Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയലല്ല ജീവിതം; വിവാഹദിവസം തന്നെ വധുവിനോട് ഈ തമാശ വേണമായിരുന്നോ?

bride-cooking ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്.

പുതിയൊരു ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളും ആശങ്കകളുമൊക്കെയായി അപരിചിതമായ അന്തരീക്ഷത്തിലേക്ക് എത്തിയ നവവധുവിന് ഭർതൃവീട്ടിൽ കിട്ടിയ സ്വീകരണത്തിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു നിന്ന് ഒരു പെൺകുട്ടി അരകല്ലിൽ തേങ്ങ അരക്കുന്നതും ചുറ്റും കൂടി നിൽക്കുന്ന വരനും ബന്ധുക്കളും പ്രോത്സാഹിപ്പിക്കുന്നതുമാണ് വിഡിയോയിലെ ദൃശ്യങ്ങൾ.

അമ്മായി അമ്മ അരയ്ക്കുന്നതുപോലെ നന്നായി അരക്കണം. നല്ലവടിവൊത്ത രീതിയിൽ അരയ്ക്കണം എന്നു തുടങ്ങി നിരവധി കമന്റുകളും കേൾക്കാം. നിസ്സഹായയായി വധു ജോലി തുടരുമ്പോൾ അവളെക്കണ്ടു ചിരിക്കുകയാണ് വരന്റെ ബന്ധുക്കൾ. പുതിയതായി വന്ന ഒരാളുടെ അപരിചിതത്വം മാറ്റാനുള്ള തമാശയായി ചിലരൊക്കെ ഇതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും ഈ പ്രവണതയെ അത്ര കണ്ടു പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഏറെ ഉയർന്നു കേൾക്കുന്നത്.

വിവാഹവസ്ത്രം മാറുന്നതിനു മുമ്പ് അതും തികച്ചും അപരിചിതരായ ആളുകളുടെ മുന്നിൽ നിസ്സഹായയായി നിൽക്കേണ്ടി വന്ന വധുവിനെക്കുറിച്ച് ആരെങ്കിലും ഒരുവട്ടമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഇത്തരം ക്രൂരമായ തമാശകൾ അവിടെ അരങ്ങേറില്ലായിരുന്നു. കല്യാണം കഴിക്കുന്നതു തന്നെ അടുക്കളയിൽ അമ്മയെ സഹായിക്കാൻ ഒരു പെണ്ണിനുവേണ്ടിയാണെന്നതൊക്കെ പഴഞ്ചൻ സങ്കൽപ്പമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ ധൈര്യമുള്ളവരാണ് ഇന്നത്തെ പെൺകുട്ടികൾ.

തന്റെ സ്വപ്നങ്ങൾക്കു കൂട്ടു നിൽക്കാൻ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ചുണ്ടാവാൻ കഴിയുന്ന ഒരാളെ പ്രതീക്ഷിച്ചാണ് ഓരോ പെൺകുട്ടിയും വിവാഹപ്പന്തലിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. കഴുത്തിൽ താലികെട്ടുന്ന നിമിഷം മുതൽ ഭർത്താവിനെ തന്റെ സംരക്ഷകനായാണവൾ കണ്ടുതുടങ്ങുന്നത്. അന്യരുടെ മുന്നിൽ തന്റെ തല കുനിക്കാൻ ഒരിയ്ക്കലും അനുവദിക്കാത്തവിധം തന്നെ സംരക്ഷിക്കുന്ന ആളാണ് കൂടെയുള്ളതെന്ന വിശ്വാസമാണ് അന്നു മുതൽ അവളുടെ മനസ്സിൽ വേരുപിടിക്കുന്നത്. അങ്ങനെയുള്ള പെൺകുട്ടിയാണ് തീർത്തും അപരിചിതമായ സ്ഥലത്ത് ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടു നിന്നുപോയത്.

എന്ത് ആചാരത്തിന്റെ പേരിലായാലും ഇതിനെ വെറും തമാശയായി മാത്രം കാണാനാവില്ലെന്നാണ് ഈ വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം.