Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് സൗന്ദര്യമില്ലെന്ന് നിങ്ങളോട് ആരു പറഞ്ഞു? ‍

സലിംകുമാർ സലിം കുമാർ. ഫോട്ടോ: ശ്യാം ബാബു

പറവൂർ ചിറ്റാട്ടുകരയിലെ ‘ലാഫിങ് വില്ല’യിൽ മഴ തകർത്തു പെയ്യുകയാണ്. മഴയുടെ തണുപ്പിൽ എല്ലാം മറന്നിരുന്ന് പുതിയ സിനിമയായ ‘കറുത്തജൂത’ന്റെ തിരക്കഥ തകർത്ത് എഴുതുകയാണ് ഗൃഹനാഥൻ സലിം കുമാർ. എഴുത്തിന് ഇടവേള കൊടുത്ത് മഴ നോക്കിയിരിക്കുന്ന അദ്ദേഹത്തോട് ‘എന്തുണ്ട് വിശേഷം ’ എന്ന അരാഷ്ട്രീയ ചോദ്യത്തിന് മറുപടി പറ‍ഞ്ഞത് രാഷ്ട്രീയമാണ്.’’ എല്ലാം ശരിയായല്ലോ?’’

‘‘സിനിമകളൊന്നുമില്ലാതെ ഞാൻ വെറുതേയിരിക്കുകയാണ് എന്നാണു ചിലരുടെ ധാരണ. അതവരുടെ മോഹം മാത്രമാണ് മമ്മൂട്ടിയോടൊപ്പം ‘തോപ്പിൽ ജോപ്പ’ന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇനി സ്വന്തം സിനിമയായ ‘കറുത്ത ജൂതൻ’. പിന്നെ നാദിർഷായുടെ ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ.’ സലിംകുമാർ വീണ്ടും മഴയിലേക്കു തിരിഞ്ഞു.

‘അമ്മ’യിൽ നിന്ന് രാജി വച്ചത് ശരിയായോ?

ഞാൻ റിയലായിട്ട് രാജി വച്ചതല്ല. പ്രതിഷേധിക്കാൻ രാജി വച്ചതാണ്. അതെല്ലാം വലിയ കുഴപ്പമുണ്ടാക്കില്ലേ എന്നൊക്കെ പലരും ചോദിച്ചു. എന്തിനെ എതിർക്കുന്നിടത്തും ചലഞ്ചുണ്ട്. നാം ചലഞ്ചെടുക്കണം.

നമ്മുടെ ഭാഗത്ത് ന്യായമുണ്ടോ, സത്യമുണ്ടോ എന്നു മാത്രം നോക്കിയാൽ മതി. അതുണ്ടെങ്കിൽ ആ നിലപാടെടുക്കണം. അതിനെന്തിനാണ് പേടിക്കുന്നത്? എനിക്ക് 46 വയസ്സായി. സിനിമയിൽ വന്നിട്ട് 18 വർഷവുമായി. അതായത് ഞാൻ 28 വർഷം ജീവിച്ചത് സിനിമയില്ലാതെയാണ്. ഇനി എത്ര ദിവസം കൂടി എനിക്ക് ബാക്കിയുണ്ട്? അതിനാൽ ആ വക ഭീതിയൊന്നുമില്ല. എനിക്കെതിരെ വല്ലതുമൊക്കെ ചെയ്യുമായിരിക്കും എന്ന് പേടിച്ച് മാറി നിൽക്കുന്നതിൽ കാര്യമില്ല.

