മകന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരോട് നന്ദി പറയാതെ അവരോട് പണമാവശ്യപ്പെടുന്നത് മര്യാദയല്ലെന്നും അവർ പറയുന്നു. എന്നാൽ കുട്ടിയുടെ അച്ഛന് നഷ്ടപ്പരിഹാരത്തുക നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും 1000 യുവാൻ ( ഏകദേശം 9809.61 ഇന്ത്യൻ രൂപ) നൽകാൻ ധാരണയായിട്ടുണ്ടെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ പറയുന്നു. ആ അച്ഛൻ വഴക്കിട്ടതിനു പിന്നിലെ കാരണം തങ്ങൾക്കു മനസ്സിലാകുന്നുണ്ടെന്നും ചിലരെയൊക്കെ സംബന്ധിച്ച് അതൊരു വലിയ തുകയാണെന്നു തോന്നുകയില്ലെങ്കിലും ആ അച്ഛനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകതന്നെയാണെന്നും അദ്ദേഹം പറയുന്നു.