Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം വയസ്സിൽ മകനെ നഷ്ടപ്പെട്ടു; രഹസ്യത്തിന്റെ ചുരുളഴിഞ്ഞത് 21 വർഷം കഴിഞ്ഞ്

Representative Image പ്രതീകാത്മക ചിത്രം.

ഒരു ദുസ്വപ്നം പോലെ ആ ദിവസത്തെ കാണാനാണ് മരിയ മൻസിയ എന്ന അമ്മയ്ക്കിഷ്ടം. 1995 ൽ ആണ് കേവലം 18 മാസം പ്രായമായ മകനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞ് കലിഫോർണിയയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മകനെ ആരോ തട്ടിക്കൊണ്ടു പോയതായി ആ അമ്മ മനസ്സിലാക്കിയത്.

മകന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആ അമ്മയറിഞ്ഞത് 20 വർഷം കഴിഞ്ഞാണ്. ആ കഥ അമ്മ പറയുന്നതിങ്ങനെ. മകനെ കാണാതായി എന്നു മനസ്സിലാക്കിയയുടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസ് കാര്യമായിത്തന്നെ അന്വേഷിച്ചെങ്കിലും മകന്റെ തിരോധാനത്തെപ്പറ്റി ഒരറിവും കിട്ടിയില്ല. മകന്റെ ബർത്ത് സർട്ടിഫിക്കറ്റും, ചിത്രങ്ങളും എന്തിന് അൾട്രാസൗണ്ട് സ്കാനിന്റെ റിസൽട്ട് ഉൾപ്പെടെയുള്ള രേഖകളും കാണാതായപ്പോഴാണ് മകനെ കാണാതായതല്ല അവനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ആ അമ്മയുടെ മനസ്സിൽ ബലപ്പെട്ടത്.

മകനെക്കുറിച്ച് അന്വേഷിക്കാൻ ആ അമ്മയുടെ കൈയിലുള്ള ഏകമാർഗം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മാത്രമായിരുന്നു. അതും അവരുടെ സഹോദരിയുടെ കൈയിലായതുകൊണ്ടു മാത്രം നഷ്ടപ്പെടാതിരുന്ന ഒന്ന്. അന്വേഷണം പുരോഗമിച്ചപ്പോൾ പൊലീസിന് ഒരുകാര്യം വ്യക്തമായി. കുട്ടിയെ തട്ടിക്കൊണ്ടു പോയത് അവന്റെ അച്ഛൻ തന്നെയാണ്. അതു മനസ്സിലാക്കിയപ്പോൾ അന്വേഷണം എളുപ്പമായിയെന്നു നിങ്ങൾ കരുതിയെങ്കിൽ തെറ്റി വാലെന്റിൻ ഹെർനാൻഡസ് മകനെയും കൊണ്ട് എങ്ങോട്ടാണെന്നു പോയതെന്നു മനസ്സിലാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.

അച്ഛനും മകനും പുകമറയത്തായപ്പോൾ തെളിയാക്കേസായി സ്റ്റീവിന്റെ തിരോധാനം  തഴയപ്പെട്ടു. പക്ഷേ എന്നെങ്കിലും ഒരിയ്ക്കൽ തന്റെ മകൻ തിരിച്ചു വരുമെന്ന് അമ്മയ്ക്കുമാത്രം ഉറപ്പുണ്ടായിരുന്നു. നീണ്ട 21 വർഷങ്ങൾക്കു ശേഷം പൊലീസ് ആ തിരോധാനക്കേസ് പുനരന്വേഷിച്ചു. 

മെക്സിക്കോയിൽ നിയമം പഠിക്കാനെത്തിയ സ്റ്റീവ് എന്ന വിദ്യാർഥിയെച്ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിച്ചു. സ്റ്റീവിന്റെ കുടുംബ പശ്ചാത്തലം അന്വേഷിച്ചറിഞ്ഞ പൊലീസ് പഴയ കേസ് പൊടിതട്ടിയെടുത്തു. പണ്ടു കാണാതായ സ്റ്റീവ് തന്നെയാണോ ഈ വിദ്യാർഥി എന്നു തിരിച്ചറിയാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. ഡി എൻ എ ടെസ്റ്റ് കഴിഞ്ഞപ്പോൾ പൊലീസിന്റെ സംശയം പൂർണ്ണമായും മാറി. പണ്ടു കാണാതായ ഒരു വയസ്സുകാരൻ തന്നെയാണ് ഈ സ്റ്റീവെന്ന് അവർ ഉറപ്പിച്ചു.

അമ്മ തന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയതാണെന്നാണ് സ്റ്റീവിന്റെ അച്ഛൻ അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കുറച്ചുനാൾ മുമ്പ് അച്ഛൻ തന്നെ വിട്ടെങ്ങോ പോയിയെന്നും സ്റ്റീവ് പറയുന്നു. 

പൊലീസിൽ നിന്നാണ് നീണ്ട 21 വർഷമായി തന്നെ കാത്തിരിക്കുന്ന അമ്മയെക്കുറിച്ച് സ്റ്റീവ് അറിഞ്ഞത്. ഒടുവിൽ അയാൾ കലിഫൊർണിയയിലെത്തി അമ്മ താമസിക്കുന്ന വീടിന്റെ വാതിലിൽ മുട്ടി. നീണ്ട 21 വർഷത്തിനു ശേഷം സ്വന്തം മകനെ കണ്ട അമ്മയുടെയും അമ്മയെക്കണ്ട ഓർമ്മ പോലുമില്ലാത്ത മകന്റെയും കൂടിക്കാഴ്ച ആരുടെയും മനസ്സലിയിക്കും.