നമുക്ക് ഒരൊറ്റ ജീവിതമല്ലേ ഉളളൂ. ജീവിതം അതിന്റെ അർഥത്തിലും വ്യാപ്തിയിലും ജീവിക്കണം. എങ്ങനെ നിന്നാൽ കൂടുതൽ നേട്ടം കൊയ്യാം എന്ന് ആലോചിച്ച് വയ്ക്കുന്നതിൽ എന്തു കാര്യം? ഞാൻ പുണ്യാളനൊന്നുമല്ല. പക്ഷേ, എന്റെ തെറ്റുകൾക്കിടയിലും ഞാൻ ശരിചെയ്യുന്നു. അന്യരെ ദ്രോഹിക്കരുതെന്നാണ് എന്റെ ശരിയെന്ന് ഞാൻ കരുതുന്നു. ഒന്ന് ആശുപത്രിയിൽ പോയി വന്നാൽ മതി അഹങ്കാരം എന്ന രോഗം മാറാൻ. കൊളളരുതായ്മ എന്തിനു വേണ്ടി ചെയ്തോ ആർക്കു വേണ്ടി ചെയ്തോ അവരൊന്നും അവിടെ ഉണ്ടാകില്ല. നാമും നിഴലും മാത്രം. നാം ഒറ്റയ്ക്കാവും. നാം സ്വയം വിചാരണ ചെയ്യപ്പെടും. ആ സമയത്ത് നാം സന്തോഷിക്കുമോ എന്നതാണ് കാര്യം. അതാണ് യഥാർഥ സന്തോഷം. തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ നാം എന്തു ചെയ്തു? അവരുടെ അരി മുടക്കിയോ വിലക്കിയോ എന്നെല്ലാം നാം സ്വയം ചോദിക്കേണ്ടി വരും. നാം പോകുന്നത് പ്രാണവായു വരെ വിലകൊടുത്തു വാങ്ങേണ്ട സ്ഥലത്താണ് എന്ന ഓർമ വേണം. എന്റെ ബാല്യം എനിക്ക് ഇന്നലെ എന്നതുപോലെ തോന്നുന്നു. ഇപ്പോൾ ഞാൻ വാർധക്യത്തിലേക്ക് കടക്കുകയാണ്. ആയുസ്സിന്റെ സൂര്യൻ ചെരിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും നന്നാ യില്ലെങ്കിൽ പിന്നെ എന്നു നന്നാകാനാണ്?

പക്ഷേ, പണ്ട് തിലകനെ വിലക്കിയപ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ?

ഞാൻ ‘വിലക്ക്’ എന്നു പറഞ്ഞത് ഏതെങ്കിലും ഒരു സംഘടന എന്ന അർഥത്തിലല്ല. വിശാലമായ അർഥത്തിലാണ്. പിന്നെ, തിലകൻ ചേട്ടന്റെ പ്രശ്നം നടക്കുമ്പോൾ ഞാൻ സംഘടനയിലേക്ക് വന്നതല്ലേയുളളൂ. ഞാൻ പറയുന്നതൊക്കെ ആരു കേൾക്കാൻ? ആരും കേൾക്കാനില്ലെങ്കിൽ പ്രതികരിച്ചിട്ടെന്തു കാര്യം? നമ്മുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്ന സമയത്തല്ലേ പ്രതികരിക്കേണ്ടത്? പക്ഷേ, ഇപ്പോഴും പൊതുജന മധ്യത്തിൽ പ്രതികരണം കുറവാണ്. ഫെയ്സ്ബുക്കിൽ പക്ഷേ, ഇഷ്ടം പോലെ പ്രതികരിക്കുന്നുണ്ട്.

സലിംകുമാർ കുടുംബസമേതം സലിം കുമാർ കുടുംബസമേതം. ഫോട്ടോ: ശ്യാം ബാബു

തെറ്റു കണ്ടാൽ പ്രതികരിക്കാതിരിക്കാൻ ആവില്ല. അച്ഛനിൽ നിന്നു കിട്ടിയ ശീലമാണത്. പ്രശസ്ത സാമൂഹിക പരിഷ്കർത്താവ് സഹോദരൻ അയ്യപ്പന്റെ നാട്ടിലാണു ഞാൻ ജനിച്ചത്. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ വിശ്വസിക്കുന്ന ആളായിരുന്നു അച്ഛൻ. ജാതി വ്യവസ്ഥയ്ക്കെതിരെയാണ്. അദ്ദേഹം അന്നു പ്രതികരിച്ചത്. സഹോദരൻ അയ്യപ്പന്റെ വാക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കുറേ ചെറുപ്പക്കാർ മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിട്ടു. നൗഷാദ്, ജലീൽ എന്നൊക്കെ പേരുകളുളള ഈഴവർ നാട്ടിലുണ്ടായി. അങ്ങനെയാണു അച്ഛൻ എനിക്ക് സലിം കുമാർ എന്നു പേരിട്ടത്. കണ്ടാൽ ഒരു ലുക്കില്ലെന്നേയുളളൂ, ഭയങ്കര പേരാ....’ സ്വന്തം ഡയലോഗ് പറഞ്ഞ് സലിം കുമാർ ഉറക്കെ ചിരിച്ചു.

