Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനമ്മമാരെ ഒന്ന് കെട്ടിപ്പിടിക്കൂ,‌ അവരെ എപ്പോഴാണ് നഷ്ടപ്പെടുന്നതെന്ന് അറിയില്ലല്ലോ

mom-love ചിത്രത്തിന് കടപ്പാട്; ട്വിറ്റർ.

കുട്ടിക്കാലത്ത് അച്ഛനമ്മമാരുടെ എത്രയോ  വാത്സല്യ ഉമ്മകള്‍ കിട്ടിയിട്ടുളളവരാണ് നമ്മള്‍ ഓരോരുത്തരും. മത്സരിച്ചെന്നോണം അവര്‍ക്ക് തിരികെയും നമ്മള്‍ അത് കൊടുത്തിട്ടുമുണ്ട്. പിന്നെപ്പിന്നെ നമ്മള്‍ വളരുകയും അച്ഛനമ്മമാര്‍ വൃദ്ധരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അവരെ ഉമ്മവയ്ക്കാനോ ആലിംഗനം ചെയ്യാനോ നാം മടിയുള്ളവരായി മാറുന്നു.

ഒരു പ്രത്യേക പ്രായത്തിന് ശേഷം മക്കളെ കെട്ടിപിടിക്കാനോ ഉമ്മവയ്ക്കാനോ മാതാപിതാക്കളും മടി കാണിക്കുന്നു. സ്പര്‍ശവും ചുംബനവുമൊക്കെ അങ്ങനെ ഒരു പ്രത്യേക കാലത്തും സമയത്തും മാത്രമായി നാം പരിമിതപ്പെടുത്തുന്നു. എന്നാല്‍ നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഹന്നാ എന്ന ട്രെയിനി നേഴ്‌സ് ട്വിറ്ററിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. 

ദയവായി നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കന്മാരെ ഒന്ന് ആലിംഗനം ചെയ്യൂ.. അവരുടെ അടുത്തിരിക്കു. ഉമ്മ വയ്ക്കൂ.കാരണം നിങ്ങള്‍ ഒരിക്കലും അറിയുന്നില്ലല്ലോ അവരെപ്പോഴാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന്. ഹന്നാ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വരികള്‍. ഇത്തരമൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് നീങ്ങിനിൽക്കാന്‍ അവളെ പ്രേരിപ്പിച്ചത് സ്വന്തം അനുഭവം തന്നെയായിരുന്നു.

അവളുടെ അമ്മ പെഗി സമ്മേഴ്‌സ് എഴുതിയ കത്താണ് അതിന് കാരണമായത്. അമ്പത്തിയഞ്ചാം വയസിലാണ് പെഗിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. മരണത്തിന്റെ മറവിലേക്ക് മാഞ്ഞുപോകുന്നതിന് മുമ്പ് തന്റെ ഓരോ മക്കള്‍ക്കുമായി ഓരോ കത്തെഴുതണമെന്ന് അവര്‍ ആഗ്രഹിച്ചു. മക്കളുടെ പിന്നീടുള്ള ജീവിതവഴികളില്‍ പ്രകാശം വിതറുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു കത്ത്. 

അതിലൊരു കത്തായിരുന്നു കൗമാരക്കാരിയായ ഹന്നായ്ക്ക് എഴുതിയ കത്ത്. ഹന്നാ നീ ഈ കത്ത് വായിക്കുമ്പോഴേയ്ക്കും  സര്‍ജറി കഴിഞ്ഞിട്ടുണ്ടാവും... രോഗത്തോട് പൊരുതാന്‍ ഞാന്‍ എന്നാലാവുന്ന വിധത്തിലെല്ലാം ചെയ്യും. പക്ഷേ എനിക്കറിയാം ദൈവം എനിക്ക് വേണ്ടി മറ്റെന്തൊക്കെയോ ചെയ്യുമെന്ന്. പരിഭ്രാന്തയാവരുത്.

മോശം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അവയെ കൈകാര്യം ചെയ്യാനാണ് നാം പഠിക്കേണ്ടത്. അത് നമ്മെ എന്തുമാത്രം മുറിപ്പെടുത്തും എന്നത് വലിയ വിഷയമേയല്ല.. നീ സന്തോഷവതിയായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവം നിനക്ക് നൽകിയ ദാനങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുക. നീ നല്ലൊരു നഴ്സായിത്തീരും. നീ നല്ലൊരു വ്യക്തിയായിരിക്കുന്നതുപോലെ തന്നെ... നന്നായി പഠിക്കുക.. ജോലിയെക്കുറിച്ചൊന്നും ടെന്‍ഷനടിക്കണ്ടാ.. ഡാഡിയോട് സഹിഷ്ണുതയോടെ പെരുമാറുക.. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് ധാരാളം സമയം വേണ്ടിവരും. ഒരുപാട് ആളുകള്‍ നിങ്ങളെ സ്‌നേഹിക്കുന്നവരായുണ്ട് എന്ന് ഓര്‍മ്മിക്കുക.. അവരോടെല്ലാം സംസാരിക്കുക.

