Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''കുട്ടിയായിരിക്കാൻ അവസരം ലഭിക്കാത്തവളാണ് എന്റെ മകൾ'' ; 4 വയസ്സിൽ ആർത്തവമാരംഭിച്ച മകളെക്കുറിച്ച് അമ്മ

emily-dover

ബാല്യം ഇല്ലാതായ ഒരു പെൺകുഞ്ഞിന്റെ ജീവിതത്തെക്കുറിച്ച് നെഞ്ചുപൊള്ളാതെ വായിച്ചുതീർക്കാനാവില്ല. വെറും നാലുവയസ്സുള്ളപ്പോൾ അവളുടെ ശരീരം പൂർണ്ണവളർച്ചയെത്തിയ സ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. നാലുവയസ്സുകാരിയുടെ അസാധാരണ വളർച്ച ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കളെ ഞെട്ടിച്ചുകൊണ്ട് അവൾക്ക് സ്തന വളർച്ചയുണ്ടായി, രോമവളർച്ചയും ശരീരത്തിന് ദുർഗന്ധവും ഉണ്ടായി. പ്രായപൂർത്തിയായവരുടെ എല്ലാ ശാരീരിക ലക്ഷണവും പ്രകടിപ്പിച്ച അവൾക്ക് 4–ാം വയസ്സിൽ ആർത്തവം ആരംഭിച്ചു.

ബാല്യം മാറാത്ത മനസ്സും മുതിർന്നവരുടെ ശാരീരികവളർച്ചയുമായി ബുദ്ധിമുട്ടുന്ന ഈ പെൺകുഞ്ഞിന്റെ പേര് എമിലി ഡോവർ. ആസ്ട്രേലിയയിലെ സൗത്ത് വെയിൽ‍സ് സ്വദേശിയായ മകളെക്കുറിച്ച് 41 വയസ്സുകാരിയായ അമ്മ റ്റാം പറയുന്നതിങ്ങനെ :- ''കുട്ടിയായിരിക്കാൻ അവസരം ലഭിക്കാത്ത കുഞ്ഞാണ് എന്റെ മകൾ. സാധാരണ കുട്ടിയായിട്ടായിരുന്നു അവളുടെ ജനനം. ജനിച്ച് നാലാം മാസം മുതലാണ് അവളുടെ ശരീരത്തിന് ക്രമാതീതമായി ഭാരം കൂടാൻ തുടങ്ങിയത്. നാലുമാസം പ്രായമുള്ളപ്പോൾ അവൾക്ക് ഒരു വയസ്സുള്ള കുഞ്ഞിന്റെ വളർച്ചയുണ്ടായിരുന്നു.

രണ്ടുവയസ്സുമുതൽ സ്തന വളർച്ച തുടങ്ങിയ അവൾക്ക് മുഖക്കുരുവും ഉണ്ടായിരുന്നു. അതോടെ ഞങ്ങൾക്ക് ആശങ്കയായി ആശുപത്രികൾ നീളെ കയറിയിറങ്ങി കുറേ പരിശോധനകൾ നടത്തി. അവസാനമാണ് അവൾക്ക് ആഡിസൺ രോഗമാണെന്ന് മനസ്സിലായത്. (അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുമ്പോൾ കോർടിസോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള ആ ഗ്രന്ഥിയുടെ കഴിവ് നഷ്ടപ്പെടുകയും തത്ഫലമായി മറ്റു വൈഷമ്യങ്ങൾക്കു പുറമേ ശരീരത്തിന് നിറഭേദം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് അഡിസൺ രോഗം. തോമസ് അഡിസനാണ് 1855-ൽ ഈ രോഗം ആദ്യമായി വിവരിച്ചത്. പ്രധാനമായും 20 വയസ്സിനും 40 വയസ്സിനും ഇടയ്ക്കാണ് ഇതുണ്ടാകുന്നത്.)

നിർഭാഗ്യവശാൽ എന്റെ കുഞ്ഞിന് നാലാം വയസ്സിൽ ആ രോഗം ബാധിച്ചു. കോർട്ടിസോൺ, അൾഡോസ്റ്റിറോൺ ഹോർമോണുകളുടെ കുറവാണ് എമിലിയുടെ ഈ ശാരീരികാവസ്ഥയ്ക്ക് കാരണം. ഓട്ടിസത്തിന്റെയും ആങ്സൈറ്റി ഡിസോർഡറിന്റെയും ലക്ഷങ്ങളും എമിലി പ്രകടിപ്പിക്കുന്നുണ്ട്.'' എമിലിയെ കൂടാതെ ഇവർക്ക് മറ്റു രണ്ടു മക്കൾക്കൂടെയുണ്ട്. ചെലവേറിയ ഹോർമോൺ തെറാപ്പിക്കുവേണ്ടി എമിലിക്കുവേണ്ടി  ഗോ ഫണ്ട് മി എന്ന പേജ് തുടങ്ങി സാമ്പത്തീകസഹായം തേടുന്നുണ്ട് റ്റാം. 

മറ്റു കുട്ടികളെപ്പോലെയല്ല താനെന്ന്  എമിലിയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മറ്റുള്ളവർ തന്റെ ശരീരത്തെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഭയപ്പെട്ടുകൊണ്ടാണ് അവൾ ജീവിക്കുന്നതെന്നും അവളും ഒരു അഞ്ചുവയസ്സുകാരിയുടെ കളിചിരിയോടെ ജീവിക്കുന്നതു കാണാനുള്ള ആഗ്രഹംകൊണ്ടാണ് ഫണ്ട് റെയ്സിങ്ങെന്നും അമ്മ പറയുന്നു.