‘കണ്ടാൽ ഒരു ലുക്കില്ലെന്നേയുളളൂ, ഭയങ്കര ബുദ്ധിയാ....’ എന്ന ഡയലോഗ് ഷൂട്ടിങ്ങിന് പറഞ്ഞപ്പോൾ സെറ്റിൽ ചിരിയുണ്ടായോ?

ആരും ചിരിച്ചില്ല. ചിരിച്ചിരുന്നെങ്കിൽ തിയറ്ററിൽ ആരും ചിരിക്കില്ലായിരുന്നു. എന്റെ അനുഭവമാണ്. ‘കലക്കി’, ‘ഗംഭീരമായി ’ എന്നൊക്കെ അഭിനന്ദനം ഏറ്റു വാങ്ങിയ ഡയലോഗുകൾ തിയറ്ററിൽ മന്ദഹാസം പോലും ഉണ്ടാക്കാതെ ആവിയായിട്ടുണ്ട്. ഭാഗ്യവശാൽ ഈ ഡയലോഗിനെക്കുറിച്ച് ആരുമൊന്നും പറഞ്ഞില്ല. അതുകൊണ്ട് ഇത് വക്കീലന്മാരുടെ ദേശീയ ഡയലോഗായി മാറി.

എല്ലാവർക്കും എന്നതുപോലെ അഭിഭാഷകർക്കും ഒരാഗ്രഹമു ണ്ട്. ‘നല്ല സൗന്ദര്യം ഉണ്ടാകണം, തുടുത്തു കുട്ടപ്പനായിരിക്കണം, മമ്മൂട്ടിയെപ്പോലെ ആകണം’ എന്നൊക്കെ. അദ്ദേഹവും വക്കീലാണല്ലോ. പക്ഷേ, ആഗ്രഹിക്കാനല്ലേ പറ്റൂ. നടക്കില്ലല്ലോ. അപ്പോൾപ്പിന്നെ ഈ ഡയലോഗ് അടിച്ച് സമാധാനിക്കും. മറ്റൊരു കാര്യം, സൗന്ദര്യമല്ല മികച്ച വക്കീലിന്റെ മാനദണ്ഡം എന്നതാണ്. കഴിവും സൗന്ദര്യവുമായി ഒരു ബന്ധവുമില്ല. ഇതറിഞ്ഞുകൊണ്ടു നാം സൗന്ദര്യത്തിനു തലവെച്ചു കൊടുക്കുന്നു. ട്രെയിനിനു തല വയ്ക്കുന്നതുപോലെയാണ് മിക്കപ്പോഴും. ചിലപ്പോൾ അതിലും ഭയങ്കരം.

പച്ചക്കറിയുടെ കാര്യത്തിൽ പോലും ഇതു കറക്റ്റാണ്. പുഴുവരിച്ച ചീര മേടിക്കില്ല. നല്ല സൗന്ദര്യമുളള ചീര നോക്കി വാങ്ങും. ഉഗ്ര വിഷം അടിച്ച് പുഴുവിന് കയറാൻ പറ്റാതാക്കിയതാണ് അവയെന്ന് ഓർക്കില്ല. സൗന്ദര്യത്തിൽ ആകർഷിക്കപ്പെട്ട് വിഷം കഴിക്കും.

സൗന്ദര്യം ഇല്ലാത്തതുകൊണ്ടല്ലേ ഈ ഡയലോഗ്?

എനിക്ക് സൗന്ദര്യമില്ലെന്ന് നിങ്ങളോട് ആരു പറഞ്ഞു? ‍ഞാൻ സുന്ദരനാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നുമുണ്ട്. വെളുവെളെ ഇരിക്കുന്നതാണോ സൗന്ദര്യം. അങ്ങനെയുളള ഒരു സുന്ദരി പച്ചത്തെറി പറയുകയാണെങ്കിൽ നിങ്ങൾക്കവളെ ‘ഹാ! സുന്ദരി’ എന്നു വിളിക്കാനാകുമോ? എനിക്കു പറ്റില്ല.