മഞ്ഞുകാലത്ത് പുറത്തേക്ക് പോകുമ്പോള്‍ കാറില്‍ എമര്‍ജന്‍സി കിറ്റ് എടുത്തുവയ്ക്കാന്‍ മറക്കരുത്. പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കുക. കാരണം എല്ലാ ആണ്‍കുട്ടികളും മോശക്കാരൊന്നുമല്ല. പക്ഷേ ചിലർ... അവര്‍ ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നിരിക്കും.അവരെ നിലക്കു നിര്‍ത്താന്‍ പഠിക്കുക. കാരണം അവരാണ് നിന്നെ ശക്തിപ്പെടുത്തുന്നത്.

നീ എപ്പോഴും ഓര്‍മ്മിക്കുക. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ട് എന്ന്... ജീവിതം ദൈവത്തിനെ ഏൽപ്പിക്കുക. നീ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നതോര്‍ത്ത് ഒരിക്കലും ലജ്ജിക്കരുത്. നിനക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ അറിയണം ഞാന്‍ അവരെ എന്തുമാത്രം  സ്‌നേഹിക്കുമായിരുന്നുവെന്ന്. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ പോകുകയാണ്. നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടകാര്യങ്ങള്‍ നടക്കുമ്പോഴെല്ലാം പുഞ്ചിരിയോടെ ഞാന്‍ നിങ്ങളുടെ അടുക്കലുണ്ടാവും. നിനക്ക് ആവുന്നതുപോലെ ഈ ഓര്‍മ്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.. 

ജീവിതം ആസ്വദിക്കുക. ഓരോ ദിവസവും അവസാനത്തെ ദിവസമാണെന്ന മട്ടില്‍.കാരണം നമുക്കറിയില്ല ഈ ദിനമാണോ നമ്മുടെ അവസാനത്തെ ദിനമെന്ന്.. നിങ്ങള്‍ എല്ലാവരും ഒന്നറിയണം.. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങള്‍ അറിഞ്ഞതിനെക്കാളുമേറെ..

സ്നേഹപൂര്‍വ്വം 

മമ്മ

ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും മമ്മ തങ്ങളോരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം കത്തുകളെഴുതിയതോര്‍ത്ത് ഹന്നാ അത്ഭുതപ്പെടുന്നു. ഈ കത്തും അത് എഴുതാന്‍ എടുത്ത ബുദ്ധിമുട്ടും തന്നെ മമ്മയുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കിതരുന്നതായും ഹന്നാ വിശ്വസിക്കുന്നു. തന്നെക്കാളേറെ മറ്റുള്ളവരെ പരിഗണിക്കുന്ന വ്യക്തിയായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണ് ഈ കത്തുകളോരോന്നും. മമ്മ മരിച്ചുപോയെങ്കിലും ഇന്നും തങ്ങളുടെ ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് ഹന്നയ്ക്ക് ഇഷ്ടം. അതിന്റെ ഏറ്റവും വലിയ തെളിവായി മമ്മയുടെ കത്തിലെ ഈ വരികള്‍ അവള്‍ ഉദാഹരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം പുഞ്ചിരിയോടെ ഞാന്‍ നിങ്ങളുടെ അടുക്കലുണ്ടാകും.

സ്‌നേഹിക്കുന്നവര്‍ ആരായാലും അവര്‍ എപ്പോഴാണ് നമ്മില്‍ നിന്ന് പിരിഞ്ഞുപോകുന്നതെന്ന് നമുക്ക് മേഘങ്ങളില്‍ നിന്ന് പോലും വായിച്ചെടുക്കാനാവില്ല. അതുകൊണ്ട് അടുത്തുനില്ക്കുന്നവരെ  സ്‌നേഹിക്കുക.. അവരെ ഒന്ന് സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്യുക.. മൂര്‍ദ്ധാവില്‍ ഒന്ന് ഉമ്മ വയ്ക്കുക. നമുക്ക് വേണ്ടി എത്രയോ രാപകലുകള്‍ കഷ്ടപ്പെട്ടിട്ടുള്ളവരും ഉറക്കമിളച്ചവരുമാണ് നമ്മുടെ മാതാപിതാക്കള്‍. അവരുടെ വാർധ്യക്കത്തിലെ ഒറ്റപ്പെടലുകളുടെയും രോഗത്തിന്റെ തീവ്രതകളുടെയും നിമിഷങ്ങളില്‍ അവരുടെ അടുത്തിരിക്കുകയോ അവര്‍ക്കൊരു ചുംബനം നല്കുകയോ ചെയ്യുന്നത് അവരെ എന്തുമാത്രം സന്തോഷിപ്പിക്കുമെന്നോ.. 

ഹന്നായുടെ വാക്കുകള്‍ നമുക്ക് വീണ്ടും ഓര്‍മ്മിക്കാം.ദയവായി നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കന്മാരെ ഒന്ന് ആലിംഗനം ചെയ്യൂ.. അവരുടെ അടുത്തിരിക്കു... ഉമ്മ വയ്ക്കൂ..കാരണം നിങ്ങള്‍ ഒരിക്കലും അറിയുന്നില്ലല്ലോ അവരെപ്പോഴാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന്...