Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ബാസ്ക്കറ്റുകളിലാണ് എന്റെ കുഞ്ഞുങ്ങളുടെ ഉറക്കം'' ; കണ്ണീരോടെ ആ അമ്മ പറയുന്നു

toni-bell ടോണി ബെൽ കുഞ്ഞുങ്ങളോടൊപ്പം.

നാലു പെൺകുട്ടികളുടെ അമ്മയാണ് 24 വയസ്സുകാരി ടോണി ബെൽ. ആദ്യ പ്രസവത്തിൽ ഒരു പെൺകുട്ടിയും രണ്ടാമത്തെ പ്രസവത്തിൽ മൂന്നു പെൺകുട്ടികൾ ഒരുമിച്ചും. കളിചിരികൾകൊണ്ടും കുസൃതി കൊണ്ടും സ്വർഗമാകേണ്ടതായിരുന്നു ടോണിയുടെ വീട്. സ്വർഗത്തിനുപകരം നരകസമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നു രോഗി കൂടിയായ ടോണി ഇപ്പോൾ. ഒരൊറ്റമുറിയിലാണു ടോണിയും കുട്ടികളും ജീവിക്കുന്നത്. ഒരു കിടക്കയേ ഉള്ളൂ.അതിൽ അമ്മയും മൂത്തമകളും. മൂന്നു ബാസ്കറ്റുകളിലായി പറക്കമുറ്റാത്ത മൂന്നു നവജാതശിശുക്കളും.

ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സമ്പ്രദായം അനുസരിച്ച് ടോണിക്കു താമസ സൗകര്യം നൽകാൻ സർക്കാർ തയ്യാറാണ്. പക്ഷേ, തന്റെ മക്കളെ വേർപിരിഞ്ഞിരിക്കാൻ തയ്യാറല്ല അവർ. വേറെ വഴികളെല്ലാം അടഞ്ഞപ്പോൾ എഡിൻബറോയിലെ കുടുംബവീട്ടിലെ ഒരൊഴിഞ്ഞമുറിയിൽ താമസമാക്കി. സർക്കാർ നല്ലൊരു താമസസ്ഥലം ലഭ്യമാക്കുന്നതുവരെ അവർക്ക് ഇവിടെ താമസിക്കേണ്ടിവരും. ഹെയർ ഡ്രെസ്സറായിരുന്നു ടോണി. ആരോഗ്യം മോശമായതിനെത്തുടർന്ന് ഇപ്പോൾ ജോലിക്കുപോകുന്നുമില്ല. നാലു കുട്ടികൾക്കും തനിക്കും സൗകര്യപ്രദമായി താമസിക്കാനുള്ള സ്ഥലമാണു ടോണിക്കു വേണ്ടത്. അതും എത്രയും വേഗം.

ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സമ്പ്രദായം നിലവിലുണ്ട് സ്കോട്‍ലൻഡിൽ. വീടില്ലാത്തവർക്കു താമസിക്കാൻ സർക്കാർ ലഭ്യമാക്കുന്ന സ്ഥലം. പക്ഷേ അവിടെ തന്റെ കുട്ടികൾക്ക് തനിക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ ടോണിക്കു കഴിയില്ല. അതുകൊണ്ടുതന്നെ മൂന്നു മുറികളുള്ള ഒരു വീടാണു ടോണിയുടെ ആവശ്യം. 

കുട്ടികളുടെ അച്ഛൻ താമസിക്കുന്നതും ഒറ്റമുറി ഫ്ലാറ്റിലാണ്. സൗകര്യങ്ങളില്ലാത്തതിനാൽ അവിടേക്കു മാറാനും ഒരുക്കമല്ല ടോണി. എല്ലുകൾ ദുർബലമാകുന്ന അപൂർവരോഗത്തിന്റെ പിടിയിലാണ് ടോണി. അങ്ങനെയാണു ജോലി ഉപേക്ഷിക്കുന്നതും തൊഴിൽരഹിതയാകുന്നതും. നാലു കുട്ടികൾക്കും അമ്മ അടുത്തുതന്നെ വേണം. മക്കളെ തനിച്ചാക്കി പുറത്തുപോകാനും ടോണിക്കു കഴിയില്ല. ആരുടെയെങ്കിലും സൗജന്യം പറ്റി ജീവിക്കുന്നത് എനിക്കിഷിടമല്ല. പക്ഷേ, ചിലപ്പോൾ അതുവേണ്ടി വരും. നല്ല ദിവസങ്ങളുണ്ട് ജീവിതത്തിൽ. ചീത്ത ദിവസങ്ങളും–ടോണി പറയുന്നു. 

മൂന്നാം നിലയിലെ ഒരു ഫ്ലാറ്റിലായിരുന്നു ടോണിയുടെയും കുട്ടികളുടെയും താൽക്കാലിക താമസം. നാലു കുട്ടികളുമായി മൂന്നാം നിലയിലേക്കു കയറുന്നതും ഇറങ്ങുന്നതും അങ്ങേയറ്റം ബുദ്ധിമുട്ട്. രോഗത്തെത്തുടർന്ന് സ്വതന്ത്രമായി ചലിക്കാനും ടോണിക്കു സാധിക്കില്ല. തനിച്ചുകയറാൻ സാധിക്കാത്ത പടികൾ കുട്ടികളുമായി കയറുകയെന്ന സാഹസം എത്ര നാൾ തുടരാനാകും. 

വീട്ടുടമസ്ഥൻ വീട് മറ്റൊരാൾക്കു വിറ്റപ്പോൾ താൽക്കാലിക താമസസൗകര്യം മതിയാക്കേണ്ടിവന്നു. അതിനെത്തുടർന്നാണ് മറ്റൊരു താമസസ്ഥലം കണ്ടുപിടിക്കാൻ ടോണി നിർബന്ധിക്കപ്പെട്ടത്. ഒറ്റയ്ക്കു താമസിക്കുമ്പോൾ ടോണിയും അമ്മയും തമ്മിൽ നല്ല ബന്ധമായിരുന്നെങ്കിലും ഇപ്പോൾ അവർ അത്ര സൗഹൃദത്തിലല്ല.

കുട്ടികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ടോണിക്കു വേദനയുണ്ട്. അവർക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്നതും അവരെ വിഷമിപ്പിക്കുന്നു. 

എഡിൻബറോ ഹൗസിങ് കൗൺസിൽ കൺവീനർ തങ്ങളുടെ നിസ്സഹാവസ്ഥ വെളിപ്പെടുത്തുന്നു. വീടുകൾക്കുള്ള ആവശ്യം തലസ്ഥാനനഗരത്തിൽ വളരെക്കൂടുതലാണ്. മൂന്നു മുറി വീടുകൾക്കാണ് ആവശ്യക്കാരേറെയും. നിലവിൽ ടോണി ആവശ്യപ്പെടുന്ന രീതിയിലുള്ള വീടുകളില്ല. കുറച്ചു കാത്തിരിക്കേണ്ടിവരുമെന്നും അധികാരികൾ വ്യക്തമാക്കുന്നു.

വീടുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എഡിൻബറോയിൽ വലിയൊരു താമസ സമുച്ചയം നിർമിക്കുകയാണ് സർക്കാർ. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പരാതികൾക്കു വലിയൊരളുവരെ പരിഹാരമുണ്ടാകുമെന്നും അവർ പറയുന്നു. പക്ഷേ, ടോണി. നാലുകുട്ടികൾ. അവരുടെ ഭാവി ?