സലിംകുമാർ സലിം കുമാർ. ഫോട്ടോ: ശ്യാം ബാബു

സൗന്ദര്യം എന്നു പറഞ്ഞപ്പോൾ മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തുന്നതു പൊതു രീതിയാണത്. എന്താണിതിനു കാരണം?

അത് മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന്റെ സൗന്ദര്യം കൂടിയാണ്. അദ്ദേഹം കുടുംബനാഥനെ അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ, അദ്ദേഹമായിരിക്കും മാതൃകാ കുടുംബനാഥൻ. ആ കഥാപാത്രം കുടുംബത്തിനു വേണ്ടി ജീവിക്കും. കുടുംബത്തിനു വേണ്ടി മരിക്കും. ഓരോ സ്ത്രീയും കൊതിക്കും. തന്റെ ഭർത്താവ് അതുപോലെയായെങ്കിൽ എന്ന്. സഹോദരൻ, കാമുകൻ, ചരിത്രപുരുഷൻ, എല്ലാ കഥാപാത്രങ്ങളും മാതൃകാ പുരുഷോത്തന്മാരാണെന്ന്. അതു കൊണ്ട് ധൈര്യമായി മമ്മൂട്ടിയുടെ പേര് സൗന്ദര്യത്തിന്റെ പര്യായമായി പറയാൻ നമുക്ക് കഴിയും. മറ്റൊരു കാരണം, വ്യക്തി ജീവിതത്തിലും കരടൊന്നും അദ്ദേഹം വീഴ്ത്തിയിട്ടില്ല എന്നതാണ്.

താങ്കൾ കണ്ട ഒരു സുന്ദരിയുടെയും ഒരു സുന്ദരന്റെയും പേര് പറയൂ

എന്തിന് ഒന്നാക്കണം? ട്രാക്കിലെ സൗന്ദര്യമാണ് പി.റ്റി. ഉഷ. എഴുത്തിലെ സൗന്ദര്യമാണ് എം.ടി. വാസുദേവൻ നായർ. രാഷ്ട്രീയത്തിലെ സൗന്ദര്യമാണ് വി.എസ്. അച്യുതാനന്ദൻ. എവിടെ നിൽക്കുന്നു എന്നതും ചേർന്നാണ് സൗന്ദര്യം വരുന്നത്. ഋത്വിക് റോഷൻ സുന്ദരനാണ്. പക്ഷേ, ഇടിക്കൂട്ടിൽ മൈക്ക് ടൈസനൊപ്പം ഋത്വിക് റോഷൻ നിൽക്കുമ്പോൾ സുന്ദരൻ ടൈസനാകുന്നു.

ഫെയ്സ്ബുക്കല്ലാതെ ബുക്കുകൾ വായിക്കാറില്ലേ?

വായനയുണ്ട്. ബുക്കുകൾ മാത്രമല്ല മാഗസിനുകളും. കറുത്ത ജൂതന്റെ ഇൻസ്പിരേഷൻ കിട്ടിയത് ഒരു മാസികയിൽ വന്ന ഫീച്ചറിൽ നിന്നാണ്. എവിടെ നിന്നാണ് ആശയം കിട്ടുക എന്ന് നമുക്കറിയില്ല. അതിനാൽ ബാലരമയും വായിക്കണം. വനിത വായിച്ച് ഞാനൊരു പാചകക്കാരനായി. അച്ഛനാണെന്റെ പാചക ഗുരു. പാചക ക്ലാസൊന്നും എടുത്തില്ല. അച്ഛൻ നന്നായി പാചകം ചെയ്യുമായിരുന്നു. അതുകണ്ട് ഞാനും ചെയ്തു തുടങ്ങി.

അച്ഛന്റെ മാസ്റ്റർ പീസ്?

പരിപ്പും ചെമ്മീനും കറി. അച്ഛനിൽ നിന്നു ബാലപാഠങ്ങൾ പഠിച്ചു കഴിഞ്ഞ് സ്വയം പാചകപരീക്ഷണങ്ങൾ നടത്തിത്തുടങ്ങി. മീൻ ഐറ്റംസ് ആയിരുന്നു എന്റെ ഫേവറിറ്റ്. പരീക്ഷണങ്ങൾ മിക്കതും ദുരന്തത്തിലാണ് കലാശിച്ചത്. എല്ലാം ഉണ്ടാക്കി ടേസ്റ്റ് നോക്കുമ്പോൾ നമുക്ക് മനസ്സിലാകും പണി പാളിയെന്ന്. പിന്നെ, ചട്ടിയോടെ എടുത്തു കളയും. ഇത് അകത്താക്കാൻ സ്ഥിരമായി ഒരു പട്ടി വരുമായിരുന്നു. പിന്നെ, ആ പട്ടി വീട്ടിൽ സ്ഥിരതാമസമാക്കി. നമ്മുടെ പാചക പരീക്ഷണം തുടരുകയാണല്ലോ. പട്ടിക്ക് ഞങ്ങൾ പേരുമിട്ടു. ജിക്കി.

