Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്രക്കാഗ്രഹമുണ്ടെങ്കില്‍ അത് ആള്‍ക്ക് നേരിട്ടു ചോദിച്ചൂകൂടെ?; തടവുകാരിയെ പ്രണയിച്ച പട്ടാളക്കാരന്റെ കഥ

couple പ്രതീകാത്മക ചിത്രം.

പ്രണയം മരണത്തെക്കാള്‍ ശക്തമാണ് എന്ന് ശരിവയ്ക്കുന്ന അപൂര്‍വ്വമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണിത്. ഹോളോകോസ്റ്റ് തടവറയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന മരണത്തിന്റെ നനുത്ത  കാലൊച്ചയ്ക്ക് സംഭീതിയോടെ കാതോര്‍ത്തിരുന്ന ഏതോ നിമിഷത്തിലാണ് ഈഡിത്ത് സ്‌റ്റെയ്‌നറുടെ മനസ്സിലേക്ക് ജോണ്‍ മാക്കെയ് കടന്നുവന്നത്. 

ജീവിതം യൗവനതീക്ഷ്ണമെങ്കിലും ഹൃദയം പ്രണയസുരഭിലമായിരുന്നില്ല എന്നതായിരുന്നു ഈഡിത്തിന്റെ അവസ്ഥ. അവള്‍ക്കന്ന് 20 വയസായിരുന്നു. 1944 ആയിരുന്നു വര്‍ഷം. ഔഷവിറ്റ്‌സില്‍ മരണം കറുത്ത കോട്ടണിഞ്ഞു നടക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു കൂട്ടക്കുരുതിയുടെ നിഴല്‍ ഈഡിത്തിന്റെ മേല്‍ പരന്നുകിടന്നിരുന്നു. അമ്മയൊഴിക അടുത്ത ബന്ധുക്കളെല്ലാം അവള്‍ക്ക് അതിനകം നഷ്ടമായിക്കഴിഞ്ഞിരുന്നു. മാത്രവുമല്ല യുദ്ധതടവുകാരില്‍ നല്ലൊരു പങ്കും അപ്പോഴേക്കും   മരണത്തിന്റെ തീരമണഞ്ഞുകഴിഞ്ഞിരുന്നു. 

അത്തരമൊരു ദിനത്തിലേക്കാണ് ജോണ്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ പട്ടാളക്കാരന്‍ കടന്നുവന്നത്. ഇറ്റാലിയന്‍ പട്ടാളക്കാരന്റെ വേഷമണിഞ്ഞായിരുന്നു അയാളുടെ രംഗപ്രവേശം. കാവല്‍സേനയുടെ കണ്ണുവെട്ടിച്ച് അയാള്‍ അവളെ രക്ഷപ്പെടുത്തി. ഒപ്പം അമ്മയെയും. മരണത്തില്‍ നിന്നുള്ള  ജീവനും പിടിച്ചുള്ള ആ ഓട്ടത്തിനിടയില്‍ അവരെപ്പോഴോ പരസ്പരം ഹൃദയങ്ങള്‍ കൈമാറിയിരുന്നു, അവര്‍ പോലുമറിയാതെ.. എന്നിട്ടും തുറന്നുപറയാത്ത ആത്മാനുരാഗമായി അവരത് കാത്തുസൂക്ഷിച്ചതേയുള്ളൂ.

പിന്നീട് മോചനത്തിന്റെ ആഘോഷങ്ങളൊരുക്കിയ ഒരു രാവില്‍ തന്നോടൊപ്പം നൃത്തം വയ്ക്കാമോയെന്ന് ചോദിച്ചുകൊണ്ട് ജോണ്‍ തന്റെ സുഹൃത്തിനെ ഈഡിത്തിന്റെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. അത്രക്കാഗ്രഹമുണ്ടെങ്കില്‍ അത് ആള്‍ക്ക് നേരിട്ടു ചോദിച്ചൂകൂടെ എന്ന് ആ മിടുക്കി തിരിച്ചുചോദിച്ചു. സ്‌നേഹത്തിന്റെ പാലം ഇരുവര്‍ക്കുമിടയില്‍ പണിയപ്പെട്ടത് അങ്ങനെയാണ്. അന്ന് അവള്‍ അവനൊപ്പം നൃത്തം ചെയ്തു. ആ നൃത്തം എഴുപത് വര്‍ഷം നീണ്ടുനിന്നു.2017 വരെ. 1946 ജൂലൈ 17 ന് ആയിരുന്നു അവരുടെ വിവാഹം. പിന്നീട് ഇരുവരും ചേര്‍ന്ന് ഹോട്ടലാരംഭിച്ചു. അവര്‍ക്ക് രണ്ടുമക്കളുമുണ്ടായി. ഷാരോണും പീറ്ററും. 

അവരുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ വറ്റാത്ത പുഴയൊഴുകിക്കൊണ്ടേയിരുന്നു. ഈ വര്‍ഷം ആരംഭത്തിലായിരുന്നു ഈഡിത്ത് മരണത്തിലൂടെ വേര്‍പിരിഞ്ഞുപോയത്. സുദീര്‍ഘമായ ദാമ്പത്യബന്ധത്തിന്റെയും നിഷ്‌ക്കളങ്കമായ പ്രണയത്തിന്റെയും തീവ്രമായ ഉദാഹരണമായിട്ടാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഈഡിത്തിന്റെയും ജോണിന്റെയും  ജീവിതത്തെ വിലയിരുത്തുന്നത്. 

ജീവിതത്തിലെ ഏറ്റവും വേദനാകരമായ നിമിഷങ്ങളിലും പ്രണയം കണ്ടെത്തി എന്നതാണ് ഇവരുടെ കഥ നമ്മെ പ്രചോദിപ്പിക്കുന്നത്.  മരണം വരെ ആ പ്രണയം  കാത്തുസൂക്ഷിച്ചു എന്നതാണ് അവര്‍ നമുക്ക് നൽകുന്ന  മാതൃകയും.