ഞാൻ അടുക്കളയിൽ കയറുമ്പോഴേ പട്ടി ശ്രദ്ധാലുവാകും. പാചകം പൊളിഞ്ഞാൽ പട്ടിക്ക് കുശാലാണ്. നമ്മുടെ പരാജയത്തിൽ സന്തോഷിക്കുന്ന ചില പട്ടികൾ ഉണ്ടെന്ന് അങ്ങനെയാണ് മനസ്സിലായത്. മിക്കപ്പോഴും ഞാൻ ജിക്കിയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമായിരുന്നു.

കൃഷിയിലും ചില ഇടപെടലുണ്ടായല്ലോ?

ഏറ്റവും പുതിയത് മുറ്റത്തെ ലോൺ മാറ്റി പച്ചക്കറി വച്ചതാണ്. വെണ്ട, ചേന, വഴുതന, തക്കാളി, പടവലം, ചുരയ്ക്ക. പീച്ചിങ്ങ. .. പീച്ചിങ്ങയും ചെമ്മീനുമിട്ട കറി കഴിച്ചിട്ടുണ്ടോ? കഴിച്ചാൽ പ്പിന്നെ സകല കറിയും മറക്കും. നിങ്ങളതിന്റെ ഫാനാകും.

കൃഷിയിലും രാഷ്ട്രീയം വന്നല്ലോ?

ജൈവകൃഷിക്കായി കുറേ കഷ്ടപ്പെട്ടയാളാ. മുൻമന്ത്രി കെ.പി. മോഹനൻ. പിന്നെ, ഡിവൈഎഫ്ഐ പ്രസ്ഥാനവും. ഡിവൈ എഫ്ഐ ചെയ്താൽ അതിനപ്പുറത്ത് ചെയ്യുമെന്ന വാശി കോൺഗ്രസുകാർക്കു വേണം. പക്ഷേ, അതുണ്ടായില്ല. കൃഷിക്ക് വേണ്ടത് സബ്സിഡിയല്ല, മാർക്കറ്റിങ്ങാണ്. പത്തുകട ചീരയുണ്ടെങ്കിൽ പോലും അത് സംഭരിച്ച് വിൽക്കാൻ സൊസൈറ്റി പോലുളള സംവിധാനം വേണം. നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്. അതിരു കാക്കുന്ന ജവാനും കതിരു കാക്കുന്ന കർഷകനും. പക്ഷേ, രണ്ട് കൂട്ടരോടും നമുക്ക് പുച്ഛമാണ്. പട്ടാളക്കാർക്ക് അതിർത്തിയും യുദ്ധവുമല്ലേ ഉളളൂ. അവർക്ക് പറയാൻ വേറെ എന്തു വിശേഷമുണ്ട്? അക്കാര്യങ്ങൾ, ആസ്വാദ്യകരമാകാൻ കുറച്ച് ‘കളളവും’ ചേർത്ത് പറയുമ്പോൾ നമുക്ക് തമാശയാകും. പണ്ട് പാക്കിസ്ഥാനുമായി നമ്മൾ യുദ്ധം ചെയ്തപ്പോൾ ഒരു ബോംബ് കൊച്ചിയിലും വീണു. ആർക്കും അപകടം ഏൽക്കാത്ത വിധമാണ് വീണത്. അതിട്ടത് ഇന്ത്യ തന്നെയാ. കാരണം, അതിർത്തിയിൽ പട്ടാളക്കാർ പൊരുതുമ്പോൾ നമുക്കത് കാർണിവലായിരുന്നു. യുദ്ധമൊന്നും നമുക്കറിയില്ലല്ലോ. കാര്യങ്ങൾ കുറച്ച് നമുക്കും മനസ്സിലാക്കാൻ ഇട്ട ബോംബാണത്രേ. ഈ ബോംബ് കഥ തന്നെ ഒരു നുണബോംബ് ആണെന്നാണ് എനിക്ക് കിട്ടിയ അറിവ്.

യുദ്ധ സമാനമായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. യുഡിഎഫിനു വേണ്ടി താങ്കൾ പ്രചാരണം നടത്തുകയും അവർ തോൽക്കുകയും ചെയ്തു. വേണ്ടിയിരുന്നില്ല എന്നു തോന്നു ന്നുണ്ടോ?

ആശയങ്ങൾ തമ്മിലുളള യുദ്ധമായിരുന്നു അത്. ഞാൻ ജന്മം കൊണ്ട് കോൺഗ്രസുകാരനായ ആളാണ്. അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഞാനും കോൺഗ്രസുകാരനായി. ഒരു വ്യക്തിയേയും പേരെടുത്തു പറഞ്ഞ് ഞാൻ വിമർശിച്ചില്ല.

സലിംകുമാർ സലിം കുമാർ. ഫോട്ടോ: ശ്യാം ബാബു

യഥാർഥത്തിൽ എനിക്ക് കൂടുതൽ സൗഹൃദമുളളത് സിപിഎംകാരുമായിട്ടാണ്. നാട്ടിലും അങ്ങനെ തന്നെയാണ്. അവരുടെ പരിപാടിയിൽ പങ്കെടുക്കാറുമുണ്ട്. ഒരിക്കൽ മുൻമന്ത്രി ശർമ എന്നോട് ചോദിച്ചു, ‘നീ എങ്ങനെയാണ് കോൺഗ്രസുകാരനായത്’ എന്ന്. റ്റി.വി. രാജേഷ്. പി. ജയരാജൻ, എം.എ. ബേബി ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്.

പിണറായിയുടെ ഭരണം എങ്ങനെയിരിക്കും?

നന്നാകാനാണ് സാധ്യത. നല്ല ഭൂരിപക്ഷമുണ്ട്. പാർട്ടിക്കും മുന്നണിക്കും. പാർട്ടിയിൽ പിണറായിക്ക് എതിരില്ല. ഘടകകക്ഷികളും ഭീഷണിപ്പെടുത്താനില്ല. സാമുദായിക സംഘടനകളുടെ പിന്തുണ തേടാത്തതിനാൽ അവരോട് വാഗ്ദാനം പാലിക്കേണ്ട ബാധ്യതയില്ല. പിന്നെ കാത്തു കാത്തിരുന്നു പിണറായിക്കു കിട്ടിയതാണ്. ഭരണത്തുടർച്ചയുണ്ടായില്ലെങ്കിൽ തിരിച്ചു വരാൻ ആകാത്തവിധം പിന്തളളപ്പെടുമോ എന്ന ആശങ്കയും ഉണ്ടാകാം. അതിനാൽ നന്നായി ഭരിക്കാൻ സാധ്യതയുണ്ട്. പക്ഷേ, ഇപ്പോൾ‌ പിച്ച വയ്ക്കുകയല്ലേ. പിച്ച വയ്ക്കുന്ന കുഞ്ഞിനെക്കുറിച്ച് നമുക്ക് നല്ലതേ പറയാൻ തോന്നൂ. എന്തൊക്കെ കൊളളരുതായ്മകളാണ് ചെയ്യുന്നത് എന്നറിയാൻ യൗവനത്തിൽ എത്തണമല്ലോ. നമുക്ക് കാത്തിരിക്കാം.

വിലക്കയറ്റവും ഋതുക്കളും ആയിരിക്കും ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. വേനലാണെങ്കിൽ എല്ലാ കരിക്കുന്ന ചൂട്. മഴയാണെങ്കിൽ എല്ലാം മുക്കുന്ന വെളളപ്പൊക്കം. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ സർക്കാരിനെ പരീക്ഷിക്കാനിടയുണ്ട്. അവിടെ ജയമോ തോൽവിയോ എന്നാണ് അറിയേണ്ടത്. ‘ഋതുഭേദങ്ങളുടെ പാരിതോഷികം’ പ്രതീക്ഷിച്ചരിക്കുകയാണ് യുഡി എഫ്.

അവരു വോട്ട് മറിച്ചു, ഇവരു വോട്ടു മറിച്ചു എന്നൊക്കെ പറയുന്നതു ഞാൻ വിശ്വസിക്കുന്നില്ല. വോട്ടെന്താ ചാക്കിൽ നിറച്ചു വച്ചിരിക്കുകയാണോ വോട്ട് ചെയ്യൂ എന്ന് പറയുന്നവർ കൂടുകയാണ്. കുടുംബയോഗത്തിന് എത്തണമെങ്കിൽ ബിരിയാണി കൊടുക്കണം. ഇതിനൊക്കെ പണം വേണ്ടേ? അഴിമതി കുറയ്ക്കാൻ ഒരു സാധ്യതയുമില്ല.

തമിഴ്നാട് മാതൃകയായി തൊട്ടടുത്തുണ്ട് അല്ലേ?

അവിടെ അഴിമതി ഒരു കുറ്റമായി ജനങ്ങൾ കരുതുന്നില്ല. ഇവിടെ നേരെ തിരിച്ചും. സ്യൂട്ട് കേസുമായി മന്ത്രിയെ കാണുന്നു. തിരിച്ചിറങ്ങുമ്പോൾ സ്യൂട്ട് കേസ് കൈയിൽ ഇല്ല. അതാണ് തമിഴ്നാട്ടിലെ അവസ്ഥ ജനങ്ങൾക്ക് ഇതിൽ പരാതിയുമില്ല. ഇതിൽ ഒരു വിഹിതം ടി.വിയായും മിക്സിയായും ലാപ്ടോപ്പായും കിട്ടുമല്ലോ എന്ന പ്രതീക്ഷയിലാണ് അവർ.

അഴിമതി മാത്രമാണ് അവിടത്തെ നേതാക്കളുടെ കൈമുതൽ എന്നു നാം ചിന്തിക്കരുത്. ഷീലാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ജയലളിതയ്ക്കൊപ്പം ഷോപ്പിങ്ങിനു പോകുമ്പോൾ ഷീലാമ്മ ലിപ്സ്റ്റിക്കും ചാന്തും തിരഞ്ഞു നടക്കും. ജയലളിത ഏറ്റവും പുതിയ പുസ്തകങ്ങളാണ് തിരഞ്ഞു നടന്നിരുന്നതെന്ന്. ഇഷ്ട പുസ്തകത്തിനു വേണ്ടി പുസ്തകക്കടകൾ തോറും അവർ കയറി ഇറങ്ങുമായിരുന്നത്രെ. അതിലൊരു കാര്യമുണ്ട്. വലിയ കാര്യം.

മറ്റൊരു പഴയ സംഭവം പറയാം. കരുണാനിധി മധുരയിൽ ഇലക്ഷൻ പ്രചാരണത്തിന് ചെല്ലുകയാണ്. പറഞ്ഞ സമയമെല്ലാം തെറ്റി, സന്ധ്യയായി, രാത്രിയായി. കാത്തിരുന്ന ജനം മുഷിഞ്ഞു. അപ്പോഴാണ് അദ്ദേഹം എത്തുന്നത്. അവരോട് അദ്ദേഹം പറഞ്ഞത് ഇത്രമാത്രം.

‘നേരം പത്തരൈ
മാതം ചിത്തിരൈ
കൺകളിൽ നിത്തിരൈ’’

അപ്പോൾ തുടങ്ങിയ കൈയടി അദ്ദേഹം തിരിച്ച് ചെന്നൈയിൽ എത്തിയിട്ടും നിലച്ചില്ല എന്നാണ് പറയുന്നത്. ഈ നേതാക്കൾ അക്ഷരങ്ങളെ സ്നേഹിച്ചവരാണ്. പുസ്തകങ്ങളെ പ്രണയിച്ചവരാണ്.

ഈ ഇലക്ഷനിൽ കണ്ട ഏറ്റവും നല്ല കോമഡി?

കോമ‍ഡി എന്നാണോ ട്രാജഡി എന്നാണോ പറയേണ്ടത് എന്നറിയില്ല. ഒരു സ്ഥാനാർഥി മണ്ഡലം നിറയെ ഫ്ലക്സ് വച്ചിരിക്കുകയാണ്. അതിലെ അഭ്യർഥന ഇതാണ്. ‘പ്രകൃതിക്ക് ഒരോട്ട് (സ്ഥാനാർഥിയുടെ പേര്, ഓരോട്ട്).

നാലു വർഷം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്ന് രണ്ടു വർഷം മുൻപു വനിതയോടു പറഞ്ഞിരുന്നു.

ട്രോൾ ഫെയ്സ്ബുക്കിൽ ഈ ട്രോൾ ഉപയോഗിക്കുന്ന സന്ദർഭം രസകരമാണ്. ഒരാൾ കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടെത്തിയ ഒരാശയം, അവതരിപ്പിച്ച് വിശകലനം എഴുതി വയ്ക്കുന്നതിനു തൊട്ടു താഴെ വരും ഈ വരി. ‘പണ്‌‍ഡിതനാണെന്നു തോന്നുന്നു, അർഥം പറയുന്നുണ്ട്.’ ഇതു കാണുന്ന ആ പണ്ഡിതന്റെ മുഖം ഓർക്കുമ്പോഴാണ് അവിടെ ഹാസ്യം ഉണ്ടാകുന്നത്.

ശരിയാണ്. പയ്യെപ്പയ്യെ അഭിനയം കുറയ്ക്കുകയാണ്. ആ മാറ്റും ഇല്ലാതെ പറ്റില്ല. കാലചക്രം ഉരുണ്ടുരുണ്ടു വരുമ്പോൾ നെഞ്ചും വിരിച്ചു മുന്നിൽ കയറി നിന്നിട്ടു കാര്യമില്ല. നമ്മുടെ ദേഹത്തുകൂടി കയറി അതങ്ങു പോകും. ദേശീയ അവാർഡു വാങ്ങിച്ച ഒരു നടൻ വഴിയിൽ നിൽപ്പുണ്ട്, മാറിപ്പോകാം എന്നൊന്നും കാലചക്രം കരുതില്ലല്ലോ.

സോഷ്യൽമീഡിയയിലെ ട്രോളുകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഡയലോഗുകൾ സിനിമയിൽ സലിംകുമാർ പറഞ്ഞതാണല്ലോ?

ഞാനുമത് ശ്രദ്ധിച്ചിട്ടുണ്ട്. എന്നെ ജനശ്രദ്ധയിൽ സജീവമാക്കി നിർത്തിയത് ഈ ട്രോളുകളാണ്. എന്തുകൊണ്ടാണ് ഇത്രയും ‘ട്രോളു’ളളത് എന്നറിയാൻ ഞാൻ ചെറിയ ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്. ഇവ പോപ്പുലറാകാൻ കാരണം ഡയലോഗുകൾക്കൊപ്പം എന്റെ മുഖത്തുണ്ടാകുന്ന എക്സ്പ്രഷനാണെന്ന് തോന്നുന്നു. അതോർക്കുമ്പോൾ എനിക്ക് സന്തോഷമാണ്. ടെലിവിഷനിലെ കോമഡിഷോകളിലും എന്റെ ഡയലോഗ് നന്നായി അനുകരിക്കപ്പെടുന്നുണ്ട്.

ഹിറ്റായ മറ്റൊരു ട്രോൾ ഉണ്ടല്ലോ. ‘പണ്ഡിതനാണെന്നു തോന്നുന്നു, അർഥം പറയുന്നുണ്ട്–’

ഷാഫി അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു ആ സിനിമയുടെ സംവിധായകനെങ്കിൽ‌ വെട്ടിക്കളഞ്ഞേനേ ആ സീൻ. ഫെയ്സ്ബുക്കിൽ ഈ ട്രോൾ ഉപയോഗിക്കുന്ന സന്ദർഭം രസകരമാണ്. ഒരാൾ കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടെത്തിയ ഒരാശയം, അവതരിപ്പിച്ച് വിശകലനം എഴുതി വയ്ക്കുന്നതിനു തൊട്ടു താഴെ വരും ഈ വരി. ‘പണ്‌‍ഡിതനാണെന്നു തോന്നുന്നു, അർഥം പറയുന്നുണ്ട്.’ ഇതു കാണുന്ന ആ പണ്ഡിതന്റെ മുഖം ഓർക്കുമ്പോഴാണ് അവിടെ ഹാസ്യം ഉണ്ടാകുന്